Chiking
Latest News

കോണ്‍ഗ്രസ് സഖ്യവും ഓട്ടോറിക്ഷയില്‍ കയറിപ്പോയ ജഗ്മതിയും കാറില്‍ മിണ്ടാതെ പോയ വിഎസും

P.K. Prakash
Android App

jag

ജഗ്മതി സ്വാംഗ്വാന്റെ രാജി സിപിഐഎം എത്തിനില്‍ക്കുന്ന രാഷ്ട്രീയ-സംഘടന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസുമായി സിപിഐഎം സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് ജഗ്മതി രാജിവെച്ചത്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഐഎം ഉണ്ടാക്കിയ സഖ്യം പാര്‍ട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും ബംഗാള്‍ ഘടകത്തെ പരസ്യമായി ശാസിക്കണമെന്നും തെറ്റായ സഖ്യം അവസാനിക്കണമെന്നുമാണ് ജഗ്മതി സാംഗ്വാന്‍ കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടത്. ബംഗാളില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും പശ്ചിമബംഗാളില്‍ പാര്‍ട്ടി വലിയ ആക്രമണം നേരിടുകയാണ്. ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് സഖ്യം വേണം. പാര്‍ട്ടി പരസ്യമായി ശാസിച്ചാല്‍ പ്രതികരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകും- ഇതായിരുന്നു ബംഗാളില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ നിലപാട്. ഈ ഭീഷണിക്ക് മുന്നില്‍ കേന്ദ്രകമ്മിറ്റി വഴങ്ങി. ഇതില്‍ പ്രതിഷേധിച്ചാണ് സാംഗ്വാന്‍ രാജിവെച്ചത്. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് പുറത്തുവന്ന ജഗ്മതി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയാണ്. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് പാര്‍ട്ടി ലൈന്‍. ഈ പാര്‍ട്ടി ലൈന്‍ തള്ളിക്കളയുകയാണ് ബംഗാള്‍ ഘടകം ചെയ്തത്. അത് വലിയ വ്യതിചലനമാണ്. പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിച്ചവര്‍ക്കെതിരെ നടപടി വേണം. അതിന് പാര്‍ട്ടി തയ്യാറല്ലാത്തത് കൊണ്ടാണ് കേന്ദ്രകമ്മിറ്റി അംഗത്വം രാജിവെച്ചത്- ഇതാണ് ജഗ്മതി വിശദീകരിച്ചത്. ഇതിന് പിന്നാലെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ജഗ്മതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

മാധ്യമങ്ങളോട് സംസാരിച്ച ശേഷം ജഗ്മതി ഒരു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിട്ടു. തൊട്ടുപിന്നാലെ വിഎസ് അച്യുതാനന്ദന്‍ എത്തി. ഒന്നും പ്രതികരിക്കാതെ അദ്ദേഹം കാറില്‍ കയറി പോയി. തൊട്ടുപിന്നാലെ കേന്ദ്രകമ്മിറ്റി അംഗങ്ങളും പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഇറങ്ങിവന്നു. സര്‍ക്കാര്‍ കാറുകളിലും സ്വകാര്യ കാറുകളിലുമായി അവരും സ്ഥലംവിട്ടു. ഇനി നമുക്ക് 52 വര്‍ഷം പിന്നിലേക്ക് പോകാം. 1964ല്‍ സിപിഐയുടെ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് 32 പേര്‍ ഇറങ്ങിപ്പോന്നു. സുന്ദരയ്യ മുതല്‍ വിഎസ് അച്യുതാനന്ദന്‍ വരെ. അന്നും തര്‍ക്കവിഷയം കോണ്‍ഗ്രസ് ബന്ധമായിരുന്നു. ഹിന്ദു വര്‍ഗീയത ശക്തിപ്പെടുകയാണ്. അത് രാജ്യത്തെ പ്രതിസന്ധിയിലെത്തിക്കും. ഈ അപകടം മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. ജനാധിപത്യം സംരക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി പ്രവര്‍ത്തിക്കുന്നതാണ് നല്ലത്- ഇതായിരുന്നു എസ്എ ഡാങ്കെ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വെച്ച അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലൈന്‍. ഇതിനെ എതിര്‍ത്താണ് സുന്ദരയ്യ മുതല്‍ വിഎസ് അച്യുതാനന്ദന്‍ വരെയുള്ള 32 നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അന്ന് ഇറങ്ങിപ്പോന്നത്. കോണ്‍ഗ്രസാണ് രാജ്യത്തിന്റെ മുഖ്യശത്രു. കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണം അവസാനിപ്പിക്കണം. പാര്‍ലമെന്ററി രാഷ്ട്രീയത്തിന് ഒപ്പം പാര്‍ലമെന്റേതര രാഷ്ട്രീയവും ശക്തിപ്പെടുത്തണം. കോണ്‍ഗ്രസ് വര്‍ഗീയതയുമായി സന്ധി ചെയ്യുന്ന പാര്‍ട്ടിയാണ്. വര്‍ഗീയതയോടും ബൂര്‍ഷ്വാ മുതലാളിത്ത വ്യവസ്ഥയോടും കോണ്‍ഗ്രസ് സന്ധി ചെയ്യുന്നതാണ് വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നത്. അതുകൊണ്ട് കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ട. ഭരണവും സമരവും ഒരുപോലെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമാണ് വേണ്ടത്- ഇതാണ് ഇറങ്ങിപ്പോന്നവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയ ലൈന്‍. അങ്ങനെയാണ് സിപിഐ പിളര്‍ന്ന് സിപിഐഎം രൂപംകൊണ്ടത്. അങ്ങനെ രൂപീകരിച്ച സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് 52 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് പറഞ്ഞ് ഒരു കേന്ദ്രകമ്മിറ്റി അംഗം രാജിവെച്ച് പുറത്തുപോകുന്നതിന് ഇടയാക്കിയ രാഷ്ട്രീയ സംഘടനാ വ്യതിചലനങ്ങളെ സിപിഐഎം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

