Chiking
Latest News

ഡോക്‌ലാം സംഘര്‍ഷം: സമാധാന നീക്കങ്ങള്‍ തുടങ്ങിയതായി സൂചന; ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയേക്കും

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഡോക്‌ലാം മേഖലയില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന സംഘര്‍ഷം ഒഴിവാക്കാന്‍ സമാധാന നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉന്നത സൈനികോദ്യോഗസ്ഥര്‍ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സിക്കിമിനോടു ചേര്‍ന്നുള്ള നാഥുല ചുരത്തിലാണ് ഇരുരാജ്യങ്ങളിലെയും സൈനികോദ്യോഗസ്ഥര്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുക.

അതേസമയം സംഘര്‍ഷത്തില്‍ നേരിയ അയവ് വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സേനാ വിന്യാസം തുടരുകയാണ്. മേഖലയില്‍ ചൈന 20 ടെന്റുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള 3,488 കിലോമീറ്റര്‍ അതിര്‍ത്തിയിലുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സിക്കിം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുള്ളത്. സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ചൈനയിലേക്ക് പോകുന്നുണ്ട്. അപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന. അതുവരെ ഡോക്‌ലാം മേഖലയിലെ നിലവിലെ സ്ഥിതി നിലനിര്‍ത്താനാണ് സൈന്യം ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top