Chiking
Latest News

ഗാംഗുലിയില്ലാത്ത മികച്ച നായകന്മാരുടെ പട്ടിക തയ്യാറാക്കിയ സംഭവം ;രവി ശാസ്ത്രിക്ക് ബുദ്ധിയില്ലെന്ന് അസ്ഹറുദ്ദീന്‍

Web Desk
Android App

ഹൈദരബാദ്: ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്താത്ത രവിശാസ്ത്രിക്കെതിരെ രൂക്ഷപരിഹാസവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ശാസ്ത്രിയുടെ പ്രവൃത്തി ബുദ്ധിയില്ലായ്മയാണെന്നും അസ്ഹറുദ്ദീന്‍ പരിഹസിച്ചു.

ശാസ്ത്രി പറഞ്ഞത് ശുദ്ധ വിഢിത്തം ആണ്, അദ്ദേഹത്തിന് കണക്കുകള്‍ ലഭ്യമായിരുന്നില്ലേ, ശാസ്ത്രി പറഞ്ഞതിനെ ആളുകള്‍ എങ്ങനെ കണക്കിലെടുക്കും എന്നത് എന്റെ വിഷയമല്ല, അദ്ദേഹത്തിന്റെ മുന്‍വിധികള്‍ ഒരിക്കലും ഇന്ത്യന്‍ ക്രിക്കറ്റിന് സംഭാവന നല്‍കിയവരെ അവഗണിക്കാന്‍ ഇടയാക്കരുതെന്നും അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമായിരുന്നു ഇന്ത്യയിലെ മികച്ച ക്യാപ്റ്റന്‍മാരുടെ പട്ടിക രവി ശാസ്ത്രി തയ്യാറാക്കിയത്. പട്ടികയില്‍ എംഎസ് ധോണിയെ സൂപ്പര്‍ ക്യാപ്റ്റനാക്കിയപ്പോള്‍ സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്താതിരുന്നത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ‘ദാദാ ക്യാപ്റ്റന്‍’ എന്നാണ് ശാസ്ത്രി ധോണിയെ വിശേഷിപ്പിച്ചത്. എല്ലാം ജയിച്ച നായകനാണ് ധോണി. അദ്ദേഹത്തിന് ഇനിയൊന്നും തെളിയിക്കാനില്ല. എല്ലാ ഫോര്‍മാറ്റിലും ജയിച്ച, കിരീടങ്ങളെല്ലാം സ്വന്തമാക്കിയ ബുദ്ധിമാനായ ക്യാപ്റ്റനാണ് ധോണി. അദ്ദേഹത്തിനരികില്‍ ആരുമില്ല. ദാദാ ക്യാപ്റ്റന് എന്റെ അഭിവാദ്യങ്ങള്‍. ഇങ്ങനെയായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍.

ശാസ്ത്രിയുടെ  മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ധോണിക്കു പിന്നാലെ കപില്‍ദേവ്, അജിത് വഡേക്കര്‍, മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി എന്നിവര്‍ക്കായിരുന്നു സ്ഥാനം. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒറിജിനല്‍ ദാദയായ ഗാംഗുലിയെ വെട്ടിയത് ആരാധകര്‍ക്ക് പിടിച്ചില്ല. ഗാംഗുലിയുമായുള്ള വ്യക്തിവിരോധമാണ് ശാസ്ത്രിയുടെ പട്ടികയില്‍ പ്രതിഫലിച്ചതെന്നാണ് വിമര്‍ശകരുടെ ആരോപണം. ഗാംഗുലിയെ കൂടാതെ അസ്ഹറുദ്ദീനെയും വിരാട് കൊഹ്‌ലിയെയും ശാസ്ത്രി പിന്തള്ളിയിരുന്നു.

Top