Chiking
Latest News

ജിഷ്ണുവിന്റെ മരണം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെഎസ്‌യു

Web Desk
Indian Telegram Android App Indian Telegram IOS App


കോഴിക്കോട്: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ്. മാനേജ്‌മെന്റിനൊപ്പം സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. പകരം സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ പ്രകാശവേഗത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.

സംഭവത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണം. സര്‍ക്കാരിലെ സ്വാധീനമുപയോഗിച്ചു രക്ഷപ്പെടാനാണു മാനേജ്‌മെന്റ് ശ്രമിക്കുന്നത്. സര്‍വകലാശാലയുടെ അന്വേഷണം പ്രഹസനമാണെന്നും ആരോപിച്ചു. നെഹ്‌റു ഗ്രൂപ്പിന്റെ കോളജുകളില്‍ അധികൃതരുടെ ഒത്താശയോടെ റാഗിങ് നടക്കുന്നുണ്ടെന്നു പരാതിയുണ്ട്.

പീഡനത്തിനിരയാകുന്ന വിദ്യാര്‍ഥികള്‍ ഭയംമൂലം പലപ്പോഴും പരാതിപ്പെടാറില്ല. അതിനാല്‍ തന്നെ വിദ്യാര്‍ഥി സംഘടനകളടക്കം ഇക്കാര്യങ്ങള്‍ അറിയാറുമില്ല. കലാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചതു ചരിത്രപരമായ വിഡ്ഢിത്തമായെന്നും ഇക്കാര്യത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ക്കു തെറ്റുപറ്റിയെന്നും ജോയ് പറഞ്ഞു.

Top