Chiking
Latest News

സ്വപ്‌നങ്ങള്‍ തകര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍

Web Desk
Android App


കൊച്ചി:കഴിഞ്ഞ രണ്ട് മാസമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മനസില്‍ താലോലിച്ച ഐഎസ്എല്‍ കിരീടമെന്ന സ്വപ്‌നമാണ് ഇന്നലത്തെ രാത്രിയിലെ ഒരു നിമിഷം കൊണ്ട് തകര്‍ന്നത്. സ്വന്തം മണ്ണില്‍ കൊല്‍ക്കത്തക്കെതിരെ പ്രതികാരത്തോടെ ആരോണ്‍ ഹ്യൂസും സംഘവും കപ്പുയര്‍ത്തുന്നത് കാണാന്‍ ആരാധകര്‍ വല്ലാതെ കൊതിച്ചിരുന്നു.

ഇന്നലെ രാവിലെ മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുക്കായിരുന്നു. ഐഎസ്എല്ലിന്റെ ടിക്കറ്റ് തീര്‍ന്നുപോയിട്ടും കരിഞ്ചന്തയില്‍ നിന്നു പോലും വന്‍ വിലയ്ക്ക് ടിക്കറ്റെടുത്ത് കളി കാണാനെത്തിയ ആരാധകരുമുണ്ട്.എന്നാല്‍ കൊല്‍ക്കത്തന്‍ ആക്രമണത്തില്‍ കോട്ടകെട്ടി നിര്‍ത്തിയ പ്രതിരോധത്തിന്റെ മികവില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ട ഉദ്വേഗത്തിനൊടുവില്‍ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ഫൈനലിലും കിരീടം വിട്ടുകൊടുക്കേണ്ടി വന്നപ്പോള്‍ ആരാധകരുടെ നെഞ്ചു പിടയുകയായിരുന്നു.

ആരാധകര്‍ സ്‌നേഹത്തോടെ വല്യേട്ടനെന്ന് വിളിക്കുന്ന ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ട് എടുത്ത അവസാന കിക്ക് കൊല്‍ക്കത്ത ഗോളി ദേബ്ജിത് മജുംദാര്‍ തട്ടിയകറ്റുമ്പോള്‍ ഗ്യാലറിയിലുണ്ടായിരുന്ന അരലക്ഷത്തേിലധികം കാണികളും നിശ്ശബ്ദരായിപ്പോയിരുന്നു. കൊല്‍ക്കത്തയുടെ അവസാന കിക്കെടുക്കാനത്തെിയ ജുവല്‍ രാജ പിഴവുകൂടാതെ ഗ്രഹാം സ്റ്റാക്കിനെ കീഴടക്കിയപ്പോള്‍ താരങ്ങളുടെ അടര്‍ന്നുവീണ കണ്ണുനീര്‍ ഇതുവരെ തങ്ങളെ നെഞ്ചേറ്റിയ ആരാധകരോടുള്ള ക്ഷമാപണമായിരുന്നു.

ഗ്യാലറിയില്‍നിന്ന് നിറചിരിയുമായി സൗരവ് ഗാംഗുലി ഇറങ്ങിവന്നപ്പോള്‍ വിവിഐപി ലോഞ്ചിലിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെന്‍ഡുുല്‍കറുടെ നിരാശ പടര്‍ന്ന മുഖം ഗ്യാലറിയെ കൂടുതല്‍ വിഷമത്തിലാക്കി. എങ്കിലും തകര്‍ന്ന കളിക്കാര്‍ക്കിടയിലേക്ക് സച്ചിന്‍ ഇറങ്ങിവന്നു. അവരെ ആശ്വസിപ്പിച്ചു. പരിശീലകന്‍ സ്റ്റീവ് കൊപ്പലും വികാര വിക്ഷോഭങ്ങളൊന്നുമില്ലാതെ താരങ്ങളെ ആശ്വസിപ്പിക്കാന്‍ കളത്തിലിറങ്ങി.

കളികാണാന്‍ പതിവിലേറെ ആവേശത്തിലായിരുന്നു ആരാധകര്‍. തൊണ്ടപൊട്ടിയുള്ള ആര്‍പ്പുവിളികളും ബാന്‍ഡുമേളങ്ങളുമായി നേരത്തേയത്തെി അവര്‍ സ്റ്റേഡിയത്തിന്റെ ജീവനാഡിയായി. സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ആരാധകര്‍ കൊച്ചിയെ ലക്ഷ്യമാക്കി ഒഴുകുകയായിരുന്നു. മലബാറില്‍നിന്ന് കൊച്ചിയിലേക്കുള്ള തീവണ്ടികളില്‍ ആവേശം നിറച്ചായിരുന്നു വടക്കന്‍ ആരാധകരുടെ വരവ്. ഉച്ചയായപ്പോഴേക്കും സ്റ്റേഡിയം പരിസരം ആരാധകരെക്കൊണ്ട് നിറഞ്ഞു. 3.30 മുതല്‍ മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനമുള്ളൂവെന്ന് അറിയിച്ചെങ്കിലും ആരാധകരുടെ ഒഴുക്കു കാരണം പ്രവേശനം നേരത്തേയാക്കിയിരുന്നു.

Top