Chiking
Latest News

എം.ടി രമേശ് സെന്‍കുമാറുമായി കൂടിക്കാഴ്ച നടത്തി; സെൻകുമാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് എം.ടി.രമേശ്

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിനെ കുമ്മനം ബിജെപിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ പാര്‍ട്ടി നേതാവ് എം.ടി രമേശ് സെന്‍കുമാറുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സെന്‍കുമാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി രമേശ് ചര്‍ച്ചനടത്തിയത്. സെന്‍കുമാറിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതിനായിരുന്നു രമേശിന്റെ വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്റേത് സൗഹൃദസന്ദര്‍ശനം മാത്രമാണെന്നായിരുന്നു രമേശിന്റെ പ്രതികരണം.

നടന്നത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാറാണെന്നും എംടി രമേശ് പറഞ്ഞു. സെന്‍കുമാര്‍ ക്ഷണിച്ചിട്ടല്ല താന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്ന് എംടി രമേശ് വ്യക്തമാക്കി. അധികാരത്തിലിരിക്കുന്നവര്‍ സെന്‍കുമാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും എംടി രമേശ് കുറ്റപ്പെടുത്തി.

സെന്‍കുമാറിനെ പോലയുള്ളവര്‍ ബിജെപിയില്‍ എത്തിയാല്‍ പാര്‍ട്ടിക്ക് അത് ഏറെ ഗുണകരമാകുമെന്നും അക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം സെന്‍കുമാറിന്റേതായിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം ടി രമേശ് കൂടിക്കാഴ്ചയ്‌ക്കെത്തിയത്.

ചര്‍ച്ചകള്‍ക്കുപരി സെന്‍കുമാര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വിരമിക്കലിനു ശേഷം പല പരിപാടികളിലും പങ്കെടുക്കേണ്ടി വരുമെന്നും അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടികളും ഉണ്ടാകാമെന്നും സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ താന്‍ സിപിഎമ്മിന്റെ ചേരിലേക്ക് പോകുന്നുവെന്നും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന പരിപാടിക്ക് പോയാല്‍ താന്‍ ആ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ശരിയല്ല എന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസ് പാളയത്തിലേക്ക് പോകുന്ന തരത്തിലാണ് സെന്‍കുമാറിന്റെ പ്രവര്‍ത്തികളും പ്രസ്താവനകളും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

Top