Chiking
Latest News

ആലപ്പോ ആക്രമണത്തില്‍ പ്രതിഷേധിച്ച് കുവൈത്തിലെ റഷ്യന്‍ എംബസിക്കു മുമ്പില്‍ ധര്‍ണ; അറബ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു

Web Desk
Android App


കുവൈത്ത് സിറ്റി: ആലപ്പോ ആക്രമണത്തില്‍ പ്രതിഷേധിച്ചു കുവൈത്തിലെ പ്രതിപക്ഷ എംപിമാര്‍ റഷ്യന്‍ എംബസിക്കു മുന്നില്‍ ധര്‍ണ നടത്തി. ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. പള്ളികള്‍ വഴി ദുരിതാശ്വാസ നിധി സമാഹരിക്കാനും ധര്‍ണയില്‍ ആഹ്വാനം ചെയ്തു.

സിറിയന്‍ നഗരമായ ആലപ്പോയില്‍ റഷ്യ നടത്തുന്ന ആക്രമണത്തെ കടുത്ത ഭാഷയിലാണ് ധര്‍ണയില്‍ പങ്കെടുത്ത എംപിമാര്‍ അപലപിച്ചത്. ബുധനാഴ്ച ഉച്ചക്ക് റഷ്യന്‍ എംബസിക്കുമുന്നില്‍ നടന്ന ധര്‍ണയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. സര്‍ക്കാര്‍ അനുമതിയോടെ സമാധാന പരമായാണ് പ്രതിപക്ഷം ധര്‍ണ നടത്തിയത്. ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് പാര്‍ലിമെന്റ് അടിയന്തര സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും മുഴുവന്‍ ജിസിസി രാജ്യങ്ങളും റഷ്യയുമായും ഇറാനുമായുമുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

ആലപ്പോ ആക്രമണത്തിന്റെ പശചാത്തലത്തില്‍ അടിയന്തിര യോഗം ചേരാന്‍ അറബ് ലീഗോ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂടായ്മയോ മുന്നോട്ടു വരാത്തത് വേദനാജനകമാണെന്നും കുറഞ്ഞ പക്ഷം സ്ഥാനപതിമാരെ വിളിപ്പിക്കുകയെങ്കിലും ചെയ്യണമെന്നും എംപിമാര്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നിരയിലെ ഡോ . വലീദ് തബ്തബാഇ, ജംആന്‍ അല്‍ ഹര്‍ബാഷ് , അബ്ദുല്ല അല്‍ ഫുഹാദ് , മര്‍സൂഖ് അല്‍ ഖലീഫ, സാമിര്‍ അല്‍ സുവൈത്ത് തുടങ്ങിയവര്‍ ധാരണക്ക് നേതൃത്വം നല്‍കി.

ആലപ്പോ കൂട്ടക്കുരുതിക്കെതിരെ അന്താരാഷ്ട്ര സമൂഹവും യു എന്‍ സുരക്ഷാ കൗണ്‍സിലും ഇടപെടണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് അറബ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട് . പ്രശനപരിഹരിഹാരത്തിനാവശ്യമായ ആവശ്യമായ നടപടികളെ കുറിച്ച് ആലോചിക്കാന്‍ അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ തിങ്കളാഴ്ച യോഗം ചേരുമെന്നു അറബ് ലീഗിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അഹ്മദ് അബ്ദുറഹ്മാന്‍ അല്‍ ബകര്‍ അറിയിച്ചു.

Top