Chiking
Latest News

തട്ടേക്കാട് വനത്തില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം: ഒളിവിലായിരുന്ന രണ്ട് പേര്‍ പിടിയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

എറണാകുളം: തട്ടേക്കാട് വനത്തില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. നായാട്ടുസംഘത്തില്‍ ഉണ്ടായിരുന്ന അജീഷ്, ഷൈറ്റ് എന്നിവരാണ് പിടിയിലായത്.

തട്ടേക്കാട് വഴുതനപ്പിള്ളില്‍ മാത്യുവിന്റെ മകന്‍ ടോണി മരിച്ചത് അബദ്ധത്തില്‍ വെടിയേറ്റാണെന്ന് പിടിയിലായവര്‍ പോലീസിന് മൊഴിനല്‍കി. ആനയില്‍നിന്ന് രക്ഷപ്പെടാനാണ് വെടിവെച്ചത്. ഇത് അബദ്ധത്തില്‍ ടോണിയ്ക്ക് കൊള്ളുകയായിരുന്നെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

ബുധനാഴ്ച രാത്രി ഞായപ്പിള്ളി ഭാഗത്തെ വനാതിര്‍ത്തിയില്‍ നിന്ന് കിലോമീറ്റര്‍ ഉള്ളില്‍ വനത്തില്‍ ഞായപ്പിള്ളി മുടിയുടെ സമീപം രണ്ട് മലകള്‍ക്കിടയിലുള്ള കവല ഭാഗത്താണ് സംഭവം. കാട്ടില്‍ രാത്രി നായാട്ടിന് പോയ നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഞായപ്പിള്ളി വാട്ടപ്പിള്ളില്‍ തങ്കച്ചന്റെ മകന്‍ ബേസിലിനെ (34) ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ഗുരുതര നില തരണംചെയ്തു.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേല്‍ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തന്‍വീട്ടില്‍ അജേഷ് രാജന്‍ (28) എന്നിവര്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു.

ടോണി മരിച്ചത് ആനയുടെ ആക്രമണത്തിലാണെന്നായിരുന്നു അദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വെടിയേറ്റുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് ടോണിയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. മരിച്ച ടോണിയുടെ ദേഹത്ത് ആനയുടെ ആക്രമണത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നില്ല. ഗുരുതര പരിക്കേറ്റ് ആലുവയില്‍ ആശുപത്രിയില്‍ കഴിയുന്ന വാട്ടപ്പിള്ളി ബേസിലിനെയും ആന ആക്രമിച്ചില്ലെന്ന് പോലീസിനും വനം വകുപ്പ് മൊഴി നല്‍കിയിരുന്നു.

Top