1980കള്‍ക്ക് ശേഷം സിപിഐഎം സ്വീകരിച്ച നയങ്ങള്‍ ഒന്ന് ഓര്‍ത്തുനോക്കുക. കോണ്‍ഗ്രസിന്റെ ഏകകക്ഷി മേധാവിത്വം തകര്‍ക്കുക എന്നത് മുഖ്യലക്ഷ്യമായി പാര്‍ട്ടി പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി 1989ല്‍ വിപി സിംഗ് സര്‍ക്കാരിനെ സിപിഐഎമ്മും ബിജെപിയും ഒന്നിച്ച് പിന്തുണച്ചു. ആ സഖ്യത്തിന്റെ ഫലമാണ് വെറും 2 സീറ്റില്‍ നിന്ന് 89 സീറ്റിലേക്ക് ബിജെപി അന്ന് വളര്‍ന്നത്. അതിന് ശേഷം ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടു. അപ്പോള്‍ ബിജെപിയെ മുഖ്യ ശത്രുവായി കാണുന്ന സമീപനം സ്വീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനെ പിന്തുണച്ചു. ആണവകരാറിന്റെ പേരില്‍ ആ സര്‍ക്കാരിലുള്ള പിന്തുണ പിന്‍വലിച്ചു. അതിന്റെ തുടര്‍ച്ചയായി ബംഗാളില്‍ സിപിഐഎമ്മിന് ഭരണം നഷ്്ടമായി. എന്നിട്ടും കോണ്‍ഗ്രസിനെയും ബിജെപിയേയും ഒരു പോലെ എതിര്‍ക്കുക എന്ന പാര്‍ട്ടി ലൈന്‍ രൂപീകരിച്ചു. ഇതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് പുറത്ത് പ്രഖ്യാപിച്ചു. ഈ നിലപാട് നിലനില്‍ക്കെ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. ഇതിനെ പ്രകാശ് കാരാട്ടും കേരള ഘടകവും എതിര്‍ത്തു. വിഎസ് അച്യുതാനന്ദന്‍ പിന്തുണച്ചു. മമത ഭരണം ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റ് ഭരണത്തിന് തുല്യമായ അപകടമായി വിഎസ് വിശദീകരിച്ചു. പ്രകാശ് കാരാട്ടിനെ കേരള ഘടകം പിന്തുണച്ചപ്പോള്‍ സീതാറാം യെച്ചൂരിയെ ബംഗാള്‍ ഘടകം പിന്തുണച്ചു. വിഎസും ബംഗാള്‍ ഘടകത്തിന്റെ നിലപാടിന് ഒപ്പം നിന്നു.

