Chiking
Latest News

യൂണികോണ്‍: മാന്ത്രിക ലോകം ഒളിഞ്ഞിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍

Web Desk
Indian Telegram Android App Indian Telegram IOS App

അന്തരീക്ഷത്തില്‍ തെളിയുന്ന കംപ്യൂട്ടര്‍ ഡിസ്‌പ്ലേയില്‍ വിരല്‍തൊട്ടു വിവരം കൈമാറുന്നതുപോലെ, വായുവില്‍ തെളിഞ്ഞുനില്‍ക്കുന്ന സ്‌ക്രീനിലെ നായകന്റെ ചലനങ്ങള്‍ വീക്ഷിക്കുന്ന വില്ലന്‍, ഹോളോഗ്രാം എന്ന സാങ്കേതികവിദ്യ അയേണ്‍മെന്‍ പോലുള്ള സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. നിങ്ങളുടെ കൈയ്യിലെ മൊബൈലില്‍ ഇത് സ്വപ്നം കാണുവാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല, അത് സത്യമാക്കിയിരിക്കുകയാണ് പ്രമുഖ ക്യാമറ നിര്‍മാതാക്കളായ റെഡ് (ആര്‍ഇഡി). യൂണികോണ്‍ എന്നാണ് ഫോണിന്റെ പേര്.

ഹൈഡ്രജന്‍ വണ്‍ എന്നപേരില്‍ പുറത്തിറക്കുന്ന സ്മാര്‍ട്ട്‌ഫോണിലാണ് കാഴ്ചയുടെ മാന്ത്രികലോകം ഒളിഞ്ഞിരിക്കുന്ന ഹോളോഗ്രാം സംവിധാനം കമ്പനി അവതരിപ്പിക്കുന്നത്. 5.7 ഇഞ്ച് ഡിസ്‌പ്ലേയില്‍ പുറത്തിറങ്ങുന്ന ഫോണില്‍ 2ഡി, 3ഡി സംവിധാനങ്ങള്‍ക്ക് പുറമെ ഹോളോഗ്രാം കാഴ്ചയും ഒരുക്കിയിട്ടുള്ളതായി റെഡ് അവകാശപ്പെടുന്നു.

ലെന്‍സുകള്‍ ഉപയോഗിച്ചുള്ള സൂത്രപ്പണികളല്ല തങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഹെഡ്‌ഫോണോ പ്രത്യേക കണ്ണടയോ ഒന്നും കൂടാതെതന്നെ ഹോളോഗ്രാം ആസ്വദിക്കാനാകുമെന്നും റെഡ് സ്ഥാപകന്‍ ജിംജന്നാര്‍ഡ് പറഞ്ഞു. തികച്ചും നൂതനമായ ആവിഷ്‌കാരമാണിത്. പലരും പയറ്റി പരാജയപ്പെട്ട മേഖലയില്‍ തങ്ങള്‍ വിജയം നേടിയിരിക്കുന്നു. പറയാന്‍ വാക്കുകള്‍ പോരെന്നും ഹോളോഗ്രാം നേരില്‍ കണ്ട് വിശ്വസിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ആദ്യം ഫോണ്‍ വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വില 1,200 ഡോളര്‍ (ഏകദേശം 80,000 രൂപ).

Top