Chiking
Latest News

കോടിയേരി ബാലകൃഷ്ണന്‍ ഏലസ് കെട്ടിയാല്‍ എന്താണ് തെറ്റ്?: അഡ്വ ജയശങ്കര്‍

author

കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ ബംഗ്ലാവിന്റെ കവാടം വാസ്തുദോഷം തീര്‍ക്കാന്‍ രണ്ട് തവണ മാറ്റിപ്പണിയിച്ചു. പക്ഷെ അതുകൊണ്ടൊന്നും ദോഷം തീര്‍ന്നില്ല. സഖാവിന് അവിടെ നിന്ന് പൊറുതി മാറ്റേണ്ടി വന്നു. ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ തന്നെ കോടിയേരി ശത്രുസംഹാരത്തിന് വേണ്ടി കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തി. മന്ത്രിസ്ഥാനം ഇല്ലാതായ ശേഷം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജ നടത്തി.

അഡ്വ ജയശങ്കര്‍
Android App

1

കമ്യൂണിസ്റ്റ് പാര്‍ട്ടി സൈദ്ധാന്തികമായി ഒരു നിരീശ്വരവാദ പ്രസ്ഥാനമാണെങ്കിലും പ്രായോഗികമായി അങ്ങനെയല്ല. പാര്‍ട്ടി നേതാക്കള്‍ ഏറെക്കുറെ എല്ലാവരും തന്നെ രഹസ്യമായി ഈശ്വരവിശ്വാസം വച്ചു പുലര്‍ത്തുന്നവരാണ്. അവരുടെ കളത്രപുത്രാധികള്‍ മറിച്ച് യാതൊരു മറവും ഇല്ലാതെ മത ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ച് ജീവിക്കുന്നവരാണ്. വളരെക്കാലം കമ്യൂണിസ്റ്റ് എംഎല്‍എയും പല തവണ മന്ത്രിയും ആയിരുന്ന കെ.ആര്‍ ഗൗരിയമ്മ 1994ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം എന്നും താനൊരു ശ്രീകൃഷ്ണ ഭക്തയാണെന്ന് തുറന്ന് പറയുകയും ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു. പിന്നീട് ഗൗരിയമ്മയുടെ സ്വീകരണ മുറിയില്‍ ശ്രീകൃഷ്ണന്റെ നിരവധി ശില്‍പങ്ങള്‍ സ്ഥാപിക്കപ്പെട്ടു.

ഗൗരിയമ്മയുടെ സ്ഥിതി ഇതാണെങ്കില്‍ ലൊട്ടു ലൊടുക്കു നേതാക്കളുടെ കാര്യം പറയുക പോലും വേണ്ട. തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ സമ്മേളനവും പ്രകടനവും നടക്കുമ്പോള്‍ മഴ പെയ്യാതിരിക്കാന്‍ സഖാവ് കട്ടായിക്കോണം ശ്രീധരന്‍ പഴവങ്ങാടി ഗണപതിക്ക് നാളികേരം ഉടച്ചതും സ്മരണീയമാണ്.

ഇ.കെ നായനാര്‍ മരിച്ചപ്പോള്‍ മൃതദേഹം പാര്‍ട്ടി ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ചിതയില്‍ ദഹിപ്പിച്ചെങ്കിലും ചിതാഭസ്മം കുടുംബാഗംങ്ങള്‍ വീണ്ടെടുത്ത് കന്യാകുമാരിയില്‍ കൊണ്ടുപോയി നിമജ്ഞനം ചെയ്യുകയാണ് ഉണ്ടായത്. എസ് രാമചന്ദ്രന്‍ പിള്ളയുടെ ഭാര്യ മരിച്ചപ്പോള്‍ അദ്ദേഹവും മകനും കൂടി പരമ രഹസ്യമായി ചിതാഭസ്മം ഹരിദ്വാറില്‍ കൊണ്ടുപോയി പുണ്യനദിയായ ഗംഗയില്‍ ഒഴുക്കി. സഖാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മകന്‍ വി.എ അരുണ്‍കുമാര്‍ ക്ലിഫ് ഹൗസില്‍ നിന്നും, പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കണ്‍ന്റോണ്‍മെന്റ് ഹൗസില്‍ നിന്നും കെട്ടുനിറച്ചാണ് എല്ലാ വര്‍ഷവും ശബരിമലയ്ക്ക് പോയിരുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ ബംഗ്ലാവിന്റെ കവാടം വാസ്തുദോഷം തീര്‍ക്കാന്‍ രണ്ട് തവണ മാറ്റിപ്പണിയിച്ചു. പക്ഷെ അതുകൊണ്ടൊന്നും ദോഷം തീര്‍ന്നില്ല. സഖാവിന് അവിടെ നിന്ന് പൊറുതി മാറ്റേണ്ടി വന്നു. ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ തന്നെ കോടിയേരി ശത്രുസംഹാരത്തിന് വേണ്ടി കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തി. മന്ത്രിസ്ഥാനം ഇല്ലാതായ ശേഷം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജ നടത്തി. സഖാക്കള്‍ പി ഗോവിന്ദപിള്ളയുടെയും, പി.കെ വാസുദേവന്‍ നായരുടേയും ഭാര്യമാര്‍ ഒരുമിച്ചാണ് പുട്ടപര്‍ത്തിയില്‍ ഭഗവാന്‍ സായ് ബാബയെ കണ്ട് സായൂജ്യമടയാന്‍ പോയികൊണ്ടിരുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ കൈത്തണ്ടയില്‍ ഏലസ് കെട്ടിയാല്‍ ഒരു തെറ്റും പറയാനില്ല. കാര്യം പിണറായി വിജയനാണ് മുഖ്യമന്ത്രി. നമ്മുടെ സ്വന്തം പൊലീസാണ് പക്ഷെ വിവരദോഷികളായ ആര്‍എസുഎസുകാരോ, ലീഗുകാരോ സുഡാപ്പികളോ മാവോയിസ്റ്റുകളോ എന്തെങ്കിലും അതിക്രമം കാണിച്ചിട്ട് പിന്നീട് പറഞ്ഞിട്ട് കാര്യമില്ല. ഏലസ് കെട്ടിയതിന് ശേഷം ഏലസിന് ശക്തിയില്ലെങ്കില്‍ ദോശമൊന്നുമില്ല. ശക്തിയുണ്ടെങ്കില്‍ അത് ശത്രുദോഷം വരുത്തി സുരക്ഷ തരും അതാണെങ്കില്‍ നല്ലതാണുതാനും. കോടിയേരിയെ സംബന്ധിച്ച് ഏത് നിലയില്‍ നോക്കിയാലും ഏലസ് കൊണ്ട് ദോഷമൊന്നുമില്ല. ഈ ലളിതമായ സത്യത്തിനാണ് കമ്യൂണിസ്റ്റ് പദാവലിയില്‍ വൈരുദ്ധ്യാധിഷ്ഠിത വയറ്റിപ്പിഴപ്പ് വാദം എന്ന് പറയുന്നത്.

Top