Chiking
Latest News

ജിഷ്ണുവിന്റെ ആത്മഹത്യ: കെഎസ്‌യു പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു; നെഹ്റു എഞ്ചി. കോളെജ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു

Web Desk
Indian Telegram Android App Indian Telegram IOS App

തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിട്യൂഷന്റെ കീഴിലുളള തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിലാണ് പ്രതിഷേധം. കോളേജ് മാനേജ്‌മെന്റിനെതിരെയാണ് വിദ്യാര്‍ത്ഥി സംഘടനകളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം നടത്തുന്നത്.

വിദ്യാര്‍ത്ഥി സംഘനകളുടെ നേതൃത്വത്തില്‍ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. പ്രതിഷേധം ഭയന്ന് തിങ്കളാഴ്ച മുതല്‍ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍, പ്രതിഷേധം മറികടക്കാനുള്ള അധികൃതരുടെ തന്ത്രം മാത്രമാണിതെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം.

ഇതിനിടെ കോളജ് വളപ്പിനുള്ളിൽ കടന്ന എസ്എഫ്ഐ പ്രവർത്തകർ കോളജ് തല്ലിത്തകർത്തു. പൊലീസ് വലയം ഭേദിച്ച് ഉള്ളിൽ കടന്ന പ്രവർ‌ത്തകരാണ് കോളജ് അടിച്ചു തകർത്തത്. ഓഫിസ് കെട്ടിടത്തിലെ മുഴുവൻ മുറികളും ക്ലാസ് മുറികളും കന്റീനുമടക്കം തല്ലിത്തകർത്തു.

കോളജികത്തു കടന്ന ഒരു വിദ്യാർഥിയെ അകത്തിട്ടു മർദ്ദിച്ചതോടെയാണ് വിവിധ ഭാഗങ്ങളിൽനിന്നു കൂടുതൽ വിദ്യാർഥികൾ അകത്തേയ്ക്ക് കടന്നത്. സംഭവ സ്ഥലത്തേക്ക് കൂടുതൽ പൊലീസുകാരെ അയച്ചിട്ടുണ്ട്. കെഎസ്‌യു, എംഎസ്എഫ് മാർച്ചിനു പിന്നാലെയാണ് എസ്എഫ്ഐക്കാർ കോളജിലേക്കെത്തിയത്. മാനേജുമെന്റിന്റെ പീഡനത്തെത്തുടർന്നു വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് വിദ്യാർഥി നേതാക്കൾ ആരോപിച്ചു. പ്രദേശത്തു വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ കോളജ് പരിസരത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന് വൈസ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജിഷ്ണുവിന്റെ മൂക്കിന്റെ വലതുഭാഗത്തായി മര്‍ദ്ദനമേറ്റ് രക്തം കനച്ചു കിടക്കുന്നുണ്ടെന്നും ഉളളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നാണ് ബന്ധുകളുടെ ആരോപണം. കോപ്പിയടിച്ചതിന് ജിഷ്ണുവിനെ തങ്ങള്‍ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പലും പി.ആര്‍.ഒയും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് മാനസിമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. ഇതാദ്യമായല്ല കോളേജില്‍ വിദ്യാര്‍ത്ഥി പീഡനം നടക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതേ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും വിഷ്ണുവിന്റെ സുഹൃത്തുക്കളും മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന രീതികളും ഡിസിപ്ലിന്‍ മാനേജര്‍മാരെ ഉപയോഗിച്ച് പീഢനമുറകള്‍ അഴിച്ചുവിടുന്നുണ്ടെന്നും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.

പ്രതിഷേധം ശക്തമായത്തോടെ കോളേജിനെ പറ്റിയും അവിടുത്തെ അനുഭവങ്ങളെ പറ്റിയുമെല്ലാം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടും തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്.

Top