Chiking
Latest News

മോദിയുടെ നയങ്ങള്‍ ദുരന്തവും പരാജയവും; മന്‍മോഹന് കീഴില്‍ കശ്മീര്‍ ശാന്തമായിരുന്നുവെന്ന് കോണ്‍ഗ്രസ്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിന്‍ കീഴില്‍ ജമ്മു കശ്മീര്‍ സാധാരണനിലയിലായിരുന്നു. വിനോദസഞ്ചാരം ഏറ്റവും ഉയര്‍ന്ന തലത്തിലായിരുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. മോദിയുടെ നയങ്ങള്‍ ദുരന്തവും പരാജയവുമാണ്. പാകിസ്താനുമായുള്ള ബന്ധത്തില്‍ എങ്ങനെ മുന്നോട്ടു പോകണമെന്ന് ഒരു ദീര്‍ഘദൃഷ്ടിയും അദ്ദേഹത്തിനില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കശ്മീര്‍ വിഷയത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നിരന്തരമായി വേട്ടയായിരുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആരോപിച്ചു. കശ്മീരിലെ അസ്വസ്ഥത വര്‍ധിച്ചത് അവിടുത്തെ വിനോദസഞ്ചാരത്തെ ബാധിച്ചു. മന്‍മോഹന്റെ സമയത്ത് കശ്മീരിലേക്ക് വിദേശ, ഇന്ത്യന്‍ സഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് അവിടെ വിനോദസഞ്ചാരമേ ഇല്ല.

കശ്മീരില്‍ അക്രമം വ്യാപിപ്പിക്കാന്‍ വിഘടനവാദികള്‍ക്ക് പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ ഫണ്ട് നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളി!ല്‍ വിശദമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ ഗൗരവതരമാണെന്നും അന്വേഷണം ആവശ്യമാണെന്നും കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പറഞ്ഞു.

ഇപ്പോഴത്തെ അരക്ഷിതമായ അവസ്ഥയില്‍നിന്നും ജമ്മു കശ്മീരിലെ ജനങ്ങളെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമെ സാധിക്കൂവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടിരുന്നു. മന്‍മോഹന്‍ സിങ്ങിന് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, അതിനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇരുരാജ്യങ്ങളും തമ്മില്‍ കശ്മീരില്‍ തുടര്‍ന്നുവരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ ഈ ദുരിതം കശ്മീരിലെ ജനങ്ങള്‍ക്കു പേറേണ്ടിവരുമായിരുന്നില്ല. എന്നാല്‍, അതിനുള്ള ധൈര്യവും അദ്ദേഹത്തിനില്ലാതെ പോയെന്നും മെഹബൂബ കുറ്റപ്പെടുത്തിയിരുന്നു.

Top