Chiking
Latest News

സ്ഥാനമൊഴിഞ്ഞ മന്ത്രിമാരുടെ ഓഫീസുകളിലും വീടുകളിലും നിന്ന് വിലയേറിയ സാധനങ്ങള്‍ കാണാനില്ല

author

പല മന്ത്രിമന്ദിരങ്ങളുടെയും ഉള്‍വശം തകര്‍ന്നുതരിപ്പണമായ അവസ്ഥയിലാണ്. അടുക്കളകള്‍ അഴുക്കുപിടിച്ച് വൃത്തികേടായിക്കിടക്കുന്നു. ടൈല്‍സുകളും സ്ലാബുകളും തകര്‍ന്നിട്ടുണ്ട്. ചില വീടുകളില്‍ ക്ലോസറ്റുവരെ തകര്‍ന്ന അവസ്ഥയിലാണ് ഒരു മുന്‍മന്ത്രിയുടെ വീട്ടിലെ സോഫകളെല്ലാം കുത്തിക്കീറിയ അവസ്ഥയിലാണ്. ഇതെല്ലാം നന്നാക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടിവരും. അത്യാവശ്യം അറ്റകുറ്റപ്പണികളല്ല കാര്യമായ അറ്റുകുറ്റപ്പണികള്‍ പലമന്ത്രി മന്ദിരങ്ങളിലും വേണ്ടിവരുമെന്നാണ് സൂചന.

M.S.Sanil Kumar
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട. സംഗതി സത്യമാണ്. മുന്‍മന്ത്രിമാര്‍ ഓഫീസുകളും വസതികളും ഒഴിഞ്ഞപ്പോള്‍ സാധനങ്ങളുടെ കണക്കെടുപ്പ് നടത്തിയ പൊതുഭരണവകുപ്പിലെ ഹൗസ് കീപ്പിംഗ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഒട്ടേറെ വിലയേറിയ സാധനങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മുന്‍മന്ത്രിയുടെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന അമ്പതോളം വിലയേറിയ ചിത്രങ്ങള്‍ കാണാതായതായി റിപ്പോര്‍ട്ടിലുണ്ട്. ഒരെണ്ണത്തിന് 25,000 രൂപയ്ക്കുമേല്‍ വിലമതിക്കുന്നവയാണ് ഈ ചിത്രങ്ങള്‍. ചിത്രങ്ങള്‍ എവിടെപ്പോയി എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഹൗസ് കീപ്പിംഗ് വിഭാഗം ഇതിനെപ്പറ്റി പരിശോധന തുടരുകയാണ്. ആറ് എയര്‍കണ്ടീഷണറുകള്‍ കാണാതായതായും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇവ സര്‍ക്കാര്‍ വാങ്ങിച്ചുനല്‍കിയതാണോ എന്ന കാര്യത്തില്‍ പരിശോധന നടക്കുകയാണ്. ചില മന്ത്രിമാര്‍ സ്വന്തം നിലയ്ക്കും വാടകയ്ക്കും എ.സി. വാങ്ങിയിരുന്നു. ഇതാണോ കൊണ്ടുപോയത് എന്ന് അറിയാനുള്ള പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍. ആരോപണവിധേയരായ ചിലമന്ത്രിമാര്‍ രഹസ്യ സ്വഭാവങ്ങളുള്ള വിവരങ്ങളടങ്ങിയ ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും സര്‍ക്കാരിന് തിരികെ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ വാങ്ങിച്ചുനല്‍കിയവയാണ് ഇവ. ഇവയുടെ തുക സര്‍ക്കാരിലേക്ക് അടച്ച് ലാപ് ടോപ്പും മൊബൈല്‍ ഫോണും ഇവര്‍ സ്വന്തമാക്കിയതായാണ് വിവരം. ഒരു കടലാസുപോലും ബാക്കി വെയ്ക്കാതെയാണ് എല്ലാ മന്ത്രിമാരും ഓഫീസ് വിട്ടൊഴിഞ്ഞിരിക്കുന്നത്. ഒരുരേഖകളും ഓഫീസുകളിലും വീടുകളിലും സൂക്ഷിച്ചിട്ടില്ല.

മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടേണ്ടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദ്ദേശം എന്നാല്‍ ഇത് അസാധ്യമാണെന്നാണ് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്. പല മന്ത്രിമന്ദിരങ്ങളുടെയും ഉള്‍വശം തകര്‍ന്നുതരിപ്പണമായ അവസ്ഥയിലാണ്. അടുക്കളകള്‍ അഴുക്കുപിടിച്ച് വൃത്തികേടായിക്കിടക്കുന്നു. ടൈല്‍സുകളും സ്ലാബുകളും തകര്‍ന്നിട്ടുണ്ട്. ചില വീടുകളില്‍ ക്ലോസറ്റുവരെ തകര്‍ന്ന അവസ്ഥയിലാണ് ഒരു മുന്‍മന്ത്രിയുടെ വീട്ടിലെ സോഫകളെല്ലാം കുത്തിക്കീറിയ അവസ്ഥയിലാണ്. ഇതെല്ലാം നന്നാക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടിവരും. അത്യാവശ്യം അറ്റകുറ്റപ്പണികളല്ല കാര്യമായ അറ്റുകുറ്റപ്പണികള്‍ പലമന്ത്രി മന്ദിരങ്ങളിലും വേണ്ടിവരുമെന്നാണ് സൂചന.

കാണാതായ സാധനങ്ങള്‍ പേഴ്‌സണല്‍ സ്റ്റാഫിലെ ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തിലാണ് ഹൗസ് കീപ്പിംഗ് വിഭാഗം. വിവിധ മന്ത്രിമന്ദിരങ്ങളില്‍ ഇവരുടെ പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കി പൊതുഭരണ വകുപ്പിന് കൈമാറും. അതിനുശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ.

Top