അടിയന്തരാവസ്ഥയില്‍ സിദ്ധാര്‍ത്ഥ ശങ്കര്‍ റെയുടെ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ സിപിഐഎമ്മുകാര്‍ കൊല ചെയ്യപ്പെട്ട നാടാണ് പശ്ചിമബംഗാള്‍. എന്നിട്ടും മമത ഫാസിസത്തെയും ബിജെപിയെയും നേരിടാന്‍ കോണ്‍ഗ്രസ് സഖ്യമാണ് നല്ലതെന്ന് പശ്ചിമബംഗാള്‍ ഘടകം തീരുമാനിച്ചു. പശ്ചിമബംഗാളിലെ ദീര്‍ഘമായ സിപിഐഎം ഭരണത്തില്‍ സംഭവിച്ച തെറ്റുകള്‍ വിലയിരുത്താനോ വീഴ്ചകള്‍ തിരുത്താനോ പാര്‍ട്ടി തയ്യാറായില്ല. പകരം എല്ലാം മമതയുടെയും ബിജെപിയുടെയും തലയില്‍ കെട്ടിവെച്ച് കോണ്‍ഗ്രസുമായി ചേര്‍ന്ന് വിജയിക്കാന്‍ കഴിയുമോ എന്നാണ് ബംഗാള്‍ ഘടകം നോക്കിയത്. പക്ഷെ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഐഎമ്മിന് വന്‍തകര്‍ച്ചയാണ് ഉണ്ടായത്. 293 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് -സിപഐഎം സഖ്യത്തിന് 71 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സിപിഐഎമ്മിന് 26ഉം സിപിഐക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. 44 സീറ്റുകള്‍ നേടി ഈ സഖ്യത്തിലൂടെ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. തെറ്റായ സാമ്പത്തിക നയം നടപ്പാക്കിയ വിലക്കയറ്റം സൃഷ്ടിച്ച, വര്‍ഗീയത വളര്‍ത്തിയ കോണ്‍ഗ്രസും അതിന്റെ നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സിപ്ിഐഎമ്മുമായി വേദി പങ്കിട്ടു. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കെതിരെ സിപിഐഎം തെരഞ്ഞെടുപ്പ് പോരാട്ടം നടത്തുന്ന സമയത്താണ് ബംഗാളില്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ വലിയ അഴിമതിക്കാരെന്ന് സിപിഐഎം പറഞ്ഞ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സിപിഐഎം ശ്രമിച്ചത്. അതിന്റെ തിരിച്ചടി ചര്‍ച്ച ചെയ്യണമെന്നും പാര്‍ട്ടി ലൈന്‍ ഉയര്‍ത്തിപ്പിടിക്കണമെന്നുമാണ് ജഗ്മതി സാംഗ്വാന്‍ കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈന്‍ തന്നെ തള്ളിക്കളഞ്ഞ ബംഗാള്‍ ഘടകത്തിനെതിരെ നടപടിയെടുക്കാന്‍ ഭയപ്പെട്ട സിപിഐഎം നേതൃത്വം പക്ഷെ ജഗ്മതിക്കെതിരെ നടപടിയെടുക്കാന്‍ ഒരു മിനിറ്റ് സമയം പോലും എടുത്തില്ല. അച്ചടക്ക ലംഘനത്തിന് ജഗ്മതിയെ പുറത്താക്കി. ഇവിടെ ഒരു ചോദ്യം ഉയരുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈനിനെ സംഘടിതമായി ഒരു സംസ്ഥാന ഘടകം തള്ളിക്കളയുന്നതാണോ അതോ ഒരു സംസ്ഥാന ഘടകത്തിന്റെ തെറ്റിനെതിരെ നടപടിയെടുക്കാന്‍ തയ്യാറല്ലാത്ത പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച വ്യക്തിയാണോ അച്ചടക്കലംഘനം നടത്തിയത് എന്നതാണ്.

ഇനി വിഎസിലേക്ക് മടങ്ങിവരാം. ഈ ചോദ്യത്തിന് ഉത്തരമാണ് ഇന്ന് എകെജി ഭവന് മുന്നില്‍ നടന്ന കാഴ്ച. കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത് ജഗ്മതി സാംഗ്വാന്‍ കേന്ദ്രകമ്മിറ്റി അംഗത്വം രാജിവെച്ച് ഒരു ഓട്ടോറിക്ഷയില്‍ കയറി പോകുന്നു. 52 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ച് സിപിഐയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐഎം രൂപീകരിച്ച് ജീവിച്ചിരിക്കുന്ന നേതാവായ വിഎസ് തന്റെ പദവിയുടെ കാര്യം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുമോ എന്ന് ആലോചിച്ച് ഒന്നും മിണ്ടാതെ കാറില്‍ കയറി പോകുന്നു. 64ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേര്‍ ന്യൂനപക്ഷമായിരുന്നു. അന്ന് തെറ്റിനെ ചെറുക്കാന്‍ അഭിപ്രായം പറയാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ 32 പേരെങ്കിലും ഉണ്ടായിരുന്നു. ഇന്ന് സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റിയില്‍ ഒരു വനിത മാത്രമാണ് പാര്‍ട്ടിയുടെ തെറ്റിനെ വിമര്‍ശിക്കാന്‍ ഉണ്ടായത്. അധികാരം പാര്‍ട്ടിയെ ദുഷിപ്പിക്കും എന്ന് കൂടിയാണ് സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് തെളിയിച്ചത്. അധികാരം, തെരഞ്ഞെടുപ്പ് സഖ്യം ഇതിന് ചുറ്റും മാത്രം കറങ്ങുന്ന ഒരു പാര്‍ട്ടിയ്ക്ക് സംഭവിക്കാവുന്ന സ്വാഭാവിക പതനം.

Top