Chiking
Latest News

മൂന്നാറില്‍ വീണ്ടും റവന്യുമന്ത്രിയുടെ ഇടപെടല്‍; ശ്രീറാമിന് പിന്നാലെ മാറ്റിയ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് റവന്യുവകുപ്പ് മരവിപ്പിച്ചു. നാലു റവന്യു ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിക്കാനാണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റവന്യുമന്ത്രി നിര്‍ദേശം നല്‍കിയത്. സര്‍വെ സൂപ്രണ്ട് അടക്കം നാലുപേരെയാണ് സ്ഥലംമാറ്റിയിരുന്നത്. ജില്ലാ കളക്ടര്‍ ഇടപെട്ടായിരുന്നു ഇവരെ സ്ഥലംമാറ്റിയത്.

കൈയ്യേറ്റങ്ങളൊഴിപ്പിക്കുന്നതിന് മുന്‍കൈ എടുത്ത ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് സംഘത്തിലുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി എടുത്തത്. ദേവികുളത്ത് പുതിയ സബ്കളക്ടര്‍ വന്നതിനുശേഷം തീരുമാനം എടുക്കട്ടെയെന്നാണ് റവന്യുമന്ത്രിയുടെ പുതിയ നിര്‍ദേശം. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് നേതൃത്വം നല്‍കിയ സര്‍വേ സൂപ്രണ്ട് ഉള്‍പ്പെടെ നാലുപേരെ ഒറ്റദിവസം കൊണ്ടാണ് സ്ഥലം മാറ്റിയത്. ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷനല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ ഒരാഴ്ച മുമ്പ് തന്നെ തൊടുപുഴയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് മറ്റ് നാല് പേരെ സ്ഥലം മാറ്റിയത്. കയ്യേറ്റ ഭൂമികളുടെ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെഡ് ക്ലര്‍ക്ക് ജി. ബാലചന്ദ്രപിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഓഫിസറായാണ് നിയമിച്ചിരിക്കുന്നത്. കയ്യേറ്റം കണ്ടെത്തി പട്ടയം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേഗത കൂട്ടിയ ക്ലര്‍ക്കുമാരായ പി.കെ.സോമന്‍, പി.കെ.സിജു എന്നിവരെയും സ്ഥലം മാറ്റിയിരുന്നു. പി.കെ.സോമനെ രാജകുമാരി ഭൂമിപതിവ് ഓഫിസിലേക്കും സിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കുമാണ് മാറ്റിയത്. സര്‍വേ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ച സര്‍വേയര്‍ എ.ആര്‍.ഷിജുവിനെ നെടുങ്കണ്ടത്തേക്കാണ് മാറ്റിയതും. കൊട്ടക്കാമ്പൂര്‍, പാപ്പാത്തിച്ചോല, സിപിഐ ഓഫിസിന് സമീപത്തെ ലവ് ഡെയ്‌ലല്‍ റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ സഹായകമായത് ഈ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമാണ്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക

Top