Chiking
Latest News

കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനെജ്‌മെന്റിന്റെയും അധ്യാപകരുടെയും മാനസിക പീഡനം; പാമ്പാടി നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം

Web Desk
Android App


കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനെജ്‌മെന്റിന്റെയും അധ്യാപകരുടെയും മാനസിക പീഡിപ്പിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ കീഴിലുളള തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് എസ്എഫ്‌ഐ അടക്കമുളള വിദ്യാര്‍ഥി സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ഇന്നലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ വിഷ്ണു തിരിഞ്ഞുനോക്കി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രവീണ്‍ എന്ന അധ്യാപകന്‍ മോശമായി പെരുമാറി. എല്ലാവരുടെയും മുന്നില്‍വെച്ചുളള മാനസികപീഡ കൂടാതെ ഡീബാര്‍ ചെയ്യുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഓഫിസില്‍ എത്തിയപ്പോഴും വിഷ്ണുവിനോടുളള മോശം പെരുമാറ്റം തുടര്‍ന്നു. ജിഷ്ണുവിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത പരീക്ഷാപേപ്പറില്‍ ഡീബാര്‍ ചെയ്യുന്നതിന്റെ ഭാഗമായി അധ്യാപകന്‍ മാര്‍ക്ക് ചെയ്‌തെന്നും ആരോപണമുണ്ട്.

ഡീബാര്‍ ചെയ്‌തേക്കുമെന്ന ഭയവും മാനെജ്‌മെന്റിന്റെയും അധ്യാപകരുടെയും അവഹേളനത്തില്‍ മനംനൊന്തുമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. വൈകിട്ട് ഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ് എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാത്തതിനെ തുടര്‍ന്നാണ് സഹപാഠികള്‍ തിരക്കിയെത്തിയത്. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിന് അപ്പോഴും ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവിടെയുണ്ടായിരുന്ന ആരോപണ വിധേയനായ പ്രവീണ്‍ എന്ന അധ്യാപകന്‍ തയ്യാറായില്ലെന്നും സഹപാഠികള്‍ ആരോപിക്കുന്നു.കൈയിലെ ഞരമ്പ് മുറിച്ചശേഷമാണ് ജിഷ്ണു തൂങ്ങിമരിച്ചത്.

Top