Chiking
Latest News

ജോസുവിന് പിന്നാലെ സ്റ്റാക്കും ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി ബ്രിട്ടീഷ് ക്ലബ്ബിനായി പരിശീലകന്റെ റോളില്‍

Web Desk
Indian Telegram Android App Indian Telegram IOS App

ലണ്ടന്‍: കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജോസു പ്രീറ്റോ സ്പാനിഷ് ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരമായ ഗ്രഹാം സ്റ്റാക്കും കൂടുവിട്ടു. ഹാംഷെയറില്‍ നിന്നുളള ബ്രിട്ടീഷ് ക്ലബ് എസ്റ്റലെയ്ഗിന്റെ ഗോള്‍ കീപ്പര്‍ പരിശീലകനായിട്ടാണ് സ്റ്റാക്ക് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഒന്നര വര്‍ഷത്തേയ്ക്കാണ് ബ്രിട്ടീഷ് ക്ലബ്ബുമായി സ്റ്റാക്ക് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി തരക്കേടില്ലാത്ത പ്രകടനമാണ് സ്റ്റാക്ക് കാഴ്ച്ചവെച്ചത്. കൊച്ചിയില്‍ നടന്ന ഫൈനലിലും ബ്ലാസ്റ്റേഴ്‌സിന്റെ വലകാത്തത് സ്റ്റാക്ക് ആയിരുന്നു. ഐഎസ്എല്ലിനിടെ യൂറോപ്പില്‍ ഇന്ത്യയെ പരിചയപ്പെടുത്തികൊണ്ട് സ്റ്റാക്ക് സ്‌കൈ സ്‌പോട്‌സില്‍ എഴുതിയ ബ്ലോഗ് ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെ വ്യത്യസ്തമായ കാഴ്ച്ചകളും കേരളത്തിന്‍രെ ഫുട്‌ബോള്‍ ആരാധനയുമൊക്കെയായിരുന്നു ബ്ലോഗെഴുത്തില്‍ സ്റ്റാക്കിന്റെ വിഷയം.

ഇംഗ്ലണ്ടിലെ ബര്‍ണെറ്റ് എഫ്‌സിയില്‍ നിന്നാണ് സ്റ്റാക്ക് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്. ബ്ലാസ്‌റ്റേഴ്‌സിന് മുമ്പ് നാലു സീസണുകളില്‍ സ്റ്റാക്ക് കളിച്ചത് ബര്‍ണെറ്റ് എഫ്‌സിയ്ക്ക് വേണ്ടിയായിരുന്നു. ഇംഗ്ലണ്ടിലെ ഹാംപ്‌സ്റ്റെഡ് സ്വദേശിയായ സ്റ്റാക്ക് അയര്‍ലന്‍ഡ് അണ്ടര്‍ 21 ടീമിനു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ദേശിയ ടീമുകളില്‍ കളിച്ചു പരിചയമില്ലാത്ത സ്റ്റാക്ക് ക്ലബ് ഫുട്‌ബോളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായിരുന്ന ആര്‍സനലിനു വേണ്ടി 2000 മുതല്‍ 2006 വരെ സ്റ്റാക്ക് കളിച്ചിട്ടുണ്ട്.

Top