Chiking
Latest News

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യമില്ല; വീണ്ടും ജയിലിലേക്ക് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തിപരമായ ദൃശ്യങ്ങളെടുത്ത കേസിൽ നടൻ ദിലീപിനു ജാമ്യമില്ല. ഈ മാസം 25 വരെ നടൻ റിമാൻഡിൽ തുടരും. ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ദിലീപിന്റെമേൽ ചുമത്തുന്നതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ശക്തമായ തെളിവുകൾ ദിലീപിനെതിരെയുണ്ടെന്നും സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്ന വാദം ശരിവച്ച അങ്കമാലി മജിസ്ട്രേട്ട് കോടതി, ജാമ്യാപേക്ഷ തള്ളി. മറ്റുപ്രതികൾക്ക് ജാമ്യം നൽകാത്ത സാഹചര്യത്തിൽ ദിലീപിനും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാത്ത സാഹചര്യത്തിൽ നടനെ വീണ്ടും ആലുവ സബ് ജയിലിലേക്കു മാറ്റും. കസ്റ്റഡി കാലാവധി ഇന്ന് അഞ്ചു മണിക്ക് തീരുന്നതിനെ തുടർന്നാണ് നടപടി. അറസ്റ്റിനെ തുടർന്ന് ഒരു ദിവസം ദിലീപ് ആലുവ സബ് ജയിലിൽ കിടന്നിരുന്നു. പിന്നീട്, പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു അദ്ദേഹം. അതേസമയം, പൊലീസിനെതിരെ പരാതിയുണ്ടോ എന്നു ചോദിച്ചപ്പോൾ, ചിരിച്ചുകൊണ്ട് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ജാമ്യത്തിനായി അങ്കമാലി മജിസ്ട്രേട്ട് കോടതിയെയോ ഉന്നത കോടതിയെയോ ദിലീപിന് സമീപിക്കാം. അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

സമൂഹമാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി പ്രചാരണങ്ങൾ നടക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയുടെ സ്വാധീനം തെളിയിക്കുന്ന പ്രചാരണമാണിത്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുകയാണ്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയും പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ദിലീപിന്റെ അഭിമുഖങ്ങളിൽ നടിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

അതേസമയം, രണ്ടു ഫോണുകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് ഇവ നൽകിയത്. ദിലീപ് ഉപയോഗിച്ച ഫോണുകളാണിവ. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടന്ന പശ്ചാത്തലത്തിലാണ് ഫോൺ കോടതിയിൽ സമർപ്പിച്ചതെന്നും അഭിഭാഷകൻ അറിയിച്ചു. പൊലീസിനെ ഏൽപ്പിച്ചാൽ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞിരുന്നു.

പ്രതിഭാഗത്തിന്റെ വാദത്തിൽനിന്ന്

ദിലീപിനെതിരെയുള്ളത് ഒരു കൊടുംകുറ്റവാളിയുടെ മൊഴി മാത്രമാണ്. അതു വിശ്വസിച്ചാണു പൊലീസ് മുന്നോട്ടുപോകുന്നത്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നു. റിമാൻഡ് റിപ്പോർട്ട് പൂർണമായും കളവാണ്. കത്തിലെഴുതിയ കാർ നമ്പരിനു പ്രാധാന്യമില്ല. മെമ്മറി കാർഡും മൊബൈൽ ഫോണും കിട്ടിയെന്നാണു പൊലീസ് ആദ്യം പറഞ്ഞത്. സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുത്. മാധ്യമങ്ങൾ ജ‍ഡ്ജി ചമയുകയാണെന്നും പ്രതിഭാഗം പറഞ്ഞു.

പ്രോസിക്യൂഷൻ വാദത്തിൽനിന്ന്

ദിലീപിനു ജാമ്യം നൽകിയാൽ നടിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി അപമാനിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പൊലീസ് വാദം. ഉച്ചയോടെ പൊലീസ് കേസ് ഡയറി കോടതിയിൽ ഹാജരാക്കിയിരുന്നു. മുദ്രവച്ച കവറിലാണ് ഹാജരാക്കിയത്.

ദിലീപ് ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവവും അതിനുള്ള തെളിവുകളും ബോധ്യപ്പെടാൻ കേസ് ഡയറി മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കാൻ തയാറാണെന്നു പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. ദിലീപിന്റെ കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടാനുള്ള പൊലീസിന്റെ അപേക്ഷയെ പ്രതിഭാഗം ശക്തമായി എതിർത്തപ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. സർക്കാർ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടർ എ. സുരേശനാണ് ഇന്നലെ പൊലീസിനു വേണ്ടി ജാമ്യാപേക്ഷയിൽ വാദം പറഞ്ഞത്.

ആവശ്യം വന്നാൽ ആദ്യ റിമാൻഡ് കാലാവധി തീരും മുൻപു പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘത്തിനു നിയമപരമായ അവകാശമുണ്ട്. ഈ മാസം 24നാണു ദിലീപിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ജനപ്രതിനിധികളെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് അന്വേഷണ സംഘത്തിലെ എസ്പി: എ.വി. ജോർജ് പറഞ്ഞു.

മുഖ്യപ്രതി സുനി മൊബൈൽ ഫോൺ കൈമാറിയതായി പറയുന്ന അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. അന്വേഷണത്തോടു സഹകരിക്കാൻ അഭിഭാഷകനോടു കോടതി ആവശ്യപ്പെട്ടിരുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക

Top