Chiking
Latest News

ഇസ്ലാമുള്ള എല്ലാ രാജ്യത്തും മുത്തലാഖ് നിലനില്‍ക്കുന്നുവെന്ന് കാന്തപുരം; സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന വിവാഹമോചനങ്ങള്‍ നിലനില്‍ക്കില്ല

Web Desk
Android App


ന്യൂഡല്‍ഹി: ഇസ്ലാമുള്ള എല്ലാ രാജ്യത്തും മുത്തലാഖ് നിലനില്‍ക്കുന്നുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. ഏറ്റവും അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ മുത്തലാഖ് നടത്തുന്നുള്ളൂ. മുത്തലാഖ് നല്ലരീതിയില്‍ ചെയ്താല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഗുണകരമാവുമെന്നും കാന്തപുരം പറഞ്ഞു.

തങ്ങള്‍ ശരീയത്ത് നിയമത്തില്‍ ഉറച്ചുനില്‍ക്കുന്നു. തലാഖിന് പകരം വിവാഹമോചനം നിയമപരമായി വേണമെന്ന് വിധിയുണ്ടായാല്‍ അത് കോടതിയില്‍ ചോദ്യംചെയ്യും. മുസ്ലീങ്ങള്‍ വിവാഹം കഴിക്കുന്നതുതന്നെ മുത്തലാഖിന് വേണ്ടിയാണെന്ന മട്ടിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. ഇമെയില്‍, എസ്.എം.എസ്., കത്ത് മുഖേനയും വാട്‌സാപ് പോലെയുള്ള സമൂഹമാധ്യമങ്ങള്‍ വഴിയുമുള്ള വിവാഹമോചനങ്ങള്‍ ഇസ്ലാമിക നിയമമനുസരിച്ച് നിലനില്‍ക്കില്ലെന്നും കാന്തപുരം പറഞ്ഞു.

ഏകീകൃത വ്യക്തിനിയമം നടപ്പാക്കിയാല്‍ രാജ്യത്ത് സംഘര്‍ഷമുണ്ടാകും. നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന രാജ്യത്ത് ആരുടെ സിവില്‍ കോഡാണ് നടപ്പാക്കുക? വിവിധ മതങ്ങളും ജാതികളും നിലനില്‍ക്കുന്നതാണ് നമ്മുടെ രാജ്യം. ഓരോരുത്തരും അവരുടേതായ വിശ്വാസങ്ങള്‍ പുലര്‍ത്തിപ്പോരുന്നതിനാല്‍ ഒരു പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനെതിരായ ഒരു നീക്കവും അനുവദിക്കില്ലെന്നും കാന്തപുരം പറഞ്ഞു.

ഏകീകൃത വ്യക്തിനിയമം, മുത്തലാഖ് വിഷയങ്ങളില്‍ നിയമകമ്മീഷന്റെ ചോദ്യാവലിയോട് പ്രതികരിക്കില്ല. അതേസമയം, കേന്ദ്രസര്‍ക്കാരിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായപ്രകടനം നടത്താനില്ലെന്നും കാന്തപുരം പറഞ്ഞു.

Top