Chiking
Latest News

കുവൈത്തില്‍ വിദേശികളുടെ ചികിത്സാഫീസ് വര്‍ധിപ്പിക്കും; വര്‍ധന അനിവാര്യമെന്ന് ആരോഗ്യമന്ത്രി

Web Desk
Indian Telegram Android App Indian Telegram IOS App


കുവൈത്ത് സിറ്റി: വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന അനിവാര്യമെന്നു കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി. ഇഖാമയുള്ളവരെന്നും സന്ദര്‍ശക വിസയില്‍ എത്തിയവരെന്നുമുള്ള വ്യത്യാസമില്ലാതെ എല്ലാ വിദേശികളുടെയും ചികിത്സാഫീസ് വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ധനയുടെ തോത് തീരുമാനിച്ചിട്ടില്ലെന്നും സന്ദര്‍ശക വിസയില്‍ എത്തുന്നവരെ മാത്രം ഉദ്ദേശിച്ചാണു വര്‍ധന നടപ്പാക്കുകയെന്നും മന്ത്രാലയം അധികൃതരെ ഉദ്ധരിച്ചു കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ നിരക്കു വര്‍ധന സംബന്ധിച്ചു നേരത്തെ നടത്തിയ പ്രസ്താവന ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു. അടുത്തമാസം പകുതിയോടെ നിരക്ക് വര്‍ധന നിലവില്‍ വരുമെന്നായിരുന്നു നേരത്തെ മന്ത്രിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ പുതിയ പ്രസ്താവനയില്‍ വര്‍ധന പ്രാബല്യത്തില്‍ വരുന്ന തീയതി സംബന്ധിച്ചു സൂചനയില്ല. വളരെക്കാലമായി നിരക്കുവര്‍ധന ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യമേഖലയിലെ ചെലവുമായി പൊരുത്തപ്പെടും വിധമുള്ള വര്‍ധന അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. വര്‍ധന മിതമായ തോതിലായിരിക്കുമെന്നു ഡോ. ജമാല്‍ അല്‍ ഹര്‍ബി അറിയിച്ചു. കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ക്കും താങ്ങാന്‍ കഴിയും വിധമുള്ളതാകും വര്‍ധന. എല്ലായിനം മരുന്നുകള്‍ക്കും നിരക്കു വര്‍ധനയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അമേരിക്കയിലും യൂറോപ്പിലും ഭീമമായ തുകയ്ക്കു വില്‍ക്കുന്ന ചിലയിനം മരുന്നുകള്‍ കുവൈത്തില്‍ സൗജന്യമായി നല്‍കുന്നുണ്ട്. മരുന്ന് ഇനത്തില്‍ വന്‍ തുകയാണു സര്‍ക്കാര്‍ ചെലവഴിക്കുന്നത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും വില വര്‍ധനയുണ്ടാകും. ഇന്‍ഷുറന്‍സുമായി ബന്ധപ്പെടുത്തി സ്വകാര്യമേഖല വഴി അത്തരം മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനമാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിരക്കു വര്‍ധന വിദേശികള്‍ക്കു പ്രയാസമുളവാക്കുമെങ്കിലും സംവിധാനങ്ങള്‍ ഒരുക്കുന്നതിനും മറ്റുമുള്ള ചെലവ് പരിഗണിക്കുമ്പോള്‍ വളരെ അനിവാര്യമാണെന്നു പാര്‍ലമെന്റിന്റെ ആരോഗ്യസമിതി അംഗം ഖാലിദ് അല്‍ മൂനിസ് പ്രസ്താവിച്ചു. നിരക്ക് വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സമിതി ചര്‍ച്ചചെയ്യുമെന്നും അതു പൂര്‍ത്തിയാകുന്നതുവരെ തീരുമാനം നടപ്പിലാക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതിനകം പുറത്തുവന്ന നിരക്കു വിദേശികള്‍ക്കു താങ്ങാന്‍ പറ്റാത്തതാണെന്നും യുക്തിസഹമല്ലെന്നും യൂസഫ് ഫദലാഹ് എംപി പ്രസ്താവിച്ചു. കുറഞ്ഞ വരുമാനക്കാരെക്കൂടി കണക്കിലെടുത്തുള്ളതാകണം വര്‍ധനയെന്ന് അദ്ദേഹം പറഞ്ഞു.

Top