Chiking
Latest News

സെന്‍കുമാറിന് ഉപാധികളോടെ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം; ‘സെന്‍കുമാറിനെ അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യം നല്‍കണം’

Web Desk
Indian Telegram Android App Indian Telegram IOS App


മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് സെന്‍കുമാറിന് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. 30000 രൂപയ്ക്കും രണ്ട് ആള്‍ ജാമ്യത്തിലുമാണ് വിട്ടയക്കേണ്ടത്.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം തുടരും. കേസിന് കാരണം ഉദ്യോഗസ്ഥരുമായുണ്ടായ അഭിപ്രായവ്യത്യാസമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു.

മതസ്പര്‍ദ്ധ പരത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരള പൊലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 153 എ എന്ന വകുപ്പാണ് സെന്‍കുമാറിന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ.
സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ ഡിജിപി വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയത്. അഭിമുഖം പ്രസിദ്ധീകരിച്ചതിന് വാരികയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുസ്ലീംവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് സെന്‍കുമാറിനെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നു. സെന്‍കുമാറിനെതിരെ പരാതികള്‍ ലഭിച്ചതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖാപിക്കുകയും ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച എട്ടു പരാതികള്‍ ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് കൈമാറുകയും ചെയ്തു.

നിതിന്‍ അഗര്‍വാളിനാണ് അന്വേഷണ ചുമതല. ആര്‍എസ്എസിന് അനുകൂലമായിട്ടും മുസ്ലിം സമൂഹത്തിനെതിരെയുമായിരുന്നു മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍.ആര്‍എസ്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണ്. ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളവര്‍ നിയന്ത്രിക്കണം. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ല. പ്രണയിക്കുന്നത് ഒരാളെ വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല.

ഒരു മുസ്ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നത്. കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കിയാല്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ ചോദിച്ചിരുന്നു.

Top