Chiking
Latest News

തമിഴ്‌നാട്ടുകാരന് ചികിത്സ നല്‍കാതിരുന്നത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി; സംഭവം വേദനാജനകം

Web Desk
Indian Telegram Android App Indian Telegram IOS App

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തമിഴ്നാടു സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോടു നിര്‍ദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തക്ക സമയത്തു ചികിത്സ ലഭിക്കാതെ യുവാവു മരിച്ചത് അത്യന്തം വേദനാജനകമാണ്. ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സര്‍ക്കാര്‍ ഉണ്ടാക്കും. ചികിത്സ നല്‍കാതെ രോഗിയെ തിരിച്ചയ്ക്കുന്നതു നിയമവിരുദ്ധമായതുകൊണ്ടു ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.  ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്നു ഗുരുതര പരുക്കുകളോടെ ഏഴു മണിക്കൂർ ആംബുലൻസിൽ കഴിച്ചുകൂട്ടേണ്ടിവന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി മുരുകനാണ്(33) തിങ്കളാഴ്ച രാവിലെ മരിച്ചത്. കൂട്ടിരിക്കാൻ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോ സർജനില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണു തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികൾ മുരുകന് ചികിത്സ നിഷേധിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനല്‍വേലി സ്വദേശി മുരുകനെ ആറ് ആശുപത്രികള്‍ ചികിത്സ നല്‍കാതെ തിരിച്ചയച്ചുവെന്നും തക്ക സമയത്ത് ചികിത്സ ലഭിക്കാതെ ആ യുവാവ് മരിച്ചുവെന്നുമുളള റിപ്പോര്‍ട്ടുകള്‍ അത്യന്തം വേദനാജനകമാണ്. ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് ലഭിച്ചശേഷം ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സര്‍ക്കാര്‍ ഉണ്ടാക്കും. ചികിത്സ നല്‍കാതെ രോഗിയെ തിരിച്ചയ്ക്കുന്നതു നിയമവിരുദ്ധമായതുകൊണ്ട് ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരെ ഇതിനകം തന്നെ കേസ് എടുത്തിട്ടുമുണ്ട്.

Top