Chiking
Latest News

യെമനില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം മരിച്ചുവീഴുന്നു; സ്ഥിതി ഗുരുതരമെന്ന് യുഎന്‍(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഡോക്ടറുടെ കയ്യിലിരിക്കുമ്പോള്‍ ഇബ്രാഹിമിന്റെ തല വളരെ ചെറുതായിരുന്നു. അദ്ദേഹം അവനെ പതുക്കെ തൊട്ടിലില്‍ കിടത്തി. അവനു ചുറ്റുമുള്ളതെല്ലാം വളരെ വലുതായിരുന്നു. ലഭ്യമായതില്‍ വച്ചേറ്റവും ചെറിയ നാപ്പിയാണ് ഇബ്രാഹിിനെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ അതും അവന് വലുതായിരുന്നു. അവന്റെ കണ്ണുകള്‍ കുഴിയിലാണ്ടിരുന്നു. വാരിയെല്ലുകള്‍ ഉന്തിനിന്നു. ദേഹം മുഴുവന്‍ ചുക്കിചുളിഞ്ഞ് കാണപ്പെട്ടു. യെമനില്‍ ജനിച്ചുവീഴുന്ന ഈ കുഞ്ഞുങ്ങളെ ഭാഗ്യവാന്‍മാരെന്ന് പറയാനാവില്ല. ഇബ്രാഹിമിന്റെ അതീജീവനത്തിന്റെ 21-ാം ദിനമായിരുന്നു അത്. അവന്‍ രക്ഷപ്പെടുമെന്നാണ് ഡോക്ടര്‍മാരും പ്രതീക്ഷിക്കുന്നത്. അവന്റെ ഇരട്ട സഹോദരന്‍ ജനിച്ച ഉടന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അമ്മ വഫ ഹത്തീം മകന്റെയൊപ്പം കട്ടിലിലിരുന്ന് അവന്‍ കരയുമ്പോള്‍ ആ കുഞ്ഞുവിരലുകളില്‍ തലോടിക്കൊണ്ടിരുന്നു.

yeman

ഇതുപോലെ മുപ്പതു ലക്ഷത്തോളം യമന്‍ കുടുംബങ്ങളാണ് യുദ്ധത്തില്‍ ചിതറിപ്പോയത്. അവരുടെ ഓരോ ദിവസത്തെയും നിലനില്‍പ്പുതന്നെ ഭക്ഷണം കണ്ടുപിടിക്കാനുള്ള വെല്ലുവിളിയില്‍ കുരുങ്ങിക്കിടക്കുന്നു. ഇബ്രാഹിമിന്റെ പിതാവ് ഒരു ടാക്‌സി ഡ്രൈവറാണ്. എന്നാല്‍ യുദ്ധം സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതോടെ യാത്രക്കാരെ ലഭിക്കാന്‍ ബുദ്ധിമുട്ടായി. ചിലപ്പോള്‍ ഭര്‍ത്താവിന് ജോലിയുണ്ടാകും. ചിലപ്പോള്‍ ജോലിയുണ്ടാകില്ല. ചിലപ്പോഴൊക്കെ ഭക്ഷണം കഴിക്കും. എന്നാല്‍ ചിലപ്പോള്‍ വിശപ്പകറ്റാന്‍ ഒന്നും തന്നെ കൈവശമുണ്ടാകാറില്ലെന്നും വഫ പറയുന്നു. ഇതാണ് യെമനിലെ അവസ്ഥ.

