Chiking
Latest News

ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങളുണ്ടെന്ന് കണ്ടെത്തിയ ജയില്‍ ഡിഐജി ഡി.രൂപയെ സ്ഥലംമാറ്റി

Web Desk
Indian Telegram Android App Indian Telegram IOS App

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് ശശികലയ്ക്ക് വിഐപി പരിഗണന നല്‍കുന്നവെന്ന് റിപ്പോര്‍ട്ട് ചെയ്ത ജയില്‍ ഡിഐജി ഡി. രൂപയെ സ്ഥലംമാറ്റി. നേരത്തെ രൂപയെ മുഖ്യമന്ത്രി സംഭവത്തില്‍ താക്കീത് ചെയ്തിരുന്നു. ശശികലയ്ക്കു മാത്രമായി ജയിലില്‍ പ്രത്യേകം അടുക്കള നല്‍കിയിട്ടുണ്ടെന്നും ഇത് ലഭിക്കുന്നതിനായി ജയില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നായിരുന്നു രൂപയുടെ കണ്ടെത്തല്‍.

സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇത്തരം വെളിപ്പെടുത്തല്‍ നടത്തുന്നത് സര്‍വീസ് നിയമങ്ങള്‍ക്കെതിരാണെന്നും കാണിച്ച് രൂപയ്‌ക്കെതിരേ നടപടിയെടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. രഹസ്യ സ്വഭാവമുള്ള ഒന്നും താന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും തന്റെ മേലധികാരിയായ ജയില്‍ ഡിജിപിയോടാണ് ഇക്കാര്യം പറഞ്ഞതെന്നും മാധ്യമങ്ങളോട് ഇത് പറഞ്ഞത് മറ്റൊരു ഉദ്യോഗസ്ഥനാണെന്നും രൂപ പ്രതികരിച്ചു.

എന്നാല്‍, മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ശശികലയ്ക്ക് പ്രത്യേക പരിഗണന ഒന്നും ലഭിക്കുന്നില്ലെന്നും അവരെ സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന സാധാരണ ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നുമാണ് ജയില്‍ ഡിജിപി സത്യനാരായണ റാവു അറിയിച്ചത്.

Top