Chiking
Latest News

ദലിത് ക്രിസ്ത്യാനികള്‍ തൊട്ടുകൂടായ്മയും വിവേചനവും നേരിടുന്നു; തുറന്നുസമ്മതിച്ച് ഇന്ത്യന്‍ കത്തോലിക്ക സഭ

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ദലിതരായ ക്രിസ്ത്യാനികള്‍ തൊട്ടുകൂടായ്മയും വിവേചനവും നേരിടുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യന്‍ കത്തോലിക്ക സഭ. ഉന്നതസ്ഥാനങ്ങളില്‍ ദലിത് ക്രിസ്ത്യാനികള്‍ക്ക് പങ്കാളിത്തമില്ലെന്നും സഭ ഔദ്യോഗികമായി തുറന്നുസമ്മതിക്കുന്നു.

കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) തിങ്കളാഴ്ച പുറത്തുവിട്ട നയപ്രമാണത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദലിത് ക്രിസ്ത്യാനികള്‍ നേരിടുന്ന ഈ സാമൂഹിക പിന്നോക്കാവസ്ഥ തുടച്ചുനീക്കാനും അവരെ ശാക്തീകരിക്കാനുമാണ് സഭയുടെ തീരുമാനം.

44 പേജുള്ള ഡോക്യുമെന്റിന് ‘ഇന്ത്യയിലെ കത്തോലിക്ക സഭയിലെ ദലിത് ശാക്തീകരണ നയം’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ദലിത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള എല്ലാതരം വിവേചനങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ട ദീര്‍ഘവും ഹ്രസ്വകാലവുമായ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ 171 രൂപതകളോട് ആവശ്യപ്പെട്ടു. ജാതിവിവേചനത്തിന്റെ പേരില്‍ രണ്ട് തരത്തിലുള്ള സമ്പ്രദായങ്ങള്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ നിര്‍ത്തണം. അവ നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സഭാ അധികാരികള്‍ എടുക്കണമെന്നും ഡോക്യമെന്റില്‍ പറയുന്നു.

”ഇതൊരു വിപ്ലവഘട്ടത്തിനുള്ള ചുവടുവെപ്പാണ്. സാമൂഹിക തിന്മയും, തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമെല്ലാം കുഴിച്ചുമൂടണം. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ പോവുമ്പോള്‍ ഇത്തരം തിന്മകള്‍ ഒരു പാപമായി കരുതണം. സഭയ്ക്കകത്ത് നടക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമാണിത്. ഇതൊരു സന്ദേശം മാത്രമല്ല ആത്മപരിശോധന നടത്തേണ്ടതും കൂടിയാണ്”, സിബിസിഐ പ്രസിഡന്റ് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്ക പറഞ്ഞു.

സഭയുടെ പട്ടികജാതി പട്ടികയില്‍ ദലിത് ക്രിസ്ത്യാനികളെ ഉള്‍പ്പെടുത്തുന്നതിനായി വര്‍ഷങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് സഭ. ഇന്ത്യയിലെ കത്തോലിക്ക സഭയിലെ 19 മില്യണ്‍ ആളുകളില്‍ 12 മില്യണ്‍ ആളുകളും ദലിത് ക്രിസ്ത്യാനികളാണ്. എന്നാല്‍ രൂപതാ അധികാരകേന്ദ്രങ്ങളില്‍ അവരുടെ പങ്കാളിത്തം ഇല്ലെന്ന് തന്നെ പറയേണ്ടി വരും. കത്തോലിക്ക സഭയില്‍ ഇപ്പോഴുള്ള 5000 ബിഷപ്പുമാരില്‍ 12 പേര്‍ മാത്രമാണ് ദലിത് ക്രിസ്ത്യാനികളായുള്ളത്.

Top