Chiking
Latest News

ബംഗളൂരുവില്‍ യുവതിയുടെ നാവ് കടിച്ചുമുറിച്ചെന്ന ആരോപണം: സംഭവം യുവതി കാമുകനുമായി തയ്യാറാക്കിയ നാടകമെന്ന് പൊലീസ്

Web Desk
Indian Telegram Android App Indian Telegram IOS App


ബംഗളൂരു: യുവതിയും കാമുകനും ചേര്‍ന്നൊരുക്കിയ നാടകമാണ് ബംഗളൂരുവിലെ കെ.ജി. ഹള്ളിയില്‍ നടന്ന ലൈംഗികാതിക്രമമെന്ന് പൊലീസ്. യുവതിയുടെ കാമുകന്‍ ഇര്‍ഷാദ് ഖാനെ (34) ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരീഭര്‍ത്താവാണ് ഇര്‍ഷാദ് ഖാന്‍. മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. യുവതിക്ക് വിവാഹാലോചനകള്‍ വന്നതോടെ അത് മുടക്കാന്‍ രണ്ട് പേരും ചേര്‍ന്ന് തയ്യാറാക്കിയ നാടകമായിരുന്നു ലൈംഗിക അതിക്രമം.

കമ്മനഹള്ളിയില്‍ അതിക്രൂരലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനുപിന്നാലെയായിരുന്നു ഈ സംഭവവു നടന്നത്. കമ്മനഹള്ളി സംഭവത്തെ മാതൃകയാക്കിയാണ് യുവതിയും കാമുകനും പദ്ധതി തയ്യാറാക്കിയത്.

വെള്ളിയാഴ്ച രാവിലെ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോയ യുവതിയെ യുവാവ് കടന്നുപിടിച്ച് നാവും ചുണ്ടും കടിച്ചുമുറിച്ചതായാണ് പരാതി. യുവാവിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇത് ഇര്‍ഷാദാണെന്ന് പൊലീസ് കണ്ടെത്തി. യുവതി സ്വയം നാവിലും ചുണ്ടിലും മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വിവാഹം കഴിക്കുവാന്‍ ആരും തയ്യാറാകില്ലെന്ന് ഇരുവരും കരുതി. അങ്ങനെവരുമ്പോള്‍ സഹോദരിയുടെ ഭര്‍ത്താവ് ഇര്‍ഷാദ് യുവതിയെ വിവാഹം കഴിക്കാന്‍ സന്നദ്ധനായിവരും. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടത്താമെന്നായിരുന്നു പദ്ധതി. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളും പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

യുവതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പോലീസ് അഡീഷണല്‍ കമ്മിഷണര്‍ ഹേമന്ത് നിംബാല്‍ക്കര്‍ പറഞ്ഞു. കെ.ജി. ഹള്ളി പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിക്കഴിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചിരുന്നു. സ്ത്രീകള്‍ ഇവിടെ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പൊലീസിനോട് തട്ടിക്കയറുവാനും മറ്റും ഇര്‍ഷാദും മുന്‍പിലുണ്ടായിരുന്നു. ഇര്‍ഷാദിന്റെ നടപ്പുശൈലിയും സി.സി.ടി.വി. ദൃശ്യത്തിലെ യുവാവിന്റെ നടപ്പും ഒരേപോലെയാണെന്ന് പൊലീസ് കണ്ടെത്തി. ഇതാണ് കേസിന് തുമ്പുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

Top