ജിഷ്ണു കോപ്പിയടിച്ചെന്ന കോളെജിന്റെ വാദം പൊളിയുന്നു; പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷാ കണ്ട്രോളര് (വീഡിയോ)
Web Desk
തൃശ്ശൂര്‍: തൃശ്ശൂര്‍ പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിന്റെ വാദങ്ങള്‍ തള്ളി കേരള സങ്കേതിക സര്‍വകലാശാല. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്ട്രോളര് വ്യക്തമാക്കി.
വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശപ്രകാരം തെളിവെടുപ്പിനായി നെഹ്റു കോളേജില്‍ എത്തിയപ്പോള്‍ ആണ് പരീക്ഷ കണ്ട്രോളര് ഡോ.എസ്.ഷാബു ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.ജിപി പത്മകുമാറിനൊപ്പമാണ് പരീക്ഷ കണ്ട്രോളര് കോളേജില്‍ തെളിവെടുപ്പിനായി എത്തിയത്.
പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുകയോ, കൃതിമം കാണിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ അന്നേ ദിവസം തന്നെ സര്‍വകലാശാലയെ അറിയിക്കണം എന്നാണ് ചട്ടം. എന്നാല്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി കോപ്പിയടിച്ചതായി ഒരു പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുളള പരീക്ഷ കണ്ട്രോളര് വ്യക്തമാക്കിയിരിക്കുന്നത്.
പരീക്ഷയ്ക്കിടെ കോപ്പിയടിച്ച വിഷ്ണുവിന് അധ്യാപകര്‍ പിടികൂടുകയും ഈ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ വാദിച്ചിരുന്നത്. എന്നാല്‍ ക്ലാസ്സ് റൂമില്‍ വച്ച് ജിഷ്ണുവിനെ അധ്യാപകര്‍ അപമാനിച്ചെന്നും ജിഷ്ണുവിന്റെ മൃതദേഹത്തില്‍ കണ്ട മുറിപാടുകള്‍ മര്‍ദ്ദമേറ്റതിന്റെ ലക്ഷണമാണെന്നുമാണ് ജിഷ്ണുവിന്റെ കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.