Chiking
Latest News

മുത്തലാഖിനെതിരെ സിപിഐഎം; ഹിന്ദു വ്യക്തിനിയമങ്ങളില്‍ പരിഷ്‌കരണം വേണം; സിപിഐഎം നിലപാട് പ്രാകൃതമാണെന്ന് ബിജെപി

Web Desk
Indian Telegram Android App Indian Telegram IOS App

yechoori_surendran

ന്യൂഡല്‍ഹി: ഏക സിവില്‍കോഡിനെ എതിര്‍ത്തും മുത്തലാഖിനെതിരായ പോരാട്ടത്തെ അനുകൂലിച്ചും സിപിഐഎം. മുത്തലാഖിലെ ഇടപെടല്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചാണ്. സ്ത്രീസമത്വമല്ല സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം സ്ത്രീകളുടെ പ്രതിഷേധത്തിനൊപ്പമാണ് പാര്‍ട്ടി. ഹിന്ദു വ്യക്തിനിയമവും പരിഷ്‌ക്കരിക്കാന്‍ കേന്ദ്രം തയ്യാറാകണം. ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകളും വ്യക്തിനിയമത്തിന്റെ ദുരുതമനുഭവിക്കുന്നുണ്ട്. ഹിന്ദു വ്യക്തിനിയമം പരിഷ്‌ക്കരിച്ചതാണെന്ന കേന്ദ്രത്തിന്റെ വാദം തെറ്റാണെന്നും പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. ഇതേ സമയം ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം നിലപാട് പ്രാകൃതമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.

മുത്തലാഖിനെതിരായ മുസ്ലിം സ്ത്രീകളുടെ പ്രതിഷേധത്തിന് സിപിഐഎം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഏകപക്ഷീയമായ മുത്തലാഖ് നിയമം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന മുഴുവന്‍ മുസ്ലിം സ്ത്രീകള്‍ക്കും പിന്തുണ നല്‍കുന്നതായി സിപിഐഎം പിബി വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. പല ഇസ്ലാമിക രാജ്യങ്ങളില്‍ പോലും മുത്തലാഖ് അനുവദനീയമല്ല. അത്തരം ഒരു തീരുമാനം ഉണ്ടാകുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം പകരും.

ഭൂരിപക്ഷ സമുദായത്തിന്റേതടക്കം എല്ലാ വ്യക്തിനിയമങ്ങളും പരിഷ്‌കരിക്കണം. ഇക്കാര്യത്തില്‍ ഹിന്ദു സ്ത്രീകളുടെ വ്യക്തിനിയമം പരിഷ്‌കരിച്ചിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വക്താവിന്റെ വാദം തെറ്റാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ സമത്വം ലക്ഷമിടുന്നതിനുപകരം ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. നിലവില്‍ ദത്തെടുക്കല്‍, സ്വത്തവകാശം, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയെല്ലാം ഹിന്ദു സ്ത്രീകള്‍ക്ക് വിവേചനം നേരിടുന്നുണ്ട്. ഏകീകൃതസിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും പൊളിറ്റ് ബ്യൂറോ വിലയിരുത്തി.

പുരോഗമനം ആഗ്രഹിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നിലപാടല്ല സിപിഐഎം സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മുത്തലാക്കിനെയും ഏകീകൃത സിവില്‍ കോഡിനേയും ഒരു പോലെ എതിര്‍ക്കുന്ന സിപിഐഎം നിലപാട് ഇരട്ടത്താപ്പാണ്. എല്ലാ മതങ്ങളിലുമുള്ള പുരുഷാധിപത്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. അതിനു പകരം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് മുസ്‌ലിം സമുദായത്തിന് എതിരാണെന്ന് സിപിഐഎം പ്രചരിപ്പിക്കുന്നത് സാമുദായിക ധ്രൂവീകരണത്തിന് ആക്കം കൂട്ടാനാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച ഇഎംഎസിനെ പോലും തള്ളിപ്പറയുന്ന നിലപാട് സിപിഐഎം ഇപ്പോള്‍ സ്വീകരിക്കുന്നത് ഇത് വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. തിരഞ്ഞെടുപ്പിനു മുന്‍പ് വര്‍ഗ്ഗീയ കക്ഷികളുമായുണ്ടാക്കിയ ചങ്ങാത്തം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് സിപിഐഎം ഇപ്പോള്‍ നടത്തുന്നതെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചല്ല, മുത്തലാഖ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണു ചര്‍ച്ച വേണ്ടതെന്നു കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും പറഞ്ഞു. മുത്തലാഖ് സ്ത്രീവിരുദ്ധ സമീപനമാണ്. മതേതര രാജ്യത്തു നിയമം നടപ്പിലാക്കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലാവരുതെന്നും വെങ്കയ്യ പറഞ്ഞു.
രാജ്യത്ത് തുല്യ നീതി നടപ്പാക്കേണ്ടതുണ്ട്. മുത്തലാഖ് അവസാനിപ്പിക്കണമെന്നത് മുസ്ലിം സ്ത്രീകളുടെ ആവശ്യമാണ്. അവര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്.മതേതര രാജ്യമാണ് ഇന്ത്യ. ലിംഗ സമത്വവും തുല്യ നീതിയുമാണ് ഒരു മതേതര രാജ്യത്തിന് വേണ്ടത്. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയില്‍ നീതി നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് മനുഷ്യത്വ രഹിതമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി കെ ടി ജലീലും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ ഏകാഭിപ്രായത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു ഇതിന്റെ മറവില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏക സിവില്‍കോഡ് നടപ്പാക്കരുതെന്ന് യുഡിഎഫ് നേതൃയോഗവും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സമൂഹത്തെ വര്‍ഗീയമായി ധ്രുവീകരിക്കുക എന്ന ലക്ഷ്യമാണ് നീക്കത്തിന് പിന്നിലെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നും യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നത്തല പറഞ്ഞു.

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ആദ്യപടിയായി കേന്ദ്ര നിയമ കമ്മിഷന്‍ ചോദ്യാവലി പുറത്തിറക്കിയത് വിവാദമായിരുന്നു. ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ നിന്ന് വിശദാംശങ്ങള്‍ ആരാഞ്ഞതിന് ശേഷം കൂടുതല്‍ വിശദമായ നടപടികളിലേക്ക് കടക്കാനാണ് നിയമകമ്മീഷന്‍ ഉദ്ദേശിക്കുന്നത്. ഏക സിവില്‍ നിയമത്തെ അനുകൂലിക്കുന്ന തരത്തിലുള്ള അപേക്ഷയും ഇതിനോടൊപ്പമുണ്ട്. 16 വ്യത്യസ്ത വിഷയങ്ങളിലാണ് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് ബഹിഷ്‌ക്കരിക്കണമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

Top