Chiking
Latest News

മൂന്നാറില്‍ അനുമതിയില്ലാതെ പുതിയ കെട്ടിടങ്ങള്‍ പാടില്ല: ദേശീയ ഹരിത ട്രൈബ്യൂണല്‍

Web Desk
Indian Telegram Android App Indian Telegram IOS App


മൂന്നാറില്‍ അനുമതിയില്ലാതെ പുതിയ കെട്ടിടങ്ങള്‍ പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ചെന്നൈ ഹരിത ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. കെട്ടിടങ്ങൾ നിർമിക്കാൻ റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതി നിർബന്ധമാക്കി ട്രെെബ്യൂണൽ ഉത്തരവിട്ടു.

മൂന്നാർ പഞ്ചായത്ത് ചട്ടം ലംഘിച്ച് പുതിയ കെട്ടിടങ്ങൾക്ക് എെ.ഒ.സി നൽകിയെന്നും ഇവിടെ കെട്ടിടങ്ങൾ നിർമ്മിക്കാൻ പഞ്ചായത്തിന്റെ അനുമതി മാത്രം പോരെന്നും ഹരിത ട്രെെബ്യൂണൽ വ്യക്തമാക്കി. എലമരക്കാട്ടിൽ നിന്ന് മരം മുറിക്കരുതെന്നും കേസിൽ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ കക്ഷി ചേരണമെന്നും ട്രെെബ്യൂണലിന്റെ ഉത്തരവിൽ പറയുന്നു.

അതേസമയം, മൂന്നാറിൽ പ്രത്യേക നയമുണ്ടെന്ന് ട്രെെബ്യൂണലിൽ സർക്കാർ വ്യക്തമാക്കി. അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.

മൂന്നാർ കയ്യേറ്റമൊഴിപ്പിയ്ക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ലംഘിച്ച് ഒട്ടേറെ റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും പഞ്ചായത്ത് എന്‍ഒസി നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഹരിതട്രൈബ്യൂണലിന്റെ കർശന ഉത്തരവ്. സംസ്ഥാന സർക്കാരിന് വേണ്ടി ഇടുക്കി ജില്ലാ കലക്ടർ നൽകിയ ഇടക്കാല റിപ്പോർട്ടിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

മൂന്നാറിൽ പുതിയ കെട്ടിടനിർമ്മാണം പൂർണമായും നിരോധിക്കണമെന്ന് കേസിൽ കക്ഷി ചേർന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടെങ്കിലും ട്രൈബ്യൂണൽ ഇത് അംഗീകരിച്ചില്ല. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുകയും നിലവിലുള്ളവയ്ക്ക് ലൈസൻസ് പുതുക്കി നൽകരുതെന്നും ഉത്തരവിടുകയാണ് ട്രൈബ്യൂണൽ ചെയ്തത്. 2010 മുതല്‍ എൻഒസി നൽകിയ റിസോർട്ടുകളുടെ വിവരങ്ങൾ സമർപ്പിക്കാനും മൂന്നാർ പഞ്ചായത്തിനോട് ട്രൈബ്യൂണൽ നിർദേശിച്ചു.

Top