Chiking
Latest News

ഇഖാമ നിയമലംഘനത്തിന് പിഴ ഇരട്ടിയാക്കി കുവൈത്ത്

Web Desk
Android App

റിയാദ്: കുവൈത്തില്‍ ഇഖാമ നിയമലംഘനത്തിന് പിഴ ഇരട്ടിയാക്കി. പുതിയ നിരക്കനുസരിച്ചു ഇഖാമ കാലാവധി കഴിഞ്ഞവര്‍ ഓരോ ദിവസത്തിനും നാല് ദിനാര്‍ വീതം പിഴ നല്‍കണം. തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഇഖാമ കാലാവധി അവസാനിച്ചവരില്‍ നിന്ന് പിന്നീടുള്ള ഓരോ ദിവസത്തിനും രണ്ടു ദിനാര്‍ വീതമാണ് നിലവില്‍ പിഴയായി ഈടാക്കുന്നത്. ഇതാണ് നാല് ദിനാര്‍ ആയി വര്‍ധിപ്പിച്ചത്. വിസ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി നിരക്ക് ഇരട്ടിയാകാണാമെന്നു നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ നടപടി.

ഇതിനു പുറമെ ആശ്രിത വിസ സന്ദര്‍ശക വിസ എന്നിവക്കുള്ള ഫീസ് നിരക്കുകള്‍ എന്നിവ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയും മന്ത്രാലയത്തിന്റെ പരിഗണയിലാണ്. സന്ദര്‍ശക വിസക്ക് നിലവിലെ മൂന്ന് ദീനാറില്‍ നിന്ന് ഒരു മാസത്തേക്ക് 30 ദീനാര്‍, രണ്ടു മാസത്തേക്ക് 60 ദീനാര്‍, മൂന്നു മാസത്തേക്ക് 90 ദീനാര്‍ എന്നിങ്ങനെ വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. ആശ്രിത വിസക്ക് നിലവിലെ 100 ദീനാറില്‍ നിന്ന് കനത്ത വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്ക് 300 ദീനാര്‍ വീതം, ഭാര്യക്ക് 200 ദീനാര്‍, മക്കള്‍ക്ക് 150 ദീനാര്‍ വീതം എന്നിങ്ങനെയാണ് നിര്‍ദിഷ്ട നിരക്ക്. ഇഖാമ പുതുക്കുന്നതിനും താല്‍ക്കാലിക ഇഖാമക്കും 20 ദീനാര്‍ ഈടാക്കണം. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ നിലവിലുള്ള 10 ദീനാര്‍ പിഴ 20 ദീനാറായും വര്‍ധിപ്പിക്കണം എന്നിവയാണ് പഠന റിപ്പോര്‍ട്ടിലെ മറ്റു നിര്‍ദേശങ്ങള്‍. ഇഖാമ കാലാവധി കഴിഞ്ഞാല്‍ നല്‍കേണ്ട പിഴ ഇരട്ടിയാക്കിയ സാഹചര്യത്തില്‍ ഇതര നിര്‍ദേശങ്ങളും വൈകാതെ നടപ്പിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top