Chiking
Latest News

എംഎല്‍എമാരുടെ മൊഴിയെടുത്തതില്‍ സ്പീക്കര്‍ക്ക് അതൃപ്തി; പി.ടി തോമസിന്റെ മൊഴിയെടുക്കല്‍ മാറ്റി

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: സ്പീക്കറുടെ അതൃപ്തിയെ തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ തൃക്കാക്കര എം.എല്‍.എ പി.ടി തോമസിന്റെ മൊഴി എടുക്കുന്നത് മാറ്റിവെച്ചു. എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് മൊഴിയെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്നതിനാണ് സ്പീക്കര്‍ അതൃപ്തി അറിയിച്ചത്. ഇക്കാര്യത്തിലുള്ള അതൃപ്തി സ്പീക്കര്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നു യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല.

ഉച്ചയ്ക്ക് ഇടതു എംഎല്‍എയും നടനുമായ മുകേഷിന്റെയും യുഡിഎഫ് എംഎല്‍എ അന്‍വര്‍ സാദത്തിന്റെയും മൊഴിരേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴാണ് സ്പീക്കര്‍ എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് മൊഴി എടുത്ത വിവരം അറിഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം നിയമസഭാ സെക്രട്ടേറിയറ്റിലെ ചീഫ് മാര്‍ഷലിനോട് റിപ്പോര്‍ട്ട് ചോദിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്ന് സ്പീക്കര്‍ ആരാഞ്ഞു. ഇത് അന്വേഷിക്കാന്‍ ചീഫ് മാര്‍ഷല്‍ എത്തുമ്പോള്‍ അന്വേഷണ സംഘം മുകേഷിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല എന്ന കാര്യം അന്വേഷണ സംഘം അറിയിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം പി.ടി തോമസിന്റെ മൊഴി രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്ന നിബന്ധന അറിയിച്ചത്. വടക്കന്‍ പറവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്താന്‍ എത്തിയത്.

എംഎല്‍എ ഹോസ്റ്റലില്‍വച്ചോ നിയമസഭാ സമുച്ചയത്തില്‍ വച്ചോ ജനപ്രതിനിധികളുടെ മൊഴിരേഖപ്പെടുത്തുമ്പോള്‍ അതിന് സ്പീക്കറുടെ ഓഫിസില്‍ നിന്ന് മുന്‍കൂര്‍ അനുമതിവാങ്ങേണ്ടതുണ്ട്. ഇത്തരം നടപടിയൊന്നും പൂര്‍ത്തിയാക്കാതെ രഹസ്യമായി എംഎല്‍എ ഹോസ്റ്റലില്‍ എത്തി മൊഴിയെടുക്കുകയായിരുന്നു. ഇതാണ് സ്പീക്കര്‍ക്ക് അതൃപ്തിയുണ്ടാകാന്‍ കാരണം.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഒരു വര്‍ഷം മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. നടന്‍ ദിലീപുമായുള്ള സൗഹൃദം, ഫോണ്‍ സംഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍, സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്രകള്‍ തുടങ്ങിയവയെക്കുറിച്ചാണ് പൊലീസ് അന്‍വര്‍ സാദത്ത് എംഎല്‍എയോട് ചോദിച്ചത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 21ന് പി.ടി തോമസിന്റെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Top