Chiking
Latest News

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ജാതിയെന്ന് ജിഗ്നേഷ് മേവാനി; മോദി മോഡലെന്നാല്‍ ദലിതര്‍ക്ക് പൊലീസ് സംരക്ഷണത്തില്‍ കഴിയേണ്ടിവരുന്നത്

Web Desk
Android App

jignesh

തൃശൂര്‍: ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ജാതിയെന്ന് ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനി. മോദി പറയുന്ന ഗുജറാത്ത് മോഡല്‍ 129 ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് പൊലീസ് സംരക്ഷണത്തില്‍ കഴിയേണ്ടിവരുന്ന മാതൃകയാണെന്നും മേവാനി പറഞ്ഞു. തൃശൂരില്‍ ദളിത് ജനാധിപത്യ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി.

ഓരോ 18 മിനിറ്റിലൂം ഒരു ദലിത് അക്രമം ഇന്ത്യയില്‍ ഉണ്ടാകുന്നു. ഡിസംബര്‍ 25ന് മനുവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന രാജസ്ഥാന്‍ ഹൈക്കോടതിക്ക് മുന്നില്‍ മനുസ്മൃതി കത്തിച്ചുകൊണ്ട് പോരാട്ടം പുതിയ പാതയിലേക്ക് വ്യാപിപ്പിക്കുമെന്നും മേവാനി പറഞ്ഞു.

ദളിത് ജനാധിപത്യ സംഗമത്തില്‍ മേവാനി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം:

ഗുജറാത്തിലെ ഉന സംഭവത്തിന് ശേഷം ‘ചലോ ഉന’ യാത്ര ഉയര്‍ത്തിയ കൊടുങ്കാറ്റ് ദേശവ്യാപകമായി പടരുകയാണ്. പതിനായിരക്കണക്കിന് ദളിതരാണ് അതിന് ശേഷം കര്‍ണാടകയിലെ ചലോ ഉടുപ്പി സമരത്തില്‍ പങ്കെടുത്തത്. ഇപ്പോള്‍ ചലോ തിരുവനന്തപുരം പ്രസ്ഥാനം ഇവിടെ ഞാന്‍ പ്രഖ്യാപിക്കുകയാണ്. രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളിലേക്ക് ഉന ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് വ്യാപിപ്പിക്കും. ഈ പോരാട്ടം നമ്മുടെ ആത്മാഭിമാനത്തിനും അവകാശസംരക്ഷണത്തിനും വേണ്ടിയുള്ളതാണ്. ഇത് കേവലം വൈകാരികതയില്‍ നിന്നും ഉയര്‍ന്നുവരുന്നതല്ല. ബാബാ അബേദ്കറും ജ്യോതിബാ ഫൂലെയും ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ച് വലിയ പോരാട്ടങ്ങള്‍ നയിക്കുന്നതിനായി നമുക്കിടയിലെ ഭിന്നതകള്‍ മാറ്റിവെച്ച് നാം മുന്നോട്ടിറങ്ങേണ്ടതുണ്ട്.

ജാതിപ്രശ്‌നം ഇന്ത്യയിലെ ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നം തന്നെയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യറോ കണക്കുകള്‍ പ്രകാരം ഓരോ 18 മിനിറ്റിലൂം ഒരു ദളിത് അക്രമം ഇന്ത്യയില്‍ ഉണ്ടാകുന്നു. എന്നാല്‍ ഇത്രയൊക്കെ അതിക്രമം നടന്നിട്ടും അതിനെ വേണ്ട രീതിയില്‍ പ്രതിഷേധിക്കാന്‍ ആകുന്ന തരത്തിലുള്ള പ്രതികരണമോ പോരാട്ടങ്ങളോ ഉയര്‍ന്നുവരുന്നില്ല. എന്താണ് ഗുജറാത്ത് മോഡല്‍? നരേന്ദ്ര മോഡി ഗുജറാത്ത് മോഡലിനെ കുറിച്ച് വലിയ വായില്‍ വര്‍ത്തമാനം പറയുന്നു. ഗുജറാത്ത് മോഡല്‍ എന്താണെന്ന് നാം മനസിലാക്കേണ്ടതുണ്ട്. ദളിതരെ അകറ്റിനിര്‍ത്തുന്ന നവലിബറലിസത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഉദാഹരണമാണത്. ദളിതര്‍ ആക്രമിക്കപ്പെടുന്ന നവലിബറലിസത്തിന്റെ ഉദാഹരണമാണത്.

ചത്ത പശുവിന്റെ തോലുരിഞ്ഞതിന്റെ പേരില്‍ ദളിതരെ അക്രമിക്കുന്ന മാതൃകയാണത്. 129 ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് പൊലീസ് സംരക്ഷണത്തില്‍ കഴിയേണ്ടിവരുന്ന മാതൃകയാണത്. ഉന്നത വിദ്യാഭ്യാസമുള്ള 9ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമല്ലാത്ത മാതൃകയാണത്. പതിനായിരക്കണക്കിന് ശുചീകരണ തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത മാതൃകയാണത്.
അതുകൊണ്ട് രാജ്യത്തിനാവശ്യം ഗുജറാത്ത് മാതൃകയല്ല. ഈ വരുന്ന ഡിസംബര്‍ 25ന് മനുവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന രാജസ്ഥാന്‍ ഹൈക്കോടതിക്ക് മുന്നില്‍ മനുസ്മൃതി കത്തിച്ചുകൊണ്ട് പോരാട്ടം പുതിയ പാതയിലേക്ക് വ്യാപിപ്പിക്കുകയാണ്. രോഹിത് വെമുല ഉയര്‍ത്തിയ രാഷ്ട്രീയം മുന്നോട്ടുവെച്ചുകൊണ്ട് നമ്മള്‍ ഇനി രാജ്യത്തിന്റെ അധികാരത്തിലേക്ക് സഞ്ചരിക്കുമെന്ന് ഞാന്‍ ഈ പൊതുയോഗത്തില്‍ പ്രഖ്യാപിക്കുന്നു.

Top