Chiking
Latest News

62 ാം ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്ന് പുണെയില്‍ തുടക്കം:കിരീട പ്രതീക്ഷയില്‍ കേരളം

Web Desk
Android App

പുണെ: 62 ാം ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് പുണയില്‍ തുടക്കം.പുണെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇത്തവണ മല്‍സരങ്ങള്‍.

നേരത്തേ വ്യത്യസ്ത പ്രായപരിധിയിലുള്ളവര്‍ക്ക് ഒരേ വേദിയില്‍ ഒരേദിവസങ്ങളില്‍ ഒന്നിച്ചാണ് മീറ്റ് നടത്തിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം മീറ്റ് മൂന്നായി വിഭജിച്ചു. 19 വയസ്സില്‍ത്താഴെ പ്രായമുള്ള (സീനിയര്‍) ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളും മത്സരം പുണെയില്‍ നടക്കുമ്പോള്‍ 17 വയസ്സില്‍ താഴെയുള്ളവരുടെ (ജൂനിയര്‍) മത്സരം ഹൈദരാബാദില്‍ നടക്കും. ജൂനിയര്‍ വിഭാഗത്തിന്റെ മത്സരത്തീയതി നിശ്ചയിച്ചിട്ടില്ല. 14 വയസ്സില്‍ താഴെയുള്ളവരുടെ (സബ് ജൂനിയര്‍) മത്സരം ഫെബ്രുവരി ഏഴുമുതല്‍ ഒമ്പതുവരെ ഇതേവേദിയില്‍ നടക്കും.

ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെയാണ് സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സിന് കൊടിയേറുന്നത്. തുടര്‍ന്ന് മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. മഹാരാഷ്ട്ര കായിക വകുപ്പ് മന്ത്രി വിനോദ് താവ്‌ഡെയാണ് കൗമാരകായികമേള ഉദ്ഘാടനം ചെയ്യുക. ഒളിമ്പ്യന്‍ ലളിത ബാബര്‍ മുഖ്യാതിഥിയാകും.ഉദ്ഘാടനദിവസം ഫൈനലുകളൊന്നും നടത്തേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചെങ്കിലും കേരളത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് 5000 മീറ്റര്‍ ഓട്ടത്തിന്റെ ഫൈനലുകള്‍ നടത്താന്‍ സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം കോഴിക്കോട്ട് സീനിയര്‍ജൂനിയര്‍ ആണ്‍പെണ്‍ വിഭാഗങ്ങളില്‍ കേരളമായിരുന്നു ജേതാവ്. കേരളത്തിന്റെ തുടര്‍ച്ചയായ 19 ാം കിരീടമായിരുന്നു ഇത്.എന്നാല്‍ ഇത്തവണ കേരളം ലക്ഷ്യമിടുന്നത് കിരീടനേട്ടമാണ്. 39 സ്വര്‍ണവും 29 വെള്ളിയുമടക്കം 306 പോയിന്റ് നേടിയാണ് കേരളം കഴിഞ്ഞവര്‍ഷം കിരീടമണിഞ്ഞത്. രണ്ടാമതെത്തിയ തമിഴ്‌നാടിന് 116 പോയിന്റുമാണ് ലഭിച്ചത്.

79 താരങ്ങളും 11 ഒഫീഷ്യലുകളുമടക്കം 90 പേരടങ്ങിയ കേരളത്തിന്റെ സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ പുണെയിലെത്തി. വൈകീട്ട് താരങ്ങള്‍ ബാലെവാടി ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി. ഇക്കുറി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 3000, 1500 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോഡിനേക്കാള്‍ മികച്ച സമയത്തോടെ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ പാലക്കാട് കല്ലടി കുമരംപുത്തൂര്‍ സ്‌കൂളിലെ സി. ബബിതയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓംകാര്‍നാഥും ടീമിനെ നയിക്കും.

Top