Chiking
Latest News

സഹകരണബാങ്കുകള്‍ മുതല്‍ മാധ്യമസ്ഥാപനങ്ങള്‍ വരെ; ജീവനക്കാരുടെ പിഎഫ് വെട്ടിച്ച് വന്‍കിട സ്ഥാപനങ്ങള്‍; കുടിശിക വരുത്തിയവരില്‍ മുന്‍പന്തിയില്‍ ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക്; അമൃത, കിറ്റെക്‌സ്, മനോരമ, മലബാര്‍ എന്നിവരും പിഎഫ് ‘വെട്ടിപ്പ്’ പട്ടികയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ മുതല്‍ മാധ്യമസ്ഥാപനങ്ങള്‍ വരെ പല ഉന്നത സ്ഥാപനങ്ങളും ജീവനക്കാരുടെ പിഎഫ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്. പത്ത് ലക്ഷത്തിലേറെ കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ പട്ടികയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കേരള പുറത്തുവിട്ടിരിക്കുന്നത്. മലയാള മനോരമ, മലബാര്‍ ഗോള്‍ഡ്, അമൃത സ്ഥാപനങ്ങള്‍, കിറ്റെക്‌സ് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളും പിഎഫ് വെട്ടിച്ചവയില്‍ ഉള്‍പ്പെടുന്നു. 396 കമ്പനികളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ശമ്പളത്തില്‍ നിന്ന് പിഎഫ് തുക പിടിച്ച ശേഷമാണ് മാനേജ്‌മെന്റുകള്‍ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം വിതരണം ചെയ്യുന്നത്. തൊഴിലാളികളില്‍ നിന്ന് പിടിച്ചുവെച്ച തുകയ്‌ക്കൊപ്പം മാനേജ്‌മെന്റ് വിഹിതവും ചേര്‍ത്താണ് പിഎഫ് അടയ്‌ക്കേണ്ടത്. പിഎഫ് അടയ്ക്കല്‍ മുടങ്ങുമ്പോള്‍ വ്യക്തമാകുന്നത് കമ്പനി വിഹിതവും ചേര്‍ക്കാതെ തൊഴിലാളികളില്‍ നിന്ന് നിശ്ചിത സംഖ്യ ഈടാക്കി തുക മാനേജ്‌മെന്റ് പിടിച്ചുവെയ്ക്കുന്നുവെന്നാണ്.

ആലപ്പുഴ ജില്ലാ സഹകരണ ബാങ്കാണ് ഇത്തരത്തില്‍ ലക്ഷങ്ങളും കോടികളും പിഎഫ് ഇനത്തില്‍ കുടിശിക വരുത്തി തൊഴിലാളികളുടെ അര്‍ഹമായ അവകാശം ഹനിച്ചവരില്‍ മുന്‍പന്തിയില്‍. 29 കോടി രൂപയിലധികമാണ് പിഎഫ് ഇനത്തില്‍ വരുത്തിയ കുടിശിക. തൊട്ടുപുറകെ മലപ്പുറം ജില്ലാ സഹകരണ ബാങ്കാണ്. 20 കോടിയിലധികം കുടിശികയുണ്ട്.

ഒരു കോടി 61 ലക്ഷത്തിലധികം തുകയാണ് മലയാള മനോരമ പിഎഫ് ഇനത്തില്‍ കുടിശ്ശിക വരുത്തിയത്. മനോരമയുടെ തന്നെ എംഎം പബ്ലിക്കേഷന്‍സ് 15 ലക്ഷം രൂപയുടെ വീഴ്ച വരുത്തി. മംഗളം, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍ ടിവി, നിലച്ച ഇന്ത്യാവിഷന്‍ ചാനല്‍ എന്നിവയടക്കം 10 ലക്ഷത്തിലധികം പിഎഫ് കുടിശ്ശിക വരുത്തിയ മാധ്യമസ്ഥാപനങ്ങളാണ്. 2014ല്‍ പ്രവര്‍ത്തനം നിലച്ച ഇന്ത്യാവിഷന്‍ അതുവരെ ഒരു കോടി 34 ലക്ഷം രൂപയിലധികമാണ് അടയ്ക്കാനുണ്ടായിരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് 45 ലക്ഷം വീഴ്ച വരുത്തിയിട്ടുണ്ട്.

അഴിമതിരഹിത ഭരണം എന്ന വാദമുയര്‍ത്തി കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി-ട്വന്റിയിലൂടെ ഭരണം പിടിച്ചെടുത്ത കിറ്റെക്‌സ് ആറ് കോടിയിലധികമാണ് പിഎഫ് ഇനത്തില്‍ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയത്. കിറ്റെക്‌സ് എറണാകുളം ഒരു കോടി എണ്‍പത്തിനാല് ലക്ഷം രൂപയും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 77 ലക്ഷം രൂപയും കിറ്റെക്‌സ് ചില്‍ഡ്രന്‍ വെയര്‍ ലിമിറ്റഡ് മൂന്നരകോടിയോളം രൂപയുമാണ് പിഎഫ് വെട്ടിച്ചിരിക്കുന്നത്.

അമൃത, ലേക് ഷോര്‍, മിംസ്, കിംസ്, തിരുവല്ല പുഷ്പഗിരി ആശുപത്രി തുടങ്ങിയ വമ്പന്‍ ആതുരാലയങ്ങളും സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അടക്കം സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലും പിഎഫിന്റെ കാര്യത്തില്‍ ക്രമക്കേട് നടക്കുന്നു. നാല് കോടി 93 ലക്ഷം രൂപയാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പിഎഫ് ഇനത്തില്‍ വീഴ്ച വരുത്തിയത്.

Top