a

യുദ്ധം തുടങ്ങിയതിനു ശേഷം കുട്ടികളിലെ പോഷകദൗര്‍ലഭ്യം 200 ശതമാനം വര്‍ദ്ധിച്ചു. ചികിത്സ കേന്ദ്രങ്ങളില്‍ പകുതിയും പ്രവര്‍ത്തിക്കാതെയായി. ചിലത് സൗദി സഖ്യം ബോംബിട്ട് തകര്‍ത്തു. പലതും ഫണ്ടില്ലാതെ അടച്ചുപൂട്ടി. പ്രധാന റോഡുകളും പാലങ്ങളും ആക്രമണങ്ങളില്‍ തകര്‍ന്നു. യുദ്ധം നാശം വിതച്ച പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നത് പോലും പ്രയാസമായിരിക്കുകയാണ്. ആരോഗ്യമേഖലയിലുള്ള ജീവനക്കാര്‍ക്ക് നാലു മാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ല. മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് പോലുള്ള സന്നദ്ധ സംഘടനകള്‍ ദുരിതം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിയന്ത്രിതമായ സോഴ്‌സ് ഉപയോഗിച്ച് അതൊരു കഠിന പ്രയത്‌നമാണ്.

e

ഫീഡിംഗ് സെന്ററുകളും ന്യൂട്രീഷ്യണല്‍ പദ്ധതികളുമുണ്ടെങ്കിലും അത്തരം പ്രോഗ്രാമുകളെ മോണിറ്റര്‍ ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് സംഘര്‍ഷം രൂക്ഷമായ ഹജാ മേഖലയിലെ അല്‍-ജുംഹോറി ഹോസ്പിറ്റലിലെ ഡോക്ടറായ കോളറ്റി ഗാഡനി പറയുന്നു. പല കുടുംബങ്ങള്‍ക്കും ഇത്തരം സെന്ററുകളിലേക്ക് എത്താന്‍ സാധിക്കുന്നില്ല. യുദ്ധം എല്ലാത്തിനേയും തകിടം മറിച്ചിരിക്കുകയാണ്. ആശുപത്രികള്‍ ദിനം പ്രതി അടച്ചുപൂട്ടുന്നു. ദാരിദ്രവും ദുര്‍ബലമായ ഭരണവും നിലനിന്നിരുന്ന രാജ്യം യുദ്ധത്തെ തുടര്‍ന്ന് കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് അവര്‍ പറഞ്ഞു. ആശുപത്രിയുടെ വരാന്തകളിലൂടെ നടക്കുമ്പോള്‍ യുദ്ധത്തിന്റെ തീവ്രത ദൃശ്യമാകും. മാര്‍ക്കറ്റിലേക്ക് പോകുന്ന കൃഷിക്കാരുടെ നേര്‍ക്ക് സൗദി നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റവരെയും രോഗവും പോഷകാഹാരക്കുറവും കൊണ്ട് എല്ലും തോലുമായ കുഞ്ഞുങ്ങളെയും നിങ്ങള്‍ക്ക് കാണാനാകുമെന്ന് അവര്‍ പറഞ്ഞു.

ഗ്രാമങ്ങളില്‍ നിന്ന് പാവപ്പെട്ടവര്‍ക്ക് ആശുപത്രികളിലേക്കെത്താന്‍ സാധിക്കുന്നില്ല. പലരും വിദേശികളോട് സഹായം ആവശ്യപ്പെടുകയാണ്. ഒരു ചെറിയ പയ്യന്‍ രോഗബാധിതയായ അനുജത്തിയെയും കൂട്ടി വന്ന് സഹായമഭ്യര്‍ത്ഥിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ ഫെര്‍ഗല്‍ കീന്‍ പറഞ്ഞു. ഒരു പ്രായമായ മനുഷ്യന്‍ സഹായം അഭ്യര്‍ത്ഥിച്ചില്ലെങ്കിലും വിശന്നുകരയുന്ന നാലു പേരക്കുട്ടികളുമായെത്തി ഞങ്ങളുടെ നേര്‍ക്ക് പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നുവെന്നും കീന്‍ പറഞ്ഞു.

