തീവ്രവാദം തടയാന്‍ ചൈന പാക് അതിര്‍ത്തിയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു
Web Desk
ബീജിംഗ്: ചൈന-പാകിസ്താന് അതിര്‍ത്തിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സുരക്ഷ വര്ദ്ധിരപ്പിക്കാനൊരുങ്ങി സിന്‍ജിയാങ് സര്‍ക്കാര്‍. ചൈനയിലെ സിന്‍ജിയാങിലുള്ള പ്രശ്നബാധിത പ്രദേശത്തെ അതിര്‍ത്തിലൂടെ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം തടയാന്‍ പാകിസ്ഥാന് കഴിയാത്തതിലുള്ള അസംതൃപ്തിയാണ് ഇതിലൂടെ ചൈന പ്രകടമാക്കുന്നതെന്നാണ് സൂചന.
അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും പരിശീലനം ലഭിക്കുന്ന തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താനായി പ്രവിശ്യയിലേക്ക് തിരികെ എത്തുന്നതിനെ കുറിച്ചുള്ള ആശങ്ക സിന്‍ജിയാംഗ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഡിസംബറില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രവിശ്യയില്‍ അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന തെരച്ചിലില്‍ മൂന്നു തീവ്രവാദികളെ കൊലപ്പെടുത്തിയിരുന്നു. പ്രാദേശിക തീവ്രവാദികളും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമുള്ള താലിബാന് ക്യാമ്പുകളും തമ്മിലുള്ള ബന്ധം കനത്ത ആശങ്ക ഉയര്‍ത്തുന്നു എന്നാണ് സിന്‍ജിയാങ് നേതാക്കള്‍ പറയുന്നത്. അതിര്‍ത്തി കടന്നുള്ള അനധികൃത പ്രവേശനങ്ങളും പുറത്തുപോകലുകളും തടയാനുള്ള എല്ലാ നടപടികളും ആരംഭിച്ചു കഴിഞ്ഞുവെന്ന് സിന്‍ജിയാങ് അധികൃതര്‍ അറിയിച്ചു.