Chiking
Latest News

പുതിയ താരങ്ങളെ തേടി ചെന്നൈ സിറ്റി എഫ്‌സി തെരുവോരങ്ങളില്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഫുട്‌ബോളിലെ പുത്തന്‍ താരോദയങ്ങളെ തേടി ചെന്നൈ സിറ്റി എഫ്‌സി തെരുവിലിറങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പ്രഫഷനല്‍ ഫുട്‌ബോള്‍ ക്ലബ് കുരുന്നു പ്രതിഭകളെ കണ്ടെത്താന്‍ ലാറ്റിനമേരിക്കന്‍ മാതൃക പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ സ്ട്രീറ്റ് ഫുട്‌ബോള്‍ ലീഗ് സെപ്റ്റംബറില്‍ നടക്കും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ടീമുകളാണു പന്തു തട്ടാനിറങ്ങുന്നത്. ലീഗിന്റെ ഘടനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ആറര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫുട്‌ബോള്‍ ക്ലബ്ബാണു ചെന്നൈ സിറ്റി എഫ്‌സി.

പ്രാദേശിക തലത്തില്‍ സജീവമായിരുന്ന ക്ലബ് ഈയിടെയാണ് അടിമുടി പ്രഫഷനലായി ദേശീയ ഫുട്‌ബോളിലേക്കു കാലെടുത്തുവച്ചത്. കഴിഞ്ഞ സീസണ്‍ ഐ ലീഗില്‍ എട്ടാം സ്ഥാനത്തെത്തി. ജീവിത സാഹചര്യങ്ങളുടെ ടാക്ലിങ്ങില്‍ തട്ടി ഒരു പ്രതിഭയെ പോലും ഇന്ത്യന്‍ ഫുട്‌ബോളിനു നഷ്ടമാകരുതെന്നാണു സ്ട്രീറ്റ് ഫുട്‌ബോള്‍ ലീഗിന്റെ ലക്ഷ്യം. മികവ് കാണിക്കുന്നവരെ ക്ലബ്ബിന്റെ പ്രായപരിധി ടീമുകളിലേക്കു തിരഞ്ഞെടുക്കും. രണ്ടു വര്‍ഷത്തിനകം ക്ലബ്ബിനു കീഴില്‍ ലോക നിലവാരത്തിലുള്ള റസിഡന്‍ഷ്യല്‍ അക്കാദമി ആരംഭിക്കും. സ്ട്രീറ്റ് ഫുട്‌ബോളില്‍ മിന്നുന്ന താരങ്ങള്‍ക്ക് അക്കാദമിയിലേക്കു നേരിട്ടു സിലക്ഷന്‍ ലഭിക്കും.

കുടുംബങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ പ്രതിഭയുള്ളവരെ കാല്‍പന്ത് കളത്തില്‍നിന്ന് അകറ്റുന്നതായി ക്ലബ് സംസ്ഥാന വ്യാപകമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇത്തരം പ്രതിഭകളെ കണ്ടെത്തുന്നതിന് ഏറ്റവും നല്ല മാര്‍ഗം ലാറ്റിനമേരിക്കന്‍ മോഡലിലുള്ള സ്ട്രീറ്റ് ഫുട്‌ബോളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ക്ലബ് പന്തുമായി തെരുവിലേക്കിറങ്ങുന്നത്.

Top