Chiking
Latest News

ഉമ്മന്‍ചാണ്ടിയെ കണ്ട പിണറായി; നായനാരെ കണ്ട കരുണാകരന്‍

Web Desk
Indian Telegram Android App Indian Telegram IOS App

PINARAYI_VIJAYAN

കേരള രാഷ്ട്രീയം പിണറായി വിജയനിലൂടെ പുതിയൊരു പാതയിലേക്ക് മാറുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയനെ തീരുമാനിച്ച ശേഷം നടന്ന സംഭവങ്ങള്‍ ശ്രദ്ധിക്കുക. രാവിലെ പിണറായി വിജയന്‍ വി.എസ് അച്യുതാനന്ദനെ കണ്ടോണ്‍മെന്റ്‌ഹൗസിലെത്തി കാണുന്നു. വിഎസ് പിണറായിയോട് പറയുന്നു. നല്ല ഭരണം കാഴ്ച്ചവയ്ക്കണം. യുഡിഎഫ് സര്‍ക്കാറിനെതിരായ അഴിമതി കേസുകളില്‍ നടപടിയെടുക്കണം. സ്ത്രീ സുരക്ഷ ഉറപ്പാക്കണം. യുഡിഎഫ് ഭരണത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭരണം കാഴ്ച്ചവെയ്ക്കണം. അതിനുശേഷം വിഎസ് മാധ്യമങ്ങളോട് പറഞ്ഞു ജനങ്ങളുടെ കാവലാളായി താന്‍ ഇവിടെ ഉണ്ടായിരിക്കുമെന്ന്. സോളാര്‍കേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന്. ജിഷ വധക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടമെന്നും. പിണറായി വിജയന്‍ പറഞ്ഞു വിഎസിന്റെ ഉപദേശം തേടിയാണ് താന്‍ എത്തിയതെന്ന്. അതിനു ശേഷം ഉമ്മന്‍ചാണ്ടി ഇപ്പോള്‍ താമസിക്കുന്ന പുതുപ്പള്ളി ഹൗസിലേക്ക്. ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ട പിണറായി വിജയന്‍ പറഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനെത്തിയതാണെന്ന്. ആരില്‍ നിന്നും ഉപദേശം സ്വീകരിക്കുമെന്ന തുറന്ന നിലപാടും പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

ഇതെല്ലാം കഴിഞ്ഞ് പിണറായി എകെജി സെന്ററിലെത്തിയപ്പോഴേക്കും ദാ വരുന്നു ബൊക്കയുമായി ഒ.രാജഗോപാല്‍. കേരളത്തില്‍ താമര വിരിയിച്ചതിന്റെ സന്തോഷത്തിലാണ് വരവ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒ.രാജഗോപാലുമെല്ലാം എകെജി സെന്ററിലിരുന്ന് പൊട്ടിച്ചിരിച്ചു.

ഒരു കണക്കിന് ഇത് വളരെ നല്ലതാണ്. ജനാധിപത്യത്തിന്റെ വളരെ ഉയര്‍ന്ന രൂപമാണ് നാം കണ്ടത്. പുതുതായി മുഖ്യമന്ത്രിയാകാന്‍ പോകുന്ന പിണറായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദനെ കാണുന്നു ഉപദേശം സ്വീകരിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. അതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണുന്നു. ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും കോടിയേരിയും പൊട്ടിച്ചിരിക്കുന്നു. ഇന്ത്യ ഭരിക്കുന്ന മോദി സര്‍ക്കാറിന്റെ പ്രതിനിധി രാജഗോപാലെത്തുന്നു. കാഴ്ച്ചകള്‍ ആവര്‍ത്തിക്കുന്നു. ഇതാണ് ജനാധിപത്യം. അത് മനസിലാക്കിയതു കൊണ്ടാണ് പാര്‍ട്ടി നേതാക്കള്‍ ഒരു പ്രത്യേക വര്‍ഗ്ഗമായി മാറുന്നത്. ജയിച്ചു കഴിയുമ്പോള്‍ എംഎല്‍എമാരുടെ കക്ഷിരാഷ്ട്രീയത്തിനധീതമായ പുതിയ എംഎല്‍എ പാര്‍ട്ടി രൂപം കൊള്ളുന്നത്.
ജനങ്ങള്‍ പൊട്ടന്മാര്‍. അവര്‍ ജനാധിപത്യത്തിലേക്ക് ഇപ്പോഴും ഉയര്‍ന്നിട്ടില്ല. അതുകൊണ്ടാണല്ലോ പിണറായി വിജയന്റെ വിജയാഹ്ളാദ പ്രകടനത്തിന് നേരെ പിണറായിയില്‍ ബോംബേറ് ഉണ്ടായത്. ബോംബ് കൊണ്ട് നിലത്തുവീണ സിപിഐഎംകാരനെ ആര്‍എസ്എസുകാര്‍ വാഹനം കയറ്റി കൊന്നത്. തൃശൂരില്‍ സിപിഐഎമ്മുകാര്‍ തലയ്ക്കടിച്ച് ബിജെപിക്കാരനെ കൊന്നത്.

Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. *** Local Caption *** Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. Express photo by RAVI KANOJIA. New Delhi sept 22nd-2011
ഉമ്മന്‍ചാണ്ടിയില്‍ നിന്നും എന്ത് ഉപദേശമായിരിക്കും പിണറായിക്ക് കിട്ടിയിട്ടുണ്ടാവുക. മുഖ്യമന്ത്രിയുടെ ഓഫീസ് ഏങ്ങനെ പ്രവര്‍ത്തിക്കണം എന്ന ഉപദേശമായിരിക്കുമോ. ബാര്‍ കോഴ ഏങ്ങനെ വാങ്ങാം എന്നതിനെക്കുറിച്ചായിരിക്കുമോ അതോ അവസാനത്തെ മന്ത്രിസഭായോഗമാകുമ്പോള്‍ സര്‍ക്കാര്‍ ഭൂമി ഏങ്ങനെ രഹസ്യമായി വില്‍ക്കാമെന്നതിനെ കുറിച്ചോ. നമ്മളാരും ഉപദേശം കേട്ടിട്ടില്ല. പക്ഷേ സിപിഐഎം ഇതുവരെ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ വിമര്‍ശനം വച്ച് നോക്കുമ്പോള്‍ ഈ കാര്യങ്ങളൊക്കെയായിരിക്കും ഉപദേശിച്ചിട്ടുണ്ടാവുക എന്ന് ഊഹിക്കാം.
വിഎസ് പിണറായിക്ക് നല്‍കിയതും മാധ്യമങ്ങളോട് പറഞ്ഞതും ഇതിന് ഘടകവിരുദ്ധമായ കാര്യങ്ങളായിരുന്നു എന്നു കൂടി ഓര്‍ക്കുക. ബാര്‍കോഴ, സോളാര്‍കോഴ, യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതികള്‍ ഇതൊല്ലാം അന്വേഷിച്ച് നടപടിയെടുക്കണമെന്നാണല്ലോ വിഎസ് പറഞ്ഞത്. വിഎസിന്റെ ഉപദേശം കേട്ട പിണറായിയോട് ബാര്‍കോഴ, സോളാര്‍കോഴ എന്നിവയെല്ലാം അന്വേഷിക്കണം. എന്നെ ഉടനെ അറസ്റ്റ് ചെയ്യണം എന്ന ഉപദേശം ഉമ്മന്‍ചണ്ടി നല്‍കില്ലല്ലോ…

എംഎല്‍എമാരുടെ സ്വത്ത് വിവരക്കണക്ക് പുറത്തുവന്നു കഴിഞ്ഞു.140 എംഎല്‍എമാരില്‍ 60 പേര്‍ കോടീശ്വരന്മാരാണ്. ഇതില്‍ 34 പേര്‍ യുഡിഎഫുകാരാണ്. കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനക്കാരനായ തോമസ് ചാണ്ടിയും രണ്ടാം സ്ഥാനക്കാരനായ വി.കെ.സി.മമ്മദ് കോയയും എല്‍ഡിഎഫില്‍ നിന്നാണെന്നത് വി.എസ്. അച്യുതാനന്ദന് അഭിമാനിക്കാം. കാരണം ക്യൂബയില്‍ സമ്പന്ന വര്‍ഗ്ഗത്തിനെതിരെ വിപ്ലവം നടത്തിയ ഫിഡല്‍ കാസ്‌ട്രോയുടെ പദവിയിലാണല്ലോ ഇപ്പോള്‍ വിഎസ്. എല്ലാം അറിഞ്ഞാണ് യെച്ചൂരി വിഎസിനെ കേരളത്തിലെ ഫിഡല്‍ കാസ്‌ട്രോയെന്ന് വിശേഷിപ്പിച്ചത്. കാരണം ഫിഡല്‍ കാസ്‌ട്രോ വിപ്ലവത്തിന് ശേഷം വെറും ഭരണാധികാരിയായിരുന്നു. ഒരു രീതിയിലും ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്തകാലം വരെ ആര്‍ക്കും അധികാരം ഒഴിഞ്ഞുകൊടുക്കാന്‍ ഫിഡല്‍ കാസ്‌ട്രോ തയ്യാറായിരുന്നില്ല. എന്നാല്‍ ചെഗുവേരയെന്ന് വിഎസിനെ വിശേഷിപ്പിക്കാത്തത് നന്നായി. ക്യൂബന്‍ വിപ്ലവത്തിന് ശേഷം ധനമന്ത്രിയായിരുന്നു ചെഗുവേര. കാസ്‌ട്രോയില്‍ നിന്ന് വ്യത്യസ്തമായി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ചെഗുവേര തയ്യാറായില്ല. തുടര്‍ വിപ്ലവത്തിനായി ധനമന്ത്രി സ്ഥാനം രാജിവച്ച് ചെഗുവേര ബോളീവിയന്‍ കാടുകളിലേക്ക് നടന്നു. അവിടെ വേടിയേറ്റു വീണു. കേരളത്തിലെ പാര്‍ലമെന്ററി രാഷട്രീയത്തില്‍ സ്ഥാനമാനങ്ങളുടെ വീതംവെപ്പിന് വേണ്ടി സിപിഐഎം  ചെഗുവേരയുടേയും ഫിഡല്‍ കാസ്‌ട്രോയുടെയും പേരുകളെടുത്ത് നേതാക്കള്‍ക്ക് ചാര്‍ത്തി കൊടുക്കാമ്പോള്‍ അത് ക്യൂബന്‍ ജനത അറിയാതിരുന്നാല്‍ മതി.

പിണറായി ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് കൈയരിവാള്‍ ചിഹ്നത്തിലായിരുന്നുവല്ലോ ഇത്തവണത്തെ മത്സരം. എന്നിട്ടും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിക്ക് കെട്ടിവച്ച കാശ് കിട്ടിയില്ല. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി സൂതാറാം യെച്ചൂരിക്ക് വേദി പങ്കിടാമെങ്കില്‍ അവരെ വച്ച് നോക്കുമ്പോള്‍ ജൂനിയര്‍ അഴിമതിക്കാരനായ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് പിണറായി വിജയന്‍ ഉപദേശം തേടുന്നതില്‍ ഒരു തെറ്റുമില്ല. മാത്രമല്ല ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത്ത് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഏറ്റവും വിശ്വസ്തനായ ഉപദേശകനാണെന്നോര്‍ക്കുക. മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ സിപിഐഎം സമരം നടത്തുന്ന സമയത്താണ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രധാനന്ത്രി മന്‍മോഹന്‍ സിംഗിനെ ഉപദേശിച്ചുകൊണ്ടിരുന്നത്. അത് വച്ച് നോക്കുമ്പോഴും പിണറായി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഉപദേശം തേടിയതില്‍ ഒരു തെറ്റുമില്ല. 5 വര്‍ഷം മാറിമാറി ഭരിച്ചാലും ഭരണ നടപടികള്‍ തുടരണമല്ലോ എന്ന് ഇതിനെല്ലാം ന്യായം പറയാം.

പിന്നെ ഉമ്മന്‍ചാണ്ടി കള്ളനെന്നും യുഡിഎഫ് സര്‍ക്കാറിനെ അഴിമതി സര്‍ക്കാറെന്നും വിളിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ എല്‍ഡിഎഫുകാര്‍ക്ക് ഇതൊന്നും രസിക്കുന്നുണ്ടാകില്ല. അവര്‍ക്കു വേണ്ടി കരുണാകരനും ഇ.കെ.നായനാരും തമ്മില്‍ മലയാള മനോരമ വാര്‍ഷികപതിപ്പിന് വേണ്ടി നടത്തിയ ഒരു സംഭാഷണം പറഞ്ഞുതരാം.

നായനാര്‍ : ‘ എനക്ക് ഇനിയെന്താവാനാടോ… പാര്‍ട്ടി സെക്രട്ടറിയായി. ദേശാഭിമാനി ചീഫ് എഡിറ്ററായി. പ്രതിപക്ഷ നേതാവായി. പലപ്രാവശ്യം മുഖ്യമന്ത്രിയായി. താന്‍ കാറപകടത്തിപ്പെട്ട് അസുഖബാധിതനായപ്പോള്‍ നീന്താന്‍ വേണ്ടി ഒരു കുളം കുഴിച്ചില്ലോ… തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ എല്ലായിടത്തും പ്രസംഗിച്ചില്ലേ.. ഓന്‍ നീന്താന്‍ സര്‍ക്കാര്‍ ചെലവില്‍ കുഴിച്ച കുളത്തില്‍ ഞാന്‍ എന്റെ പട്ടിയെ കുളിപ്പിക്കുമെന്ന്. അതൊക്കെ ഞാന്‍ വെറുതേ പറഞ്ഞതായിരുന്നു. താന്‍ അവിടെ വന്ന് നീന്തിക്കോ… എനക്ക് എന്താ പ്രശ്‌നം ?’

അതിന് കരുണാകരന്റെ മറുപടി കണ്ണിറുക്കിയുള്ള പതിവ് ചിരിയായിരുന്നു. പ്രീയപ്പെട്ട ജനങ്ങളെ നിങ്ങള്‍ക്കും ആ ചിരിചിരിക്കാം. വേണമെങ്കില്‍.

Top