Chiking
Latest News

നിയമന അഴിമതിയും പ്രതിച്ഛായപ്രശ്‌നവും; അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നു

author

സ്വജനപക്ഷപാതം അഴിമതിയായി കാണാതിരുന്ന കരുണാകരനുപോലും കേസില്‍ കുരുങ്ങാതിരിക്കാന്‍ തന്റെ മന്ത്രിസഭാതീരുമാനം അന്ന് റദ്ദാക്കി കേസില്‍ നിന്ന് തടിതപ്പേണ്ടിവന്നു. ബന്ധു നിയമനവും സ്വജനപക്ഷപാതവും അഴിമതിയായി പ്രഖ്യാപിച്ച, അഴിമതിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിന് വോട്ടുവാങ്ങി അധികാരത്തിലേറിയ ഒരു ഗവണ്മെന്റാണ് ഇപ്പോള്‍ ബന്ധുജന നിയമനങ്ങളുടെ വെളിപ്പെടലുകളുടെ കുത്തൊഴുക്കില്‍ പെട്ട് നട്ടംതിരിയുന്നത്.

Appukuttan Vallikunnu
Indian Telegram Android App Indian Telegram IOS App

pinarayi_ep_karunakaran
മുമ്പ് മുഖ്യമന്ത്രി കെ. കരുണാകരന്‍ അകപ്പെട്ടതിലും വലിയ അഴിമതിക്കേസിലാണ് ഇപ്പോള്‍ വ്യവസായമന്ത്രി ഇ.പി ജയരാജന്‍ അകപ്പെട്ടിരിക്കുന്നത്. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍.ഡി.എഫ് ഗവണ്മെന്റിനെയും അകപ്പെടുത്തിയിരിക്കുന്നതും.

സ്വജനപക്ഷപാതം അഴിമതിയായി കാണാതിരുന്ന കരുണാകരനുപോലും കേസില്‍ കുരുങ്ങാതിരിക്കാന്‍ തന്റെ മന്ത്രിസഭാതീരുമാനം അന്ന് റദ്ദാക്കി കേസില്‍ നിന്ന് തടിതപ്പേണ്ടിവന്നു. ബന്ധു നിയമനവും സ്വജനപക്ഷപാതവും അഴിമതിയായി പ്രഖ്യാപിച്ച, അഴിമതിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിന് വോട്ടുവാങ്ങി അധികാരത്തിലേറിയ ഒരു ഗവണ്മെന്റാണ് ഇപ്പോള്‍ ബന്ധുജന നിയമനങ്ങളുടെ വെളിപ്പെടലുകളുടെ കുത്തൊഴുക്കില്‍ പെട്ട് നട്ടംതിരിയുന്നത്.

ആശ്രിതവത്സലനായിരുന്ന കെ. കരുണാകരന്‍ ‘പാവം പയ്യ’നെന്ന അപരനാമത്തില്‍ പിന്നീട് കേരളമറിഞ്ഞ തന്റെ സന്തതസഹചാരിക്ക് മന്ത്രിസഭായോഗത്തില്‍ ഒരു ഡിസ്റ്റിലറി അനുവദിക്കുകയായിരുന്നു. മന്ത്രിസഭായോഗത്തിന്റെ രേഖകള്‍ പൊക്കിയെത്തിച്ചത് ഡിസ്റ്റിലറി കിട്ടാതെപോയ ഒരു യുവകോണ്‍ഗ്രസ് നേതാവും. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക മുറികളിലൊന്നില്‍ സ്ഥിരം സാന്നിധ്യമായിരുന്ന, മുഖ്യമന്ത്രിക്കൊപ്പം ഔദ്യോഗിക ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്ന ‘പാവം പയ്യ’ന് ഡിസ്റ്റിലറി അനുവദിച്ചെന്നാണ് വാര്‍ത്തവന്നത്. നവാബ് രാജേന്ദ്രന്‍ അതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കരുണാകരന്‍ തീരുമാനം പെട്ടെന്ന് റദ്ദാക്കി. സത്യപ്രതിജ്ഞാലംഘനത്തില്‍നിന്നും അഴിമതി കേസില്‍ നിന്നും അങ്ങനെ തലയൂരി.

ഇവിടെയും മുഖ്യമന്ത്രി പിണറായി ഇടപെട്ട് നിയമനം റദ്ദാക്കിയിട്ടുണ്ട്. എന്നുവെച്ച് അഴിമതി നിയമനത്തില്‍നിന്നും മന്ത്രി ജയരാജനും പിണറായി ഗവണ്മെന്റിനും തലയൂരാന്‍ കഴിയാത്ത, രാഷ്ട്രീയവും നിയമപരവുമായ ഊരാക്കുടുക്കുകള്‍ ഏറെയുണ്ട്. പാര്‍ട്ടിയേയും ഗവണ്മെന്റിനേയും ഭരണമുന്നണിയേയും കുഴക്കുന്നത് അതാണ്. കരുണാകരന്റെ കാലത്തില്ലാത്ത പല്ലുകള്‍ അഴിമതിവിരുദ്ധ നിയമത്തിന് ഇന്നുള്ളതുകൊണ്ട്.

സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കുംവേണ്ടി ഭരണതലമാകെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ ഉമ്മന്‍ചാണ്ടി ഗവണ്മെന്റില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനാണ് മറ്റു മാര്‍ഗമില്ലാതെ ഇടതുപക്ഷ – ജനാധിപത്യ മുന്നണിയെ ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടിവന്നത്. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയുടെ തലക്കെട്ടുതന്നെ അഴിമതി വിമുക്തമായ മതനിരപേക്ഷ – വികസിത കേരളം എന്നായിരുന്നു. സിവില്‍ സര്‍വ്വീസിനെയും പൊതുപ്രവര്‍ത്തകരേയും അഴിമതിമുക്തമാക്കുന്നതിന് അഴിമതിവിരുദ്ധ നിയമത്തിലും കരുണാകരന്റേയും മറ്റും കാലത്തില്ലാത്ത ലോകായുക്താ നിയമത്തിലും സമഗ്രമായ മാറ്റം വരുത്താനും വിജിലന്‍സിനെ സ്വതന്ത്ര ഏജന്‍സിയാക്കാനും മൂന്നുമാസങ്ങള്‍ക്കകം ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഒരന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് ഉറപ്പുനല്‍കിയതാണ്. അത് വിട്ടുവീഴ്ചകൂടാതെ പ്രാവര്‍ത്തികമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതുമാണ്.

ഈ രാഷ്ട്രീയ നയപ്രഖ്യാപനങ്ങള്‍ക്ക് പുറമെ പൊതുമേഖലാസംബന്ധിയായ മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ഈ നിയമനങ്ങള്‍. സുതാര്യവും വ്യക്തവുമായ മാനദണ്ഡങ്ങള്‍ മറികടന്ന്. വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം പ്രായപരിധി എന്നിവ സംബന്ധിച്ച് ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നശേഷം ‘റിയാബ്’ (പൊതുമേഖലാ പുന:സംഘടന സംബന്ധിച്ച ബോര്‍ഡ്) മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയ ഉന്നത പദവിയിലേക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതില്ലാത്തതുകൊണ്ടാണ് രണ്ട് കേന്ദ്രകമ്മറ്റി നേതാക്കളുടെ അടുത്ത ബന്ധുനിയമനം ഇപ്പോള്‍ റദ്ദാക്കേണ്ടിവന്നത്. ആരോഗ്യമന്ത്രി, സി.പി.ഐ.എമ്മിന്റെ ഉന്നതനേതാക്കള്‍ എന്നിവരുടെ ബന്ധുക്കള്‍ എന്നിങ്ങനെ ബന്ധുനിയമന പട്ടികകള്‍ പ്രതിദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേരളാ ഹൈക്കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായും സി.പി.എം നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആശ്ചര്യകരമായത് പട്ടികയില്‍ ഇടപെടലും തിരുത്തലും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയുടെ ബന്ധുവും ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ്. കെ കരുണാകരന്റെ കാലത്തെന്നപോലെ സി.പി.ഐ.എമ്മിലെ വിവിധ ചേരികളാണ് ഈ പട്ടികകള്‍ അതിവേഗം പരസ്യപ്പെടുത്തുന്നത്.

ബന്ധുക്കളെയും സ്വജനങ്ങളെയും പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കുന്നത് അഴിമതിയാണെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നു. തിരുത്തല്‍ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞെന്ന് പൊളിറ്റ് ബ്യൂറോപോലും സ്ഥിരീകരിക്കുന്നു. സി.പി.എമ്മിന്റെ നേതാക്കളോ വക്താക്കളോ മന്ത്രി ജയരാജനെയോ ഈ നിയമനങ്ങളെയോ ന്യായീകരിക്കാന്‍ തയാറായിട്ടുമില്ല. ചാനല്‍ചര്‍ച്ചകളില്‍നിന്നുപോലും അവര്‍ പിന്മാറി. തനിക്കെതിരായ ആരോപണത്തിനെതിരെ പ്രതികരിച്ച മന്ത്രി മെഴ്‌സിക്കുട്ടിയമ്മപോലും ‘ഒരാള്‍ തെറ്റുചെയ്‌തെന്നുവെച്ച് ‘ തന്നെ ആക്ഷേപിക്കുന്നതിലാണ് രോഷംകൊണ്ടത്.

മെഴ്‌സിക്കുട്ടിയമ്മയുടെ വകുപ്പില്‍ നടന്ന മൂന്നു നിയമനങ്ങളില്‍പെട്ടവരും ബന്ധുക്കളല്ലെന്നാണ് അവര്‍ ന്യായീകരിച്ചത്. നിയമിതരായവരെ സംബന്ധിച്ച മുന്‍ അഴിമതി പശ്ചാത്തലവും യോഗ്യതയില്ലായ്മയും അവര്‍ക്കു നിഷേധിക്കാന്‍ കഴിഞ്ഞിട്ടില്ല. പുറത്തുവന്ന മറ്റ് പട്ടികക്കാരുടെയും സ്ഥിതിഇതുപോലെതന്നെ. ഭരണപരിഷ്‌ക്കാര കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ചുരുങ്ങിക്കൂടിയ വി.എസ് അച്യുതാനന്ദനും ബന്ധുനിയമനങ്ങള്‍ ഗവണ്മെന്റിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും.

മുന്‍ യു.ഡി.എഫ് ഗവണ്മെന്റ് കൂട്ടിലെ തത്തയാക്കി കൈകാര്യംചെയ്ത വിജിലന്‍സിനെ പ്രഖ്യാപനമനുസരിച്ച് തന്റെ ഗവണ്മെന്റ് സ്വതന്ത്രമാക്കിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആ വിജിലന്‍സിനുമുമ്പില്‍ വ്യവസായമന്ത്രി ജയരാജനെതിരെ അഴിമതികുറ്റത്തിന് പരാതി എത്തിയിരിക്കയാണ്. പ്രതിപക്ഷ നേതാവടക്കം നല്‍കിയിട്ടുള്ള ഈ പരാതിയോട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും മുഖ്യമന്ത്രി പിണറായി വിജയനും എടുക്കുന്ന നിലപാടും വരും ദിവസങ്ങളില്‍ അതിനിര്‍ണ്ണായകവും വഴിത്തിരിവുമാകും. സി.പി.ഐ.എം സെക്രട്ടേറിയറ്റ് ഈ വിഷയത്തില്‍ വെള്ളിയാഴ്ച ചേരാനിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയല്ല സി.പി.ഐ.എം എന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലാണ് എല്ലാവരും പ്രതീക്ഷ പുലര്‍ത്തുന്നത്.

മന്ത്രി ജയരാജനെ ഉപേക്ഷിച്ച് ഈ നിര്‍ണ്ണായക സന്ധിയില്‍ തന്റേയും ഗവണ്മെന്റിന്റേയും പ്രതിച്ഛായ നിലനിര്‍ത്താന്‍ പിണറായി വിജയന്‍ തയാറാകുമോ? ഇതാണ് എല്‍.ഡി.എഫ് ഗവണ്മെന്റ് കുഴഞ്ഞുകിടക്കുന്ന അഴിമതി വിഷയവുമായി ബന്ധപ്പെട്ട കാതലായ ചോദ്യം. ഇ.പി ജയരാജനെ മാത്രം ഒറ്റപ്പെടുത്തി മുഖ്യമന്ത്രിയുടേയോ ഗവണ്മെന്റിന്റേയോ പാര്‍ട്ടിയുടേയോ പ്രതിച്ഛായ സംരക്ഷിക്കാന്‍ എളുപ്പമല്ലെന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഇരുവരും ഇന്ന് എത്തിനില്‍ക്കുന്നതിനു പിന്നില്‍ അത്തരമൊരു നിഗൂഢ രാഷ്ട്രീയ ബന്ധതലമുണ്ട്. എല്ലാവരും പറഞ്ഞുകഴിയട്ടെ എന്ന് ഇ.പി ജയരാജന്‍ പറഞ്ഞുനിര്‍ത്തിയതും അര്‍ത്ഥവത്താണ്. അതുകൊണ്ട് വെട്ടൊന്ന് കഷണം രണ്ട് എന്നൊക്കെ എടുത്തുചാടാന്‍ വരട്ടെ. സി.പി.എം സെക്രട്ടേറിയറ്റ് ചേരുന്ന അടുത്ത വെള്ളിയാഴ്ചവരെയെങ്കിലും കാത്തിരിക്കുന്നതായിരിക്കും ഉചിതം.

Top