Chiking
Latest News

‘അബൂബക്കറിന്റെ ഉമ്മ’ ഗിന്നസ് ബുക്കിലേക്ക്

author

Vinod V Nair
Indian Telegram Android App Indian Telegram IOS App

kanur

കണ്ണൂര്‍: ‘നിങ്ങളെ ചോരയാ മക്കളേ ഈ വയലിലെ പച്ചപ്പ്… നിങ്ങളെ ചോരയാ മക്കളേ നമ്മള്‍ ഉണ്ണുന്ന ഓരോ ഉരുള ചോറിലും…’. മലയാള നാടകത്തെ സ്‌നേഹിക്കുന്ന മനുഷ്യരുടെ കാതിലും മനസിലും ഈ വാക്കുകള്‍ കുടിയേറിയിട്ട് പതിമൂന്നുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, കയ്യൂര്‍ സമരത്തിന്റെ നിണമണിഞ്ഞ ഓര്‍മ്മകളെ എഴുപതിറ്റാണ്ടിനിപ്പുറവും സജീവമാക്കി നിര്‍ത്തുന്നതില്‍ തനിക്കാവുന്ന വിധത്തില്‍ പങ്കുവഹിച്ച രജിത മധു എന്ന സ്ത്രീ ഗിന്നസ് ബുക്കിലേക്ക്. ഏകാപാത്ര നാടകമായ ‘അബൂബക്കറിന്റെ ഉമ്മ പറയുന്നു’ ഇന്ന് നെരുവമ്പ്രം യു പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമ്പോള്‍ അതിലെ ഏക കഥാപാത്രമായ അബൂബക്കറിന്റെ ഉമ്മയായി ജീവിച്ചഭിനയിച്ച രജിത മധു, ഒരു സ്ത്രീ ഒറ്റയ്ക്ക് ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ച നാടകം എന്ന ബഹുമതിയ്ക്ക് ഉടമയാവും. 1681മത് വേദിയില്‍ അബുബക്കറിന്റെ ഉമ്മ എത്തുന്നത് വീക്ഷിക്കാന്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഏജന്‍സിയായ കൊല്‍ക്കത്ത യു.ആര്‍.എസ്. പ്രതിനിധി ഡോ. സുനില്‍ ജോസഫ് എത്തും.

1943 മാര്‍ച്ച് 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട കയ്യൂര്‍ രക്തസാക്ഷികളായ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കാല്‍ അബൂബക്കര്‍ എന്നിവരില്‍ രക്തസാക്ഷി അബൂബക്കറിന്റെ ഉമ്മ അറുപത് വര്‍ഷത്തെ കേരളത്തിലെ തീഷ്ണമായ രാഷ്ട്രീയ അനുഭവങ്ങളോട് പ്രതികരിക്കുന്ന വിധത്തിലാണ് അബൂബക്കറിന്റെ ഉമ്മ പറയുന്നു എന്ന ഏകപാത്ര നാടകം അണിയിച്ചൊരുക്കിയത്. പ്രമുഖ നാടക പ്രവര്‍ത്തകനും സംവിധായകനുമായ കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച ‘അബൂബക്കറിന്റെ ഉമ്മ പറയുന്നു’ 2002 ലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. മുപ്പതോളം കഥാപാത്രങ്ങളുമായി വേദിയിലെത്തിയ നാടകം 50 വേദികളില്‍ അവതരിപ്പിച്ച ശേഷം നിര്‍ത്തിവയ്ക്കുമ്പോള്‍ അതില്‍ അബൂബക്കറിന്റെ ഉമ്മയായി വേഷമിട്ട രജിത മധുവിന് മതിയായിരുന്നില്ല. കയ്യൂര്‍ രക്തസാക്ഷി അബൂബക്കറിന്റെ ഉമ്മയിലൂടെ ഇനിയും ഒരുപാട് ചോദ്യങ്ങള്‍ ആധുനിക സമൂഹത്തോടെ ചോദിക്കാന്‍ ബാക്കിയുണ്ടായിരുന്നു . അങ്ങിനെയാണ് രജിതയെ മാത്രം അഭിനയിപ്പിച്ച് നാടകം വീണ്ടും അവതരിപ്പിക്കാന്‍ കരിവെള്ളൂര്‍ മുരളി തീരുമാനിച്ചത്.

മാസങ്ങള്‍ നീണ്ട റിഹേഴ്‌സലിനു ശേഷം 2003 ഫെബ്രുവരി 24 ന് കണ്ണൂര്‍ അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ ‘ അബൂബക്കറിന്റെ ഉമ്മ പറയുന്നു’ എന്ന ഏകാപാത്ര നാടകം ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്ന്! ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി വേദികള്‍. പതിമൂന്നു വര്‍ഷങ്ങള്‍ കൊണ്ട് അനേക ലക്ഷം പ്രേക്ഷകരിലേക്ക് അബൂബക്കറിന്റെ ഉമ്മ തീവ്ര വികാരമായി, ചരിത്ര ബോധത്തിന്റെ വിദ്യുത് പ്രവാഹമായി, സൗന്ദര്യാനുഭൂതിയായി പകരാന്‍ സാധിച്ചതായി സംവിധായകന്‍ കരിവെള്ളൂര്‍ മുരളി സാക്ഷ്യപ്പെടുത്തുന്നു. രജിത മധു എന്ന കലാകാരിയുടെ ആത്മസമര്‍പ്പണവും ത്യാഗവുമാണ് ഇത്തരമൊരു നേട്ടം കൊയ്യാന്‍ അവസരമൊരുക്കിയത്. ഒപ്പം മധുവിന്റെ ഒരിക്കലും തളരാത്ത പിന്തുണയുമുണ്ട്. കണ്ണൂരിലെ നാടക കലാകാരന്മാര്‍ പലവിധത്തില്‍ ഇതില്‍ പങ്കാളികളായി .ഇന്ന് ആ അദ്ധ്വാനത്തിന്റെ ഫലം സാര്‍വദേശീയ അംഗീകാരമായി എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് കരിവെള്ളൂര്‍ മുരളി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇന്ന് വൈകിട്ട് 7 മണിക്ക് നെരുവമ്പ്രം യു പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ യു.ആര്‍.എസ്. പ്രതിനിധി ഡോ. സുനില്‍ ജോസഫില്‍ നിന്ന് ഗിന്നസ് റെക്കോര്‍ഡിനുള്ള യോഗ്യതാപത്രം രജിത മധു ഏറ്റുവാങ്ങും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കരാട്ട് അടക്കമുള്ള പ്രമുഖര്‍ ‘അബൂബക്കറിന്റെ ഉമ്മയ്ക്ക് കത്തിലൂടെയും നേരിട്ടും അഭിനന്ദനമറിയിച്ചു.

Top