Chiking
Latest News

ഗൂഢാലോചന നടത്തിയവരുടെ പട്ടികയില്‍ മഞ്ജുവാര്യരും; ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചത് എന്നെ കുടുക്കാന്‍; മഞ്ജുവും ശ്രീകുമാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന ക്യാമറ ഓഫ് ചെയ്തു; ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് നടന്‍ ദിലീപ്. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിശദമായി, ഓരാ സംഭവങ്ങളും എണ്ണിയെണ്ണി പറഞ്ഞുള്ള ജാമ്യാപേക്ഷയില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയവരുടെ പട്ടികയില്‍ നടി മഞ്ജുവാര്യര്‍, പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരാണുള്ളത്. സി.പി.ഐ.എമ്മിന്റെ ചില ഉന്നത നേതാക്കളെയും ദിലീപ് ജാമ്യാപേക്ഷയില്‍ ലക്ഷ്യമിടുന്നുണ്ട്.

എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ ചോദ്യം ചെയതതെന്നും മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുളള ബന്ധത്തെ പറ്റി താന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന ക്യാമറ എഡിജിപി ഓഫ് ചെയ്‌തെന്നും ദിലീപ് ആരോപിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശ്രീകുമാര്‍ നായരെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയിരുന്നു.  മഞ്ജു വാര്യരുമായി തനിക്ക് ഉള്ളത് പ്രൊഫഷണല്‍ ബന്ധമാണെന്ന് ശ്രീകുമാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. മറിച്ചുള്ള പ്രചരണമെല്ലാം വ്യാജമാണ്. ദിലീപിനെതിരെ നീങ്ങേണ്ട സാഹചര്യം തനിക്കില്ല. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് മാനസിക പിന്തുണ നല്‍കിയ സിനിമാക്കാര്‍ക്കൊപ്പം താനുമുണ്ടായിരുന്നു. ഇതുകൊണ്ടാണ് അടിസ്ഥാന രഹിതമായ വാദങ്ങള്‍ ദിലീപ് ഉയര്‍ത്തുന്നതെന്നായിരുന്നു ശ്രീകുമാര്‍ മൊഴി നല്‍കിയത്.

വിവാഹമോചനത്തിനു ശേഷം തിരിച്ചെത്തിയ മഞ്ജു ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാല്‍ നായനാകുന്ന ഒടിയനും രണ്ടാമൂഴവും ഒരുക്കുന്നതും ശ്രീകുമാര്‍ മേനോനാണ്. ഒടിയനില്‍ നായികയായി എത്തുന്നതു മഞ്ജു വാര്യരാണ്. ശ്രീകുമാര്‍ മേനോനെതിരെ ദിലീപ് ചില വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞതായി വിവരമുണ്ട്. ഏതാനും മൊഴികളില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ശ്രീകുമാറിനെ വിളിച്ചുവരുത്തിയത്. എന്നാല്‍ ദിലീപിന്റെ വെളിപ്പെടുത്തല്‍ എല്ലാം വെറും സംശയങ്ങള്‍ മാത്രമാണെന്നായിരുന്നു ശ്രീകുമാര്‍ വിശദീകരിച്ചത്.

നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരേയും ദിലീപ് സംശയ നിഴലില്‍ നിര്‍ത്തുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലാണ് ഇവരുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടത്തിയ ഗൂഢാലോചനയില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാ പ്രവര്‍ത്തകരെക്കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആരാഞ്ഞിരുന്നു. പള്‍സര്‍ സുനി സഹതടവുകാരന്‍ വിഷ്ണുവിന്റെ പേരില്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ച ഫോണ്‍ കോളിലാണ് ചില പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ പേര് പരാമര്‍ശിക്കുന്നത്. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പറയാന്‍ രണ്ടര കോടി രൂപ നല്‍കാന്‍ സിനിമാ രംഗത്ത് ആളുണ്ടെന്നായിരുന്നു ഭീഷണി. നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകളാണ് കോളില്‍ പരാമര്‍ശിച്ചിരുന്നത്.

ഈ കോള്‍ ദിലീപ് തന്നെ കെട്ടിച്ചമച്ചതാണെന്നാണ് പൊലീസിന്റെ ആരോപണം. പള്‍സര്‍ സുനി ജയിലില്‍ നിന്നും ബ്ലാക്ക്മെയ്ല്‍ ചെയ്തുവെന്ന ദിലീപിന്റെ പരാതി വ്യാജമാണെന്നും പൊലീസ് ആരോപിക്കുന്നു. പരാതി വ്യാജമാണെന്ന നിഗമനത്തെ തുടര്‍ന്ന് ദിലീപിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നില്ല. അമ്മയുടെ യോഗത്തില്‍ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തത് പൃഥ്വി രാജാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി. പൃഥ്വിരാജിന്റെ സഹോദരനായ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് പൂര്‍ണ്ണിമ.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top