Chiking
Latest News

മുണ്ടുടുത്ത് വന്നയാള്‍ക്ക് മാളില്‍ പ്രവേശനം നിഷേധിച്ചു; അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കൊല്‍ക്കത്ത: പരമ്പരാഗത വേഷമായ ധോത്തിയും കുര്‍ത്തയും ധരിച്ച് വന്നയാളെ ഷോപ്പിങ് മാളില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞ അധികൃതര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളിലാണ് സംഭവം. ആ സമയം മാളിലുണ്ടായിരുന്ന ഡെബ്ലീന സെന്‍ എന്ന നടിയാണ് സംഭവം വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ പല ഭക്ഷണശാലകളും പരമ്പരാഗത വസ്ത്രം ധരിച്ചെത്തുന്നവര്‍ക്കും സാധാരണക്കാര്‍ക്കും പ്രവേശനം നിഷേധിച്ച സംഭവങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഈ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

വലിയ വാക്കുതര്‍ക്കങ്ങള്‍ക്കു ശേഷം വാക്കി ടോക്കിയിലൂടെ മാളിനുള്ളിലെ ആരോടോ സംസാരിച്ച ശേഷമാണ് അധികൃതര്‍ മുണ്ടുടുത്തു വന്നയാളെ അകത്തേക്കു കടക്കാന്‍ അനുവദിച്ചത്, അതും അയാള്‍ തര്‍ക്കിച്ചത് ഇംഗ്ലീഷിലൂടെയായതു കൊണ്ട് മാത്രം, ഡെബ്ലീന പോസ്റ്റില്‍ പറയുന്നു. അകത്തു കടന്നയുടനെ മറ്റു ചിലര്‍ വന്ന് മുണ്ടുടുത്തയാളെ സമീപിച്ച് വീണ്ടും സംസാരിച്ചു. മുണ്ടുടുത്ത് വരുന്നവരെ മാളിനുള്ളിലേക്ക് കടത്തിവിടേണ്ട എന്നാണ് മാള്‍ അധികൃതരുടെ തീരുമാനമെന്ന് പറഞ്ഞുവെന്നും ഡെബ്ലീന പറയുന്നു.

ക്വസ്റ്റ് മാളിന്റെ മാനേജരായ സ്ത്രീ ഞങ്ങളെ ഇരുന്നു സംസാരിക്കുവാനായി വിളിച്ചുവെന്നും പൊതുസ്ഥലത്ത് നീതിക്കു നിരക്കാത്തത് എന്തെങ്കിലും നടന്നാല്‍ അത് ക്യാമറയില്‍ പകര്‍ത്താനുള്ള അവകാശം ഏതൊരു പൗരനും ഉണ്ടെന്നിരിക്കെ എന്നോട് അവരുടെ സംസാരം ക്യാമറയില്‍ പകര്‍ത്തരുത് എന്നു പറഞ്ഞുവെന്നും ഡെബ്ലീന പറഞ്ഞു. അതോടെയാണ് അവരോട് ഇതിനെപ്പറ്റി തീര്‍ച്ചയായും ചോദിക്കണമെന്നും ഈ സംഭവം എന്തു വില കൊടുത്തും സമൂഹത്തെ അറിയിക്കണമെന്നും താന്‍ തീരുമാനം എടുത്തതെന്നും ഡെബ്ലീന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മുണ്ടോ ലുങ്കിയോ ഉടുത്തു വരുന്നവര്‍ക്ക് ക്വിസ്റ്റ് മാളിന്‍ ഇനി പ്രവേശനം ഉണ്ടാവില്ല എന്നാണ് മാള്‍ അധികൃതര്‍ പറയുന്നത്. ഈ നിബന്ധന കടുത്ത പ്രാദേശിക വികാരം ഉയര്‍ത്തിയിട്ടുണ്ട്.

Top