Chiking
Latest News

പിണറായി കാനം തര്‍ക്കം; ഇടത് മുന്നണിയുടെ വികസനനയവും പരിസ്ഥിതിനയവും തുറന്ന ചര്‍ച്ചയ്ക്ക്

Web Desk
Indian Telegram Android App Indian Telegram IOS App

PINARAYI_VIJAYAN

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒരു ഭാഗത്തും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി വി.എസ്. സുനില്‍ കുമാറും മറുഭാഗത്തുമായി വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിച്ചതോടെ പിണറായി സര്‍ക്കാറിന്റെ വികസനവും പരിസ്ഥിതി സംരക്ഷണനയവും തുടക്കത്തിലെ തന്നെ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഇതോടൊപ്പം മുല്ലപെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നത് സംമ്പന്ധിച്ചും ഡാം സുരക്ഷിതമാണോ എന്നത് സംമ്പന്ധിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടും തുറന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. അതിരപ്പിള്ളി പദ്ധതി നടപ്പക്കുമെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിമാര്‍ പരസ്യപ്രസ്താവന നടത്തുന്നത് ശരിയല്ലെന്ന് കാനം കടകംപള്ളിക്ക് മറുപടി പറഞ്ഞു. കാബിനറ്റ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാറും അഭിപ്രായപ്പെട്ടു. ഇതിന് മറുപടി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് പറഞ്ഞ പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് അവരവരുടെ വകുപ്പുകളില്‍ അഭിപ്രായ പ്രകടനം നടത്താമെന്നും വ്യക്തമാക്കി. എല്‍ഡിഎഫില്‍ പറയേണ്ടത് എല്‍ഡിഎഫില്‍ പറയും മന്ത്രിസഭയില്‍ പറയേണ്ടത് മന്ത്രിസഭയില്‍ പറയുമെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഇതില്‍ നിന്ന് ഊര്‍ജ്ജമുള്‍കൊണ്ട് കടകംപള്ളി സുരേന്ദ്രന്‍ കാനം രാജേന്ദ്രനെതിരെ വീണ്ടും പ്രസ്താവന നടത്തി. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് ഇടതു സര്‍ക്കാറിന്റെ നയമെന്ന് കടകംപള്ളി വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് അഞ്ച് ദിവസം പിന്നിടും മുമ്പാണ് വികസനം, പരിസ്ഥിതി, സുരക്ഷ എന്നീ കാര്യങ്ങളില്‍ മുന്നണിക്കുള്ളില്‍ നിന്നുതന്നെ പരസ്യമായി വിരുദ്ധാഭിപ്രായങ്ങള്‍ പുറത്തുവന്നത്.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ നേരത്തെ തന്നെ നടന്നിരുന്നു. പരിസ്ഥിതി സംരക്ഷണം, ചാലക്കുടി പുഴയുമായി ബന്ധപ്പെട്ട കുടിവെള്ള പ്രശ്‌നം, ആദിവാസികളുടെ സുരക്ഷ എന്നീ കാര്യങ്ങളായിരുന്നു പ്രധാനമായും തര്‍ക്കവിഷയമായത്. അതിരപ്പിള്ളി പദ്ധതിക്കെതിരെ ഉയര്‍ന്നുവന്ന അഴിമതിയാരോപണങ്ങളും കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനിന്ന കേസുകളും ഇതിന് പുറമേയായിരുന്നു. സൈലന്റ്‌വാലി ജലവൈദ്യുത പദ്ധതിക്കെതിരെ നടന്ന പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭത്തിന് പിന്നാലെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി വേണ്ടെന്ന് വച്ചു. പിന്നീട് ഇന്ദിരാഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച അച്യുതമേനോന്‍ സര്‍ക്കാരും പദ്ധതി ഉപേക്ഷിച്ചു. ഇത് കേരളത്തിന്റെ പരിസ്ഥിതി നയത്തില്‍ വലിയൊരു ചുവടുവെപ്പായിരുന്നു. അന്ന് മുതല്‍ സിപിഐ പരിസ്ഥിതി സംരക്ഷണ നിലപാടാണ് പൊതുവേ വികസനകാര്യങ്ങളില്‍ എടുത്തിരുന്നത്. 2000 മുതല്‍ പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായ നിലപാടിലേക്ക് സിപിഐഎമ്മും പതിയെ ചുവടുവച്ചു. വികസനത്തിന്റെ പേരില്‍ പരിസ്ഥിതി നശിപ്പിക്കുന്നതിനെതിരേ വി.എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകള്‍ ഇതിന് ആക്കംകൂട്ടി. ഈയാരു പശ്ചാത്തലത്തിലാണ് അതിരപ്പിള്ളി, മുല്ലപെരിയാര്‍ വീണ്ടും ചര്‍ച്ചയാകുന്നത്.KANAM 1

വ്യവസായം തുടങ്ങാന്‍ ഏത് ബഹുരാഷ്ട്രാ കുത്തക വന്നാലും സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാട് മുഖ്യമന്ത്രിയും സ്വീകരിച്ചു. ഇടത് മുന്നണിയിലും ക്യാബിനറ്റിലും ചര്‍ച്ച ചെയ്യാതെ നയപരമായ കാര്യങ്ങള്‍ മന്ത്രിമാര്‍ക്ക് പ്രഖ്യാപിക്കാമോ എന്ന ചോദ്യമാണ് ഈ തര്‍ക്കത്തിലൂടെ ഉയരുന്നത്. ഒപ്പം വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ കാര്യത്തില്‍ ഇടതുമുന്നണിക്ക് ഒരു നയമുണ്ടോ എന്ന ചോദ്യവും ഉയരുന്നു. അതിരപ്പിള്ളി പദ്ധതി ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് കാനം രാജേന്ദ്രന്‍ പറയുമ്പോള്‍ ഇടതുമുന്നണി നേരത്തെ ഇത് ചര്‍ച്ച ചെയ്തതാണെന്ന് പിണറായി മറുപടി നല്‍കുന്നു. മുല്ലപെരിയാറില്‍ ഒരു പുതിയ ഡാം നിര്‍മ്മിക്കണമെങ്കില്‍ തമിഴ്‌നാടുമായും ഉപഭകക്ഷി ചര്‍ച്ച നടത്തണമെന്നും പിണറായി പറയുന്നു. മുല്ലപെരിയാര്‍ ഡാം സുരക്ഷിതമാണെന്നാണ് വിദഗ്ദസമിതി റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി പറയുന്നു. മുല്ലപെരിയാറിന്റെ കാര്യത്തില്‍ ദീര്‍ഘനാളായി വി.എസ് സ്വീകരിച്ചിരുന്ന നിലപാട് ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. മുല്ലപെരിയാര്‍ ഡാം സുരക്ഷിതമല്ല എന്നാരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അരങ്ങേറിയ സമരവും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. വികസനം, പരിസ്ഥിതി സംരക്ഷണം ജനസുരക്ഷ എന്നിവ സംമ്പന്ധിച്ച ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും അഭിപ്രായ രൂപീകരണത്തിനും വഴിയൊരുക്കുന്നതാണ് പിണറായിയും കാനം രാജേന്ദ്രനും ഉയര്‍ത്തുന്ന വ്യത്യസ്ത നിലപാടുകള്‍.

Top