Chiking
Latest News

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App


ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ കണ്ടെത്താനുളള വോട്ടെടുപ്പ് ആരംഭിച്ചു. ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്യുന്നതിന് പകരം ജനപ്രതിനികളായ എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. നിലവിലെ അംഗസഖ്യയനുസരിച്ച് രാജ്യസഭാലോകസഭാ അംഗങ്ങളായ 726 എംപിമാരും വിവിധ നിയമസഭകളില്‍ നിന്നുള്ള 4120 എംഎല്‍എമാരുമാണ് ഇന്നത്തെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തയ്യാറാക്കിയ പോളിംഗ് ബൂത്തുകളിലായാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റിലെ 62ാം നമ്പര്‍ മുറിയിലാണ് എംപിമാര്‍ക്കായുള്ള പോളിംഗ് ബൂത്തുള്ളത്. ഈ ദിവസം ഡല്‍ഹിയില്‍ ഇല്ലാത്ത എംപിമാര്‍ക്ക് രാജ്യത്തെ ഏതെങ്കിലും നിയമസഭകളില്‍ വോട്ട് ചെയ്യാവുന്നതാണ്.

ഇപ്രകാരം 41 ലോക്‌സഭാംഗങ്ങളും 11 രാജ്യസഭാഗംങ്ങളും ഡല്‍ഹിക്ക് പുറത്താണ് വോട്ടു ചെയ്യുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷകക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥിയായ മീരാകുമാറും രാവിലെ പാര്‍ലമെന്റിലെത്തി എംപിമാരെ കാണുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ജനസംഖ്യയെ അവിടുത്തെ ജനപ്രതിനിധികളുടെ എണ്ണം കൊണ്ട് ഹരിച്ച് കിട്ടുന്നതാണ് അംഗങ്ങളുടെ മൂല്യം. ഇപ്രകാരം കേരളത്തിലെ ജനപ്രതിനിയുടെ വോട്ട് മൂല്യം 152 വോട്ടാണ്. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനാല്‍ വേങ്ങര സീറ്റില്‍ എംഎംഎല്‍ ഇല്ല. അതിനാല്‍ 139 എംഎല്‍എമാരാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ളത്. ഇതില്‍ ഇടതുവലതു മുന്നണികളുടെ മുഴുവന്‍ വോട്ടും മീരാകുമാറിന് ലഭിക്കും എന്നാണ് കരുതുന്നത്.

ഇരുമുന്നണിക്കും പുറത്ത് നില്‍ക്കുന്ന മാണി വിഭാഗവും, പിസി ജോര്‍ജും മീരാകുമാറിനെ പിന്തുണയ്ക്കുമ്പോള്‍ ബിജെപി അംഗം ഒ.രാജഗോപാല്‍ രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യും. 139 എംഎല്‍എമാരില്‍ 138 പേരും നിയമസഭയില്‍ തന്നെ വോട്ടു ചെയ്യുമെങ്കിലും ചെന്നൈയിലുള്ള കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള തമിഴ്‌നാട് നിയമസഭയിലാവും വോട്ട് രേഖപ്പെടുത്തുക. കേരളത്തില്‍ നിന്നുള്ള ഇരുപത് ലോക്‌സഭാ എംപിമാരും 9 രാജ്യസഭാ എംപിമാരും ഡല്‍ഹിയില്‍ തന്നെ വോട്ട് ചെയ്യും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ പ്രത്യേക പേന ഉപയോഗിച്ചു വേണം ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തുവാന്‍. സാധാരണ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മഷി ഉണ്ടാക്കുന്ന കമ്പനി തന്നെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള പേനയും തയ്യാറാക്കിയിരിക്കുന്നത്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിംഗ് സമയം. ഇതിന് ശേഷം ബാലറ്റ് പെട്ടി പ്രത്യേക സുരക്ഷയില്‍ ഡല്‍ഹിയിലേക്ക് കൊണ്ടു പോകും. ഇരുപതാം തീയതിയാണ് വോട്ടെണ്ണല്‍.

Top