ഐഷ അലി എന്ന യുവതിക്ക് അഞ്ചുമാസം മുമ്പാണ് പോഷകാഹാരക്കുറവുമൂലം തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടത്. നാലു മാസം പ്രായമുള്ള മകള്‍ അസ്മയും രോഗം ബാധിച്ച അവശയാണ്. പോഷകാഹാരക്കുറവ് മൂലം കരളിന് അസുഖം ബാധിച്ച കുഞ്ഞിന്റെ കണ്ണുകളില്‍ മഞ്ഞനിറം കലര്‍ന്നിരിക്കുന്നു.

c

‘ഞങ്ങള്‍ക്ക് ചികിത്സ വേണം, നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമോ ? എന്തെങ്കിലും ചികിത്സയുണ്ടോ? എന്തെങ്കിലും മരുന്നുണ്ടോ, ഞങ്ങള്‍ക്ക് മരുന്നുവേണം. നിങ്ങളുടെ കൈവശമുണ്ടോ’ എന്നെല്ലാം ഐഷ ചോദിച്ചുകൊണ്ടിരുന്നുവെന്ന് കീന്‍ പറഞ്ഞു. സേവ് ദ ചില്‍ഡ്രന്‍ ചാരിറ്റിയിലെ പ്രദേശിക പ്രവര്‍ത്തകര്‍ ഒരു മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്ക് നടത്തുന്നുണ്ട്. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നതു നിമിത്തം ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല.

d

ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് അടുത്തിടെ കോളറ പൊട്ടിപ്പുറപ്പെട്ടു. ന്യൂമോണിയ, ഡയേറിയ എന്നിവയെല്ലാം കുഞ്ഞുങ്ങളുടെ ജീവനെടുക്കുകയാണ്. സിറിയയിലെയും ഇറാഖിലെയും യുദ്ധത്തിനിടയില്‍ യെമനിലെ പ്രതിസന്ധി ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. യെമന് വാഗ്ദാനം ചെയ്ത സഹായങ്ങളില്‍ പകുതി ഫണ്ട് മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ.

യെമനിലെ പ്രശ്‌നങ്ങളിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണം യുഎന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജയ്മി മക്കോള്‍ഡ്രികിനെ അലട്ടുകയാണ്. ‘മനുഷ്യത്വത്തേക്കാള്‍ രാഷ്ട്രീയമാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഒരിടത്തും മനുഷ്യത്വം കാണുന്നില്ല. യെമനില്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ താല്‍പര്യമില്ലാതെ ലോകം കണ്ണടച്ചിരിക്കുകയാണ്. ഇപ്പോഴും പ്രശ്‌നങ്ങള്‍ നേരിടാന്‍ വേണ്ട റിസോഴ്‌സ് ഞങ്ങള്‍ക്കില്ലെന്നും ഇത് അസാധാരണമാണെന്നും’ മക്കോള്‍ഡ്രിക് പറഞ്ഞു.

b

ഹജ്ജയില്‍ 17,000 ത്തോളം പേര്‍ ടാര്‍പോളിലും വൈക്കോലും മണ്ണുമെല്ലാം കൊണ്ടുണ്ടാക്കിയ ഷെഡുകളിലാണ് കഴിയുന്നത്. വ്യോമാക്രമണം ഭയന്നാണ് ഓരോ ദിവസവും ഇവിടെ കഴിയുന്നതെന്ന് ഭാര്യയും കുഞ്ഞുങ്ങളുമായി ഷെഡില്‍ കഴിയുന്ന മഹ്ദി അലി അബ്ദുള്ള പറയുന്നു. ഞങ്ങള്‍ ഓരോ സ്ഥലത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് അലി പറഞ്ഞു. ആ ശബ്ദം വ്യക്തമാകാന്‍ തനിക്കേറെ ശ്രദ്ധിക്കേണ്ടിവന്നുവെന്ന് കിം പറയുന്നു. കൃത്യമായ പറഞ്ഞുവെങ്കിലും ആ വാക്കുകള്‍ക്ക് യാതൊരു ഊര്‍ജ്ജവുമുണ്ടായിരുന്നില്ല. യുദ്ധം ജീവസുറ്റ ഒന്നിനെയും അവശേഷിപ്പിച്ചിട്ടില്ല. മറിച്ച് രാജ്യത്തെ ജീവിതങ്ങളെ ചവിട്ടിമെതിക്കുകയാണ്.

Top