Chiking
Latest News

ബാഗ്ദാദില്‍ ചാവേര്‍ സ്‌ഫോടനം; 35 മരണം; നിരവധിപേര്‍ക്ക് പരിക്ക്

Web Desk
Android App

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു.  61 പേര്‍ക്ക് പരിക്കേറ്റു. സദര്‍ സിറ്റിയിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തിലാണ് കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. രാവിലെ ജോലിക്കായി പോകുന്നതിന് കാത്തുനിന്നവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ചെക്കിംഗ് പോയിന്റില്‍ നിന്ന് മൂന്നു പൊലീസുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്ലാമിക് സ്റ്റേറ്റിന്റെ സുന്നി ജിഹാദിസ്റ്റ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഷിയ മുസ്ലീങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു.

തിങ്കളാഴ്ച അല്‍-കിന്ദി ഹോസ്പിറ്റലിനു സമീപമുണ്ടായ മറ്റൊരു കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു സാധാരണക്കാരനും സെക്യൂരിറ്റി ഉദ്യോഗസ്ഥനും മെഡിക്കല്‍ ഓഫീസറുമാണ് അല്‍-കിന്ദി ഹോസ്പിറ്റലിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ശനിയാഴ്ച ബാഗ്ദാദിലെ വ്യാപാരകേന്ദ്രത്തില്‍ 28 പേരുടെ മരണത്തിനിടയാക്കിയ രണ്ടു ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിരുന്നു. ഷിയ മുസ്ലീങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ് ബാഗ്ദാദിനു സമീപമുള്ള ഇറാഖി കൗണ്ടര്‍ ടെററിസം സര്‍വീസ് അക്കാഡമിയില്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ആക്രമണങ്ങള്‍ നടന്നത്.

Top