Chiking
Latest News

മെസിയുടെ ചിത്രം ആവശ്യപ്പെട്ട ജനാധിപത്യ പ്രവര്‍ത്തകനുനേരെ ചൈനയുടെ ആക്രമണം

Web Desk
Indian Telegram Android App Indian Telegram IOS App

ഹോങ്കോങ്: ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ ചിത്രം ആവശ്യപ്പെട്ട ജനാധിപത്യ പ്രവര്‍ത്തകനുനേരെ ചൈനയുടെ ആക്രമണം. ഹോങ്കോങ്ങിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തകന്‍ ഹൊവാഡ് ലാമിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തില്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ അടിച്ചുകയറ്റിയായിരുന്നു ആക്രമം. വാര്‍ത്താസമ്മേളനത്തില്‍ ഹൊവാഡ് ലാം ശരീരത്തിലെ സ്റ്റേപ്പിള്‍ പിന്നുകള്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.

ജനാധിപത്യമെന്നു പറഞ്ഞു ഹോങ്കോങ്ങിനു മേലുള്ള ചൈനയുടെ പരമാധികാരത്തെ അപകടപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതൊട്ടും അനുവദിക്കില്ലെന്നും ചൈനീസ് സര്‍ക്കാരിന്റെ അധികാരത്തെ വെല്ലുവിളിക്കാനും അട്ടിമറി നടത്താനുമുള്ള ഏതു ശ്രമവും ലക്ഷ്മണരേഖ കടക്കലായി കണക്കാക്കുമെന്നും അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഹൊവാഡ് ലാമിനു നേരെ ആക്രമണം നടന്നത്. ചൈനീസ് ഏജന്റുമാരാണ് ആക്രമണം നടത്തിയതെന്നു ഹൊവാഡ് ലാം ആരോപിച്ചു.

ജയിലില്‍ കഴിഞ്ഞിരുന്ന ചൈനീസ് ‘വിമതനും’ നൊബേല്‍ സമാധാന പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ലിയു സിയാവോബോയ്ക്കു (61) നല്‍കാനാണു ഹൊവാഡ് ലാം മെസിയുടെ ചിത്രം ആവശ്യപ്പെട്ടത്. മെസിയോടും അദ്ദേഹത്തിന്റെ ടീമായ ബാര്‍സിലോണയോടും വലിയ ആരാധനയാണ് ലിയു സിയാവോബോയ്ക്ക്. ജയിലിലുള്ള സിയാവോബോയ്ക്ക് മെസിയുടെ ചിത്രം കിട്ടിയാല്‍ വലിയ ആവേശമാകുമെന്ന് അറിഞ്ഞാണു താരത്തിന്റെ കയ്യൊപ്പിട്ട ചിത്രം ആവശ്യപ്പെട്ട് ജൂലായ് ആദ്യം ഹൊവാഡ് ലാം ബാര്‍സിലോണയ്ക്ക് കത്തയച്ചത്.

എന്നാല്‍, കരളിന് അര്‍ബുദം ബാധിച്ച് ഷെന്യാങ്ങിലെ ചൈന മെഡിക്കല്‍ സര്‍വകലാശാലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ലിയു സിയാവോബോ ജൂലായ് 13ന് അന്തരിച്ചു. ഇതിനുശേഷമാണു മെസിയുടെ ചിത്രം ഹൊവാഡ് ലാമിനു ലഭിച്ചത്. തുടര്‍ന്ന് ലിയു സിയാവോബോയുടെ വിധവ ലിയു സിയയ്ക്കു ഈ ചിത്രം നല്‍കാന്‍ ഹൊവാഡ് ലാം തീരുമാനിച്ചു. സിയാവോബോയുടെ മരണശേഷം വീട്ടുതടങ്കലിലാണു ലിയു സിയ. ഈയാഴ്ച ആദ്യമാണു നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. ചൈനീസ് ഭാഷയില്‍ ഒരാള്‍ ഫോണില്‍ വിളിച്ച് ലിയു സിയയ്ക്ക് മെസിയുടെ ചിത്രം നല്‍കരുതെന്നു ഹൊവാഡ് ലാമിനോട് ആവശ്യപ്പെട്ടു. യുഎസിലേക്ക് പോകാനുള്ള ഷോപ്പിങ്ങിനായി മോങ്കോക്ക് ജില്ലയിലാണു താനുള്ളതെന്നു ലാം മറുപടി പറഞ്ഞു. ഉടന്‍ അവിടെയെത്തിയ രണ്ടുപേര്‍ ‘നമുക്ക് ചിലത് സംസാരിക്കാനുണ്ട്’ എന്നുപറഞ്ഞ് ലാമിനെ ബലമായി വാനിലേക്കു കയറ്റി. മര്‍ദ്ദിച്ച് ഫോണ്‍ കൈക്കലാക്കിയശേഷം എന്തോ മണപ്പിച്ചു ബോധം കെടുത്തിയതായും ലാം പറഞ്ഞു.

ബോധമുണര്‍ന്നപ്പോള്‍ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. രണ്ടു പേര്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ലിയുവിനെക്കുറിച്ചായിരുന്നു അവര്‍ക്ക് കൂടുതല്‍ അറിയേണ്ടിയിരുന്നത്. ‘പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്’ എന്നും അവര്‍ ആവര്‍ത്തിച്ചു. ക്രിസ്ത്യാനിയാണോ എന്നുചോദിച്ചശേഷം ‘കുറച്ച് കുരിശ് കൊടുക്കാം’ എന്നുപറഞ്ഞ് അതിലൊരാള്‍ തന്റെ തുടകളില്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ അടിച്ചുകയറ്റി. വേദനകൊണ്ട പുളഞ്ഞപ്പോള്‍ വീണ്ടും ബോധംകെടുത്തി. അടുത്തദിവസം രാവിലെ ഉണരുമ്പോള്‍ ആളില്ലാത്തൊരു ബീച്ചിലായിരുന്നു- ഹൊവാഡ് ലാം മാധ്യമങ്ങളോടു പറഞ്ഞു.

‘തട്ടിക്കൊണ്ടുപോകലും ഭീഷണിയും ആക്രമവും വലിയ കുറ്റമാണ് ഹോങ്കോങ്ങില്‍. ചൈനയോടു ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ആക്രമങ്ങള്‍ ചൈന അവസാനിപ്പിക്കണം, ആവര്‍ത്തിക്കരുത്. സംഭവത്തില്‍ ഹോങ്കോങ്ങ് വിശദമായ അന്വേഷണം നടത്തണമെന്നും ലാമിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലാം ച്യൂക് ടിങ് ആവശ്യപ്പെട്ടു.

Top