Chiking
Latest News

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കല്‍; പ്രധാന മാനദണ്ഡം സീനിയോരിറ്റി; ഈ മാസം ആറിന് സംഘടനകളുമായി ചര്‍ച്ച

Web Desk
Android App

govt-offc

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കല്‍ നടക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രമാക്കും സ്ഥലംമാറ്റം. സ്‌കൂളുകളില്‍ ക്രമീകരണ സ്ഥലംമാറ്റം ജൂലായ്, ആഗസ്തില്‍ നടക്കും. സ്ഥലംമാറ്റത്തിനുള്ള പ്രധാന മാനദണ്ഡം സീനിയോറിറ്റിയായിരിക്കും.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരിക്കും സ്ഥലംമാറ്റ നടപടി നടക്കുക. സര്‍ക്കാര്‍ രൂപംനല്‍കിയ മാനദണ്ഡങ്ങളുടെ കരടിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. നിര്‍ദേശങ്ങളെക്കുറിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി ഡിസംബര്‍ ആറിന് ചര്‍ച്ചനടത്തും.

ഇതിനായി ജീവനക്കാരുടെ ഇലക്ട്രോണിക്‌സ് ഡാറ്റാബേസ് തയ്യാറാക്കും. പൊതുസ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കലാണെങ്കിലും ഓഫീസ് പ്രവര്‍ത്തനത്തിന് ഒരാളെ സ്ഥലംമാറ്റണമെന്ന് സര്‍ക്കാരിന് ബോധ്യമായാല്‍ അക്കാരണം ചൂണ്ടിക്കാട്ടി അതു ചെയ്യാം.

ജില്ലയ്ക്കകത്തുള്ള സ്ഥലംമാറ്റങ്ങള്‍ തീരുമാനിക്കുക വകുപ്പ് മേധാവിയായിരിക്കും. ജില്ലാതലത്തിന് താഴെയുള്ള മാറ്റങ്ങള്‍ ജില്ലാ,താലൂക്ക് തല ഓഫീസര്‍മാര്‍ തീരുമാനിക്കും. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരു ജീവനക്കാരനെയും ഒരേ സീറ്റില്‍, വിഭാഗത്തില്‍ തുടരാന്‍ അനുവദിക്കില്ല. ഓപ്ഷന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥലംമാറ്റം. ഒരാള്‍ക്ക് മൂന്ന് ഓപ്ഷന്‍ നല്‍കാം. ഓപ്ഷനനുസരിച്ച് മാറ്റം കിട്ടുന്നവര്‍ അവിടെ മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്യണം. ഇങ്ങനെ മാറ്റം കിട്ടിയവര്‍ക്ക് അടുത്തവര്‍ഷം വീണ്ടും അപേക്ഷ നല്‍കാം. പക്ഷെ, ഓപ്പണ്‍ ഒഴിവുകളിലേക്കേ അവരെ പരിഗണിക്കൂ. ഓപ്ഷന്‍ പ്രകാരമല്ലാത്ത മാറ്റം നിര്‍ബന്ധിത സ്ഥലംമാറ്റമായിരിക്കും. അവയുടെ കാലയളവ് ഒരു വര്‍ഷമാണ്. സ്വന്തം ജില്ലയിലെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വീസ് ഒരേ സ്റ്റേഷന്‍ സര്‍വീസായി പരിഗണിക്കും.വനിതാ ജീവനക്കാരെ കഴിയുന്നിടത്തോളം മലയോര ജില്ലകളിലുള്‍പ്പെടെ വിദൂരസ്ഥലങ്ങളില്‍ നിയമിക്കില്ല. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അവര്‍ താത്പര്യപ്പെടുന്ന ജില്ലയില്‍ നിയമിക്കണം. അവര്‍ക്ക് പൊതുസ്ഥലംമാറ്റം ഉണ്ടാകില്ല. ആവശ്യമുള്ളപക്ഷം ജില്ലാതലത്തില്‍ നടത്താം. വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രമുള്ള ജീവനക്കാരെ മുന്‍ഗണനാടിസ്ഥാനത്തില്‍ താത്പര്യമുള്ള സ്റ്റേഷനുകളില്‍ നിയമിക്കും.ഭാര്യക്കും ഭര്‍ത്താവിനും ഒരേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിന് കഴിവതും സൗകര്യം ചെയ്യും

പട്ടികജാതി/പട്ടികവര്‍ഗം, അന്ധര്‍, അംഗപരിമിതര്‍, മൂകരും ബധിരരും, മാനസികവെല്ലുവിളി അനുഭവിക്കുന്നവരുടെ മാതാപിതാക്കള്‍, ഓട്ടിസം ബാധിച്ചവരുടെ അച്ഛനമ്മമാര്‍, മൂകരും ബധിരരുമായവരുടെ മാതാപിതാക്കള്‍, യുദ്ധത്തില്‍ മരിച്ചവരുടെ ആശ്രിതര്‍, സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യ അഥവാ സ്വാതന്ത്ര്യസമരസേനാനികളെ സംരക്ഷിക്കുന്ന മക്കള്‍, വിധവകള്‍, വിഭാര്യര്‍, മിശ്രവിവാഹിതരായ ജീവനക്കാര്‍, കുട്ടികളെ ദത്തെടുത്ത ജീവനക്കാര്‍, അംഗീകൃത സര്‍വീസ് സംഘടനകളുടെ പ്രസിഡന്റ് അഥവാ ജനറല്‍ സെക്രട്ടറി, സൈനികസേവനം പൂര്‍ത്തിയാക്കിയവര്‍, സൈനിക/അര്‍ധസൈനിക വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരുടെ ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, അമ്മ, മക്കള്‍ – എന്നിവര്‍ക്ക് സ്ഥലംമാറ്റത്തില്‍ പ്രത്യേക മുന്‍ഗണന ലഭിക്കും.

Top