Chiking
Latest News

കൊച്ചിയിലെ കാണികള്‍ക്ക് സച്ചിന്റെയും ഗാംഗുലിയുടെയും അഭിനന്ദനം;ആരാധകരോട് ക്ഷമാപണവുമായി കൊപ്പല്‍

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: കൊച്ചിയിലെ സ്റ്റേഡിയത്തില്‍ ഇന്നലെ നിറഞ്ഞുകവിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും,സൗരവ് ഗാംഗുലിയുടെയും അഭിനന്ദനങ്ങള്‍.ഇത്രയധികം ഫുട്‌ബോള്‍ പ്രേമികള്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത് അവിശ്വസനീയമാണെന്ന് സച്ചിന്‍ പ്രതികരിച്ചു.കൊച്ചിയിലെ കാണികള്‍ തന്നെ അമ്പരപ്പിക്കുന്നതായിരുന്നവെന്നാണ് ഗാംഗുലി പറഞ്ഞത്.

അതേസമയം കിരീടം നഷ്ട്ടപ്പെട്ടതില്‍ കോച്ച് സ്റ്റീവ് കൊപ്പല്‍ ആരാധകരോട് ക്ഷമ പറഞ്ഞു.നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് മതിയായ പ്രതിഫലം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയാഞ്ഞതില്‍ ഖേദമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.പക്ഷേ കളി സമനിലയിലാക്കി പെനാല്‍റ്റിയിലാണ് കിരീടം നഷ്ടമായതെന്നും കൊപ്പല്‍ പറഞ്ഞു.ക്ഷീണിതരായ രണ്ട് ടീമുകളുടെ ഏറ്റുമുട്ടലായിരുന്നു ടൈംബ്രേക്കറില്‍ കണ്ടതെന്നും എന്നിരുന്നാലും കൊല്‍ക്കത്ത ടീമിനെ അഭിനന്ദിക്കുന്നതായും കൊപ്പല്‍ പറഞ്ഞു.മത്സരക്രമത്തിലെ തിരക്കിട്ട ഷെഡ്യൂള്‍ മൂലം തങ്ങള്‍ക്ക് വേണ്ടവിധം പരിശീലിക്കാനുള്ള സമയം ലഭിച്ചിരുന്നില്ലെന്നും കഴിഞ്ഞ കളിയും യാത്രയും കളിക്കാരെ ക്ഷീണിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.ഏഴ് ദിവസത്തിനുള്ളില്‍ കളിക്കേണ്ടി വന്നത് മൂന്ന് മത്സരങ്ങളാണ് ഇതിന് പുറമേ ഡല്‍ഹിയിലേക്കുള്ള നീണ്ട യാത്രകളും.

ഡല്‍ഹിയിലെ മത്സരം കഴിഞ്ഞശേഷം ഉടന്‍ നാട്ടിലേക്ക് മടങ്ങാന്‍ വിമാനം കിട്ടിയിരുന്നില്ല.പിറ്റേന്ന് രണ്ട് ടീമായിട്ടാണ് കൊച്ചിയിലേക്ക് തിരിക്കേണ്ടി വന്നത്. പുലര്‍ച്ചെ അഞ്ച് മണി ഡല്‍ഹി വിട്ട ടീമിന് നാട്ടിലെത്താനായത് എട്ടു മണിക്ക്.ഈ ദുരിതത്തിനിടെയിലും ടീം മികച്ച ഫോമിലാണ് കളിച്ചത്.കിരീടം നേടാന്‍ അവര് പരമാവധി പ്രയത്‌നിച്ചു.ലീഗില്‍ എല്ലായ്‌പ്പോഴും ഒപ്പമുണ്ടായിരുന്ന കാണികള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കിരീടം നേടാനായില്ലെങ്കിലും ഇതൊരു മഹത്തായ അനുഭവമായി മാറിയെന്നും കൊപ്പല്‍ കൂട്ടിച്ചേര്‍ത്തു.

കളിയുടെ ആദ്യ പകുതിയില്‍ പരിക്കേറ്റ ആരോണ്‍ ഹ്യൂസിനെ പിന്‍വലിക്കേണ്ടി വന്നതിനെക്കുറിച്ചും കൊപ്പല്‍ പറഞ്ഞു.ഡല്‍ഹിക്കെതിരെയുള്ള മത്സരത്തിലേറ്റ പരിക്കുമായാണ് ഹ്യൂസ് ഫൈനലിലിറങ്ങിയത്. അദ്ദേഹത്തിന് തന്റെ പരിക്ക് മൂലം സ്വതസിദ്ധമായ രീതിയില്‍ കളിക്കാന്‍ കഴിയാതെ വന്നതോടെയാണ് പകരക്കാരനെ ഇറക്കിയത്. അടുത്ത സീസണില്‍ ഹ്യൂസ് ഉണ്ടാകുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും കൊപ്പല്‍ പറഞ്ഞു.അടുത്ത സീസണ്‍ മത്സരത്തെക്കുറിച്ച്ടീമുടമകളുമായി ഇനിയും നിരവധി കൂടിക്കാഴ്ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും കൊപ്പല്‍ പറഞ്ഞു.

Top