Chiking
Latest News

തിമിംഗല മുത്തശ്ശി ഓര്‍മ്മയായി

Web Desk
Android App

ഗ്രാനി അല്ലെങ്കില്‍ മുത്തശ്ശി എന്നറിയപ്പെട്ടിരുന്ന കൊലയാളി തിമിംഗലം മരിച്ചതായി ഗവേഷകര്‍. 105 ാം വയസ്സിലാണ് ഗ്രാനി ഇഹലോകവാസം വെടിഞ്ഞത്. ടൈറ്റാനിക് കപ്പല്‍ കടലില്‍ ഇറങ്ങുന്നതിനും ഒരു വര്‍ഷം (1911) മുന്‍പാണ് ഈ തിമിംഗല മുത്തശ്ശി ജനിച്ചത്. സാധാരണ 70-80 വയസ്സാണ് കൊലയാളി തിമിംഗലങ്ങളുടെ ആയുസ്സ്. എന്നാല്‍ കൊലയാളി തിമിംഗലങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്നതും ഗ്രാനിയാണ്.

1970 മുതലാണ് ഗവേഷകര്‍ ജെ.2 എന്ന ഔദ്യോഗിക നാമത്തിലറിയപ്പെട്ടിരുന്ന ഗ്രാനിയെ നിരീക്ഷിച്ചു തുടങ്ങുന്നത്. മനുഷ്യരെ പോലെ തന്നെ ആര്‍ത്തവം അനുഭവപ്പെടുന്ന മൂന്നു സസ്തനികളില്‍ ഒന്നാണ് കൊലയാളി തിമിംഗലങ്ങളും. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് ഗ്രാനിയെ നിരീക്ഷിച്ചിരുന്നത്. അവസാനഘട്ടത്തില്‍ വരെ ഗ്രാനിയില്‍ ആര്‍ത്തവലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

ഒക്ടോബര്‍ മുതല്‍ ഗ്രാനിയെ കണ്ടെത്താന്‍ ഗവേഷകര്‍ക്കു സാധിക്കാത്തതാണ് ഗ്രാനി മരിച്ചിരിക്കാമെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണം. ജോര്‍ജിയ ഉള്‍ക്കടല്‍ മുതല്‍ കാലിഫോര്‍ണിയ വരെയുള്ള പ്രദേശത്താണ് ഗ്രാനിയെ കണ്ടുവന്നിരുന്നത്. തെക്കന്‍ പസഫിക്കില്‍ കൊലയാളി തിമിംഗലങ്ങള്‍ എന്നറിയപ്പെടുന്ന സംഘത്തിന്റെ ഭാഗമായിരുന്നു ഗ്രാനി. ഈ സംഘത്തിലെ മിക്ക അംഗങ്ങളുടെയും അമ്മയോ മുത്തശ്ശിയോ മുതുമുത്തശ്ശിയോ ആയിരുന്നു ഗ്രാനി.

ഇതേ സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു പെണ്‍തിമിംഗലങ്ങള്‍ ഏതാണ്ട് ഇത്ര തന്നെ വര്‍ഷം ജീവിച്ചിരുന്നതായി മുന്‍പ് രേഖപ്പെടുത്തിയിട്ടുള്ളത്. 98 വര്‍ഷം ജീവിച്ചിരുന്ന ഓഷ്യന്‍ സണ്‍ , 95 വയസ്സ് വരെ ജീവിച്ചിരുന്ന ലൂമി എന്നിവയാണവ. ബൗഹെഡ് വിഭാഗത്തില്‍പ്പെട്ട തിമിംഗലങ്ങളാണ് ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള തിമിംഗല വിഭാഗം. 200 വയസ്സ് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.

Top