Chiking
Latest News

പാലക്കാട് നാട്ടിലിറങ്ങിയ ആനകളെ കാട്ടിലേക്ക് കയറ്റിവിടാന്‍ ശ്രമം തുടരുന്നു; മുണ്ടൂരിനും കല്ലടിക്കോടിനുമിടയില്‍ ദേശീയപാതയിലെ ഗതാഗതം നിരോധിച്ചു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

പാലക്കാട്: പാലക്കാട് നാട്ടിലിറങ്ങിയ ആനകളെ കാട്ടിലേക്ക് കയറ്റിവിടാന്‍ ശ്രമം തുടരുന്നു. മുണ്ടൂരിനും കല്ലടിക്കോടിനുമിടയില്‍ ദേശീയപാതയിലെ ഗതാഗതം നിരോധിച്ചു. പടക്കം പൊട്ടിച്ച് കാട്ടിലേക്ക് കയറ്റിവിടാനും ശ്രമം നടക്കുന്നുണ്ട്. വനത്തിലേക്ക് കയറിയ ആനകള്‍ വീണ്ടും നാട്ടിലിറങ്ങിയിരുന്നു.

ഒരാഴ്ചയിലേറെയായി നാട്ടുകാരെ വിറപ്പിച്ച കാട്ടുകൊമ്പന്മാർ നാടുവിടുകയാണ്. എട്ടുദിവസം മുൻപു കല്ലടിക്കേ‍ാട് വനമേഖലയിൽനിന്നു നാട്ടിലേക്കിറങ്ങിയ മൂന്നു കാട്ടാനകൾ വീണ്ടും പഴയ സ്ഥലത്തെത്തി. ആദ്യം പ്രത്യക്ഷപ്പെട്ട മുണ്ടൂരിലേക്കാണ് ആനകൾ തിരിച്ചുനടന്നെത്തിയത്. ഹൈവേ മുറിച്ചുകടന്ന് ഒരു കിലേ‍ാമീറ്റർ പേ‍ായാൽ വനമേഖലയാണെന്നതാണു ജനങ്ങൾക്ക് ആശ്വാസമേകുന്നത്. മുളങ്കാടിനുസമീപം വിശ്രമിക്കുന്ന ആനകളെ കാട്ടിലേയ്ക്കു കയറ്റാൻ സിസിഎഫ് എം.കെ.ചന്ദ്രശേഖർ, ഫേ‍ാറസ്റ്റ് വെറ്ററിനറി ഒ‍ാഫിസർ ഡേ‍ാ. അരുൺ സക്കറിയ, ജില്ലാപെ‍ാലീസ് സൂപ്രണ്ട് പ്രദീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനം–പെ‍ാലീസ് സംഘം സജീവമായി രംഗത്തുണ്ട്. ആനകളെ കടത്തിവിടാൻ പാലക്കാട്– മണ്ണാർക്കാട് പ്രധാനപാത കടന്നുപോകുന്ന മുണ്ടൂരിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്. യാത്രക്കിടയിൽ ഇതുവരെ ആനകൾ കാര്യമായ നാശനഷ്ടങ്ങളെ‍ാന്നും ഉണ്ടാക്കിയിട്ടില്ല. പുഴയിൽ നീന്തിത്തുടിച്ചും പുഴയോരം ചേർന്നുമാണ് കൂടുതൽ സമയവും ആനകൾ നാട്ടിൽ‌ വിലസിയിരുന്നത്.

വ്യാഴാഴ്ച പകൽ മങ്കര റെയിൽവേ സ്റ്റേഷനു സമീപം ഭാരതപ്പുഴയിൽ നിൽപ്പുറപ്പിച്ച ആനകൾ രാത്രിയിലാണു വീണ്ടും യാത്ര തുടങ്ങിയത്. പുഴയിൽ കുളിക്കുകയായിരുന്ന സ്ത്രീകളാണ് പുലർച്ചെ ആനകളെ കണ്ടത്. തിരുവില്വാമലയിൽ നിന്നിറങ്ങി പുഴ കടന്നു പള്ളംതുരുത്ത്, അതിർകാട് വഴിയാണു മങ്കരയിലെത്തിയത്. രാവിലെ പത്തര വരെ പുഴയിൽ നിന്ന ആനകൾ ഇടയ്ക്കു കരയ്ക്കു കയറിയെങ്കിലും ട്രെയിനുകളുടെ ശബ്ദം കേട്ടു വീണ്ടും വെള്ളത്തിലിറങ്ങി. പതിനൊന്നരയോടെ വയനാട്, അഗളി എന്നിവിടങ്ങളിൽ നിന്നുള്ള എലിഫെന്റ് സ്ക്വാഡ് സ്പീഡ് ബോട്ടിൽ ആനകളുടെ സമീപംചെന്നു പടക്കം പൊട്ടിച്ചെങ്കിലും പരാജയപ്പെട്ടു. ഉച്ചയ്ക്കു രണ്ടിനു ശേഷമെത്തിയ മംഗളൂരു–എഗ്‌മോർ എക്സ്പ്രസ്, ഷാലിമാർ–മംഗളൂരു ട്രെയിനുകൾ ആനയെപ്പേടിച്ച് 10 മിനിറ്റ് നിർത്തിയിട്ടു.

എലിഫെന്റ് സ്ക്വാഡും 10 യുവാക്കളും ചേർന്നു നടത്തിയ ശ്രമം വൈകിട്ട് അഞ്ചരയോടെ ഫലം കണ്ടു. പുഴയോരത്തേക്കു കയറിയ ആനകൾ കണ്ണൻകടവിലും കാളികാവിലുമെത്തി. തുടർന്നാണു റെയിൽ കടന്നത്. ആനകൾക്കു കടന്നു പോകാൻ രാത്രി വൈകി പൊലീസ് പാലക്കാട്–പൊന്നാനി സംസ്ഥാന പാതയിൽ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. കാര്യമായ നാശനഷ്ടങ്ങൾ വരുത്താതെ, വന്ന വഴി തിരിച്ചു പോകുന്ന ആനകളുടെ വഴിമുടക്കരുതെന്നു വനം വകുപ്പ് നാട്ടുകാരോട് ആവശ്യപ്പെട്ടു. ആനത്താരയില്ലെങ്കിലും കാട്ടാനകൾ വന്ന വഴി മാത്രമേ തിരിച്ചു പോകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തടിച്ചു കൂടുന്ന ജനം ആനകളെ വഴി തെറ്റിക്കുന്നതായും വനം ഉദ്യോഗസ്ഥർ പറയുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top