Chiking
Latest News

ആദിവാസി കുടുംബത്തിന് വനമധ്യത്തില്‍ വീടൊരുക്കി കെയര്‍പ്ലസ്

Web Desk
Indian Telegram Android App Indian Telegram IOS App

care plus

പെരിങ്ങമല: ആദിവാസി കുടുംബത്തിന് വനമധ്യത്തില്‍ വീടൊരുക്കി കെയര്‍പ്ലസ കൂട്ടായ്മ. പെരിങ്ങമ്മല പഞ്ചായത്തിലുള്ള ഇലഞ്ചിയം ആദിവാസി ഊരിലെ രതീഷാ (30) ണ് ഈ നഗരക്കൂട്ടായ്മ ‘നന്ദനം’ എന്ന കിടപ്പാടമൊരുക്കിയത്. വായില്‍ ക്യാന്‍സര്‍ ബാധിച്ചാണ് രതീഷ് ആര്‍.സി.സി.യിലെത്തിയത്. രോഗം ഭേദമാക്കുന്നതിനിടെ കെയര്‍പ്ലസിലെ അംഗങ്ങള്‍ രതീഷിന്റെ വീട്ടിലെത്തിയപ്പോഴാണ് സങ്കടക്കാഴ്ച കണ്ടത്.

സ്വന്തമായി വീടില്ലാത്ത രതീഷും കുടുംബവും അയല്‍പക്കത്തെ കാറ്റും വെളിച്ചവും കടക്കാത്ത ചായ്പിലാണ് കിടന്നിരുന്നത്. ഭാര്യ ശ്രീകലയും മക്കളായ അളകനന്ദയും നന്ദനയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വനംവകുപ്പിലെ താത്കാലിക ഡ്രൈവറായ രതീഷ്. കുടുംബവസ്തുവില്‍നിന്നു ഏഴുസെന്റ് രതീഷിന്റെ പേരില്‍ എഴുതിക്കിട്ടിയതോടെയാണ് കെയര്‍പ്ലസ് വീടുപണി തുടങ്ങിയത്. ഇതിനിടെ ചികിത്സയും തുടര്‍ന്നു. കഴിഞ്ഞ ആഗസ്തില്‍ തുടങ്ങിയ പണിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഓണത്തിനുമുമ്പ് പുതിയവീട്ടില്‍ അന്തിയുറങ്ങണമെന്ന രതീഷിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ്.

എണ്ണൂറ് ചതുരശ്ര അടിയിലാണ് ‘നന്ദനം’ പണിതതെന്ന് നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച കോഓര്‍ഡിനേറ്റര്‍ ശോഭാ ജോര്‍ജ് പറഞ്ഞു. പണിതീര്‍ന്നപ്പോള്‍ സംഘടനയ്ക്ക് ഏതാണ്ട് എട്ടുലക്ഷം രൂപവരെ ചെലവായി. സന്നദ്ധപ്രവര്‍ത്തകര്‍ സ്വരൂപിച്ച പണമാണ് നിര്‍മാണത്തിന് ചെലവിട്ടത്. നല്ലകാര്യം അറിഞ്ഞ് പലകോണുകളില്‍നിന്നും സഹായമെത്തി. കഴിഞ്ഞദിവസം നാട്ടുകാരെ സാക്ഷിനിര്‍ത്തി ശ്രീകല വീടിന് പാലുകാച്ചി.

രോഗം ഭേദമായെങ്കിലും രതീഷിന് ജോലിക്കു പോകാനാവില്ല. ഡിഗ്രിവരെപഠിച്ച ശ്രീകലയ്ക്ക് ജോലി കിട്ടിയാലേ മക്കളുടെ പഠനവും ഭര്‍ത്താവിന്റെ ചികിത്സയും മുന്നോട്ടു കൊണ്ടുപോകാനാവൂ. ഇനി അതിനുള്ള ശ്രമത്തിലാണ് ഈ കൂട്ടായ്മ.

ജില്ലയിലെ 240ലധികം രോഗികളെ ഇവര്‍ പരിചരിക്കുന്നുണ്ട്. റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സംഘടനയായ കെയര്‍പ്ലസ്, രോഗംമാറാതെ ദുരിതമനുഭവിക്കുന്നവരുടെ തുടര്‍ചികിത്സ, പുനരധിവാസം, ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

Top