Chiking
Latest News

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം തുടരുന്നു; കണ്ണൂരിലെ ആശുപത്രികളില്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ നിയോഗിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

കണ്ണൂര്‍: കണ്ണൂരിലെ ആശുപത്രികളില്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ ജോലിക്കെത്തി. സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് നഴ്‌സിങ് വിദ്യാര്‍ഥികളെ നിയോഗിച്ചത്. വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം ജോലിക്കായെത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയാണ് വിദ്യാര്‍ഥികളുടെ സേവനം ലഭ്യമാക്കുക. കാസര്‍കോട് ജില്ലയില്‍ ഇന്ത്യന്‍ നഴ്‌സിങ് അസോസിയേഷന്‍ (ഐഎന്‍എ) സമരം തുടരുകയാണ്.

നഴ്‌സിങ് കോളജുകളിലെ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നത്. കലക്ടറുടെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് നഴ്‌സിങ് കോളെജുകളില്‍ ക്ലാസുണ്ടാവുക. സമരത്തില്‍ പങ്കെടുക്കാത്ത നഴ്‌സുമാരും ജോലികള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 19 ദിവസമായി സമരം തുടരുന്നതുകാരണം സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതോടെയാണ് ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയിലും വിദ്യാര്‍ഥികളെ ജോലിക്ക് നിയോഗിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുവിളിച്ചെങ്കിലും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സമരം തുടരുകയാണ്.

ജോലിക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 150 രൂപ വീതം വേതനം നല്‍കണമെന്നാണ് കലക്ടറുടെ നിര്‍ദേശം. ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷയും ഒരുക്കും. വിദ്യാര്‍ഥികളെ തടയില്ലെന്ന് ഐഎന്‍എ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കം രോഗികളുടെ ജീവന്‍വച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ആരോപിച്ചു